തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ കുഴിയെ ചൊല്ലി നിയമസഭയില്‍ ശക്തമായ വാദപ്രതിവാദവുമായി കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍.
സംസ്ഥാനത്തെ കുഴികളില്‍ മനുഷ്യ രക്തം വീഴുന്നു. പൊതുമരാമത്ത് വകുപ്പ് കാലന്റെ തോഴനായി മാറുന്നുവെന്ന് എംഎല്‍എ അടിയന്തരപ്രമേയ നോട്ടീസില്‍ ആഞ്ഞടിച്ചു. റോഡുകളിലെ കുഴിയില്‍ കേരളവും കേന്ദ്രവും പരസ്പരം പഴി ചാരുന്നുവെന്നും പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് റോഡില്‍ കുഴി പെരുകാന്‍ കാരണമെന്നും എല്‍ദോസ് കുന്നപ്പിള്ളി ആരോപിച്ചു.
കുഴികള്‍ എന്നല്ല മുതല കുഴികള്‍ എന്നാണ് പറയേണ്ടതെന്ന് അദ്ദേഹം പരിഹസിച്ചു. ഇതില്‍ നിന്ന് നാടിന്റെ മോചനമാണ് ആവശ്യം. സംസ്ഥാനത്തെ മുഴുവന്‍ റോഡുകളും മോശം അവസ്ഥയിലേക്കാണ്. കമലേശ്വരം കല്ലാട്ടുമുക്ക് റോഡ് ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണുള്ളത്. കോവളത്തേക്കുള്ള വിനോദ സഞ്ചാരത്തെ ഇത് ബാധിക്കുന്നു. റോഡിന്റെ സ്ഥിതി മലയാളിക്ക് അപമാനമാണെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
അതേസമയം റോഡിലെ കുഴി പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം കമലേശ്വരം റോഡിന് ഏഴ് കോടി അനുവദിച്ചുവെന്നു കഴിഞ്ഞവര്‍ഷത്തെ കുഴികള്‍ എല്ലാം നികത്തിയെന്നും സര്‍ക്കാരിനെത്തിരെ ചിലര്‍ തുടര്‍ച്ചയായി അപവാദ പ്രചരണം നടത്തുന്നുവെന്നും മന്ത്രി റിയാസ് പറഞ്ഞു.
'നമ്മളെല്ലാവരും റോഡില്‍ യാത്ര ചെയ്യുന്നവരാണ് നമ്മുടെ കുടുംബങ്ങളും യാത്ര ചെയ്യുന്നു. എത്രയോ അപകടങ്ങള്‍ ഉണ്ടാകുന്നു. ഇത് ഇവിടെ ചര്‍ച്ച ചെയ്യുമ്പോഴും തൃശൂരില്‍ ഒരാള്‍ റോഡ് അപകടത്തില്‍ മരിച്ചു. ഈ കാര്യം പറയുമ്പോള്‍ മന്ത്രി എവിടേക്കാണ് കാടു കയറി പോയതെന്ന് വി.ഡി സതീശന്‍ ചോദിച്ചു.
തൃശൂര്‍ തളിക്കുളം ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ പഴങ്ങി സ്വദേശി സനു സി ജയിംസ്(29)ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ശനിയാഴ്ച അപകടത്തില്‍പ്പെട്ട സനു ചികിത്സയില്‍ ഇരിക്കുകയാണ് മരണപ്പെട്ടത്. അപകടം നടന്ന് പിറ്റേ ദിവസം തന്നെ അധികൃതര്‍ റോഡിലെ കുഴികള്‍ അടച്ചുവെന്ന് സനുവിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.