വൈമാനികന്റെ പോക്കറ്റോളം ചെറുതായ ദിവ്യകാരുണ്യം

വൈമാനികന്റെ പോക്കറ്റോളം  ചെറുതായ ദിവ്യകാരുണ്യം

1961 മെയ് 25​ന് ​ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി, രാജ്യത്തോട് ഇങ്ങനെ ആഹ്വാനം ചെയ്തു "അടുത്ത ഒരു ദശാബ്ദം അവസാനിക്കും മുൻപ്, മനുഷ്യനെ ചന്ദ്രനിൽ എത്തിച്ചു, സുരക്ഷിതമായി തിരിച്ചു ഭൂമിയിൽ എത്തിക്കുക എന്നുള്ളതായിരിക്കണം നമ്മുടെ ലക്ഷ്യം."

എട്ട് വർഷത്തിനു ശേഷം, ആ ആഹ്വാനത്തിനുള്ള മറുപടിയുമായി നാസ എത്തി. ​ആ മറുപടിയുടെ അമ്പത്തി മൂന്നാം വാർഷികമാണ് ഇന്ന് ആഘോഷിക്കുന്നത്.​മനുഷ്യന്റെ കാലടി പാടുകൾ ചന്ദ്രന്റെ മണ്ണിൽ പതിഞ്ഞതിന്റെ ഓർമ്മദിനം.

1969 ജൂലൈ 16നു മൂന്ന് ബഹിരാകാശ സഞ്ചാരികളെയും വഹിച്ചുകൊണ്ട് അപ്പോളോ 11​ ​ചന്ദ്രനിലേക്ക് കുതിച്ചു. എല്ലാവരുടെയും ശ്രദ്ധ അപ്പോളോ 11 ലേക്ക്. മനുഷ്യൻ ആദ്യമായി ചന്ദ്രനെ കീഴടക്കാൻ പോകുന്ന നിമിഷം. 1969 ജൂലൈ 20ന് പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങി. മനുഷ്യന്റെ കാല്പപാടുകൾ ആദ്യമായി ചന്ദ്രന്റെ പ്രതലത്തിൽ പതിക്കാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ, നീൽ ആംസ്ട്രോങ് പേടകത്തിൽ നിന്നും ,ഗോവണി വഴി താഴേക്ക് ഇറങ്ങി, അവസാനത്തെ പടിയിൽ വന്നു നിന്നു. അടുത്ത ചുവടു ചന്ദ്രപ്രതലത്തിൽ വയ്ക്കും മുൻപ് , റേഡിയോയിൽ കൂടി ഒരു സന്ദേശം കൊടുത്തു ലോകത്തിനായി, " മനുഷ്യൻ ചന്ദ്രനിൽ നിന്നും ഒന്നോ രണ്ടോ ഇഞ്ചു മാത്രം അകലെ" ലോകം മുഴുവൻ നിശ്ചലമായി നോക്കി നിന്ന നിമിഷങ്ങൾ. ഇത് പറഞ്ഞിട്ട് ആംസ്റ്റ്രൊങ്ങ്‌ താഴേക്ക് ചാടി , 'ബൗൺസ് ' ചെയ്തു, ഗുരുത്വാകർഷണ ബലം കുറവുള്ള ചന്ദ്രപ്രതലത്തിൽ നിലയുറപ്പിക്കാതെ നടന്നു . തൊട്ടു പിന്നാലെ , എഡ്‌വിൻ ആൽഡ്രിനും ഇറങ്ങി . രണ്ടുപേരും കുട്ടികളെപ്പോലെ ചന്ദ്രോപരിതലത്തിൽ ഒഴുകി നടന്നു. സങ്കീർത്തനം 8 ആലേഖനം ചെയ്ത ഒരു ഫലകം ചന്ദ്രനിൽ സ്ഥാപിച്ചു, ഒപ്പം അമേരിക്കയുടെ ഒരു പതാകയും. 1969 ജൂലൈ 21 നു, മൂവർ സംഘം ഭൂമിയിലേക്ക് യാത്രയായി. ജൂലൈ 24നു പസഫിക് സമുദ്രത്തിൽ, പാരചൂട്ടിൽ വന്നു ഇറങ്ങിയതോടുകൂടി അപ്പോളോ 11 മിഷൻ പൂർത്തിയായി.



ഇത് ലോകം കണ്ടതും അറിഞ്ഞതുമായ കഥ. എന്നാൽ, ലോകത്തിൽ അധികം ആരും അറിയാതെ പോയ മറ്റൊരു മഹാസംഭവം ആ പേടകത്തിനുള്ളിൽ നടന്നു. പേടകം നിശ്ചയിച്ചിരുന്നതുപോലെ ചന്ദ്രനിൽ ഇറങ്ങി; പേടകത്തിൽ നിന്നും ചന്ദ്രനിൽ ഇറങ്ങും മുൻപ്, 5 മണിക്കൂർ വിശ്രമ സമയം വൈമാനികർക്കു ഉണ്ടായിരുന്നു . വിശ്രമവേളയുടെ തുടക്കത്തിൽ, ആൽഡ്രിൻ ഒരു പ്രവർത്തി ചെയ്തു. തന്റെ സ്പേസ് സൂട്ടിന്റെ വലത്തേ പോക്കറ്റിൽ നിന്നും ഒരു പൊതി എടുത്തു തുറന്നു. അതിൽ നിന്നും മൂന്നു വസ്തുക്കൾ പുറത്തെടുത്തു. ഒരു ചെറിയ വെള്ളിക്കാസ, ഒരു തിരുവോസ്തി പിന്നെ ഒരു ചെറിയ കുപ്പിയിൽ കരുതിയിരുന്ന വീഞ്ഞും . കൂടെ ഉള്ള നീൽ ആംസ്ട്രോങ്ങിനോട്, താൻ ഒരു കാര്യം ചെയ്യാൻ പോവുകയാണെന്നു അറിയിച്ചു. "ദിസ് ഈസ് സംതിങ്ങ് ഐ വാണ്ട് ടു ഡു" (ഇത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു) ആൽഡ്രിൻ പറഞ്ഞു. ആംസ്ട്രോങ് കാഴ്ചക്കാരനായി നോക്കി നിന്നതു മാത്രം, പങ്കെടുത്തില്ല. എന്നിട്ടു റേഡിയോയിൽക്കൂടി ഒരു സന്ദേശം ഭൂമിയിലേക്ക് കൈമാറി, "നിങ്ങൾ ആരൊക്കെ എവിടെ ഒക്കെ ആയിരിക്കുന്നുവോ, അവിടെ ആയിരുന്നുകൊണ്ടു നമ്മൾ ഇപ്പോൾ കടന്നുപൊക്കോണ്ടിരിക്കുന്ന ഈ കാര്യങ്ങളെ ധ്യാനിച്ച്, നിങ്ങളുടേതായ രീതിയിൽ നന്ദി പറയുവിൻ" എന്നിട്ടു, കയ്യിൽ കരുതിയിരുന്ന ഒരു കഷണം കടലാസ് പുറത്തെടുത്തു. സ്വന്തം കൈപ്പടയിൽ എഴുതി കൊണ്ടുവന്ന ഒരു ബൈബിൾ വാക്യം സ്വയം വായിച്ചു. "ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. " (യോഹന്നാന്‍ 15:5). അതിനുശേഷം വീഞ്ഞിന്റെ കുപ്പി തുറന്ന് , വെള്ളിക്കാസയിലേക്കു വീഞ്ഞ് പകർന്നു. ഭൂമിയുടെ ആറിൽ ഒന്ന് മാത്രം ഗുരുത്വാകർഷണ ബലമുള്ള ചന്ദ്രനിൽ, വീഞ്ഞ് കാസയുടെ രണ്ടു വശങ്ങളിൽ കൂടി മുകളിലേക്ക് ഒഴുകി എന്ന് ആൽഡ്രിൻ സാക്ഷ്യപ്പെടുത്തുന്നു. ഭൂമിയിൽ നിന്നും 240,000 മൈൽ അകലത്തിൽ ഇരുന്നുകൊണ്ട് അപ്പവും വീഞ്ഞും ഉൾകൊണ്ട ആൽഡ്രിൻ പറയുന്നു, ചന്ദ്രനിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ ഭക്ഷണവും പാനീയവും, ആ ഓസ്തിയും വീഞ്ഞും ആയിരുന്നു എന്ന് .

എന്തുകൊണ്ട് ആൽഡ്രിൻ ലോകത്തോട് പറഞ്ഞില്ല താൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന്. എന്തുകൊണ്ട് എല്ലാവരോടും മൗനമായി നന്ദി പറയാൻ മാത്രം ആവശ്യപ്പെട്ടു?​ ​കാരണം മറ്റൊന്നുമല്ല, ലോകത്തോട് അത് വെളിപ്പെടുത്തുന്നതിൽ നിന്നും ആൽഡ്രിനെ നാസ വിലക്കിയിരുന്നു.
ആൽഡ്രിൻ ദിവ്യകരുണ്യം തന്റെ ഒപ്പം ചന്ദ്രനിലേക്ക് കൊണ്ടുപോയതും അവിടെ വച്ച് ദിവ്യകാരുണ്യം ഉൾക്കൊണ്ടതും, ബ്രോഡ്‌കാസ്റ് ചെയുന്നതിൽനിന്നും നാസ, വിലക്കിയതിന്റെ കാരണം കണ്ടെത്താൻ അല്പം പിറകിലേക്ക് പോകണം, അപ്പോളോ 8 മിഷനിലേക്കു.

അപ്പോളോ 8​ മിഷൻ ​

1968 ഡിസംബർ 21, അപ്പോളോ 8, മൂന്നു ബഹിരാകാശ സഞ്ചാരികളെയും വഹിച്ചുകൊണ്ട് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിച്ചു. അപ്പോളോ 8ന്റെ ലക്‌ഷ്യം ചന്ദ്രന്റെ ഭ്രമണതലത്തിൽ കൂടി ചുറ്റുക എന്നുള്ളതു മാത്രം ആയിരുന്നു. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാൻ ഉള്ള പദ്ധതിയുടെ ഭാഗമായി, ചന്ദ്രന്റെ അടുത്ത് വരെ എത്തുക, ചന്ദ്രനെപ്പറ്റി കൂടുതൽ അറിയുക, അതിനനുസരിച്ചു 'സാങ്കേതികമായ ' പദ്ധതികൾ രൂപകൽപന ചെയ്യുക. അപ്പോളോ 8, ഭൂമി വിടുമ്പോൾ, അതിലുള്ള മൂന്നുപേരും തിരിച്ചെത്തും എന്ന്, ഉറപ്പുണ്ടായിരുന്നില്ല. " ഡീപ് സ്പേസ്‌"ൽ എത്തിയ അവരെ ഭൂമിയുടെ ഗുരുത്വാകർഷണ ബലം ഇനി താഴേക്ക് വലിക്കില്ല എന്ന് തിരിച്ചറിഞ്ഞു. മൂവരും അങ്ങേയറ്റം, കൗതുകത്തോടുകൂടി ചന്ദ്രന്റെ അടുത്തുനിന്നും, ഭൂമിയെ നോക്കി കണ്ടു. അതിമനോഹരമായ ആ കാഴ്ച അവരിൽ കൂടുതൽ കൗതുകം ഉളവാക്കി. ചന്ദ്രനെക്കാൾ കൂടുതലായി ഭൂമിയെപ്പറ്റി ചിന്തിക്കാൻ അത് അവരെ പ്രേരിപ്പിച്ചു. 10 മണിക്കൂർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ കൂടി സഞ്ചരിച്ചു , ഈ പ്രപഞ്ചത്തെയും അതിന്റെ നിഗൂഢതകളെയും കുറിച്ച് കൂടുതൽ ബോധവാന്മാരായ അവർ ,ഡിസംബർ 24ന് , ഒരു ലൈവ് ബ്രോഡ്‌കാസ്റ് ചെയ്തു, ചന്ദ്രമണ്ടലത്തിൽ നിന്നും ഭൂമിയിലേക്ക് : ഒരു ക്രിസ്തുമസ് സന്ദേശം ഭൂമിയിൽ ഉള്ളവർക്കായി. അവരുടെ സന്ദേശം മറ്റൊന്നും ആയിരുന്നില്ല. അവർ ചെയ്തുകൂട്ടിയ മഹാകാര്യങ്ങളോ, അവരുടെ കഴിവുകളോ, അവർ ചെയ്ത ത്യാഗങ്ങളോ ഒന്നും ആയിരുന്നില്ല . പകരം അവർ ചെയ്തത് ഇതാണ് ; ബൈബിൾ തുറന്ന് , ഉൽപ്പത്തി പുസ്തകം ഒന്നാം ആധ്യായം മൂന്ന് പേരും മാറി മാറി വായിച്ചു. "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി....."(ഉല്പത്തി പുസ്തകം ഒന്നാം അധ്യായം ) . ഒടുവിൽ ഭൂമിയിൽ ഉള്ളവർക്ക് "മെറി ക്രിസ്മസ് "പറഞ്ഞു, ബ്രോഡ്‌കാസ്റ്റിംഗ്‌ അവസാനിപ്പിച്ചു .

എന്നാൽ ഇത് ഭൂമിയിലുള്ള ചിലർക്ക് ദഹിച്ചില്ല .മാഡലിൻ മുറേ ഒഹയർ എന്ന നിരീശ്വരവാദിയും ആക്ടിവിസ്റ്റുമായ ഒരു സ്ത്രീ അവരുടെ ഭർത്താവുമായി ചേർന്ന് നാസക്കെതിരെ കേസ് കൊടുത്തു. മതത്തെയും രാഷ്ട്രത്തെയും കൂട്ടിക്കലർത്താൻ പാടില്ല എന്ന ഭരണഘടനാ നിയമം നാസ ലംഘിച്ചു എന്നതായിരുന്നു അവരുടെ വാദം .നാസ 'പ്രോ ക്രിസ്ത്യാനിറ്റി' ആണെന്നു അവർ ആരോപിച്ചു. ആ കേസ് തള്ളി പോയി. നാസ പറഞ്ഞ പ്രകാരമല്ല അവർ അതു വായിച്ചതെന്നും , വായിച്ചവർ അവരുടെ ഇഷ്ടത്തിന് ചെയ്തതാണെന്നും നാസ വാദിച്ചു. ആ മൂവർ സംഘത്തോട് നാസ ആവശ്യപ്പെട്ടത് ഒന്ന് മാത്രം ആയിരുന്നു, "ചന്ദ്ര മണ്ഢലത്തിൽ നിന്നും നിങ്ങൾക്കി‌ഷ്ടമുളള, ഉചിതമായ ഒരു ക്രിസ്മസ് സന്ദേശം ഭൂമിയിലുള്ളവർക്കു കൊടുക്കുക". അവർക്കു, അതിലും ഉചിതമായ മറ്റൊരു സന്ദേശം ആ സമയത്തു കണ്ടെത്താൻ കഴിഞ്ഞിരിക്കില്ല. വീണ്ടും  നിയമത്തിന്റെ നൂലാമാലകളിൽ പോയി പെടാതിരിക്കാനാണ് ആൽഡ്രിനെ അന്ന് നാസ വിലക്കിയത്.

സീക്രെട് ടെറർ അലട്ടിയിരുന്ന പേടകത്തിലെ നിശബ്ദനായ  മൂന്നാമൻ

അപ്പോളോ 11, ചന്ദ്രപര്യടന ദൗത്യതിൽ ഉൾപ്പെട്ടിരുന്നതു മൂന്നു പേർ. എന്നാൽ കൂടുതൽ അറിയപ്പെടുന്നത് രണ്ടുപേർ മാത്രം;നീൽ ആംസ്‌ട്രോങ്ങും ബസ്സ് ആൽഡ്രിനും. മൂന്നാമൻ എപ്പോഴും നിശബ്ദനായിരുന്നു. ആരാണ് അവഗണിക്കപ്പെട്ടു എന്ന തോന്നുന്ന ആ മൂന്നാമൻ? ചന്ദ്രൻവരെ എത്തിയിട്ട് ,അവിടെ കാല് കുത്താൻ പോലും അവസരം ലഭിക്കാതിരുന്ന ഇദ്ദേഹം, ചന്ദ്രനിൽ ഇറങ്ങാൻ സാധിക്കില്ല എന്ന് അറിഞ്ഞുകൊണ്ടാണ് ആ ഉത്തരവാദിത്ത്വം ഏറ്റെടുത്തത്. മറ്റു രണ്ടുപേരേക്കാൾ , അധ്വാനം, ഉത്തരവാദിത്ത്വം ഇവ ഒട്ടും കുറവല്ല; അവരോടുമോപ്പമോ അതിൽ കൂടുതലോ ഉത്തരവാദിത്വം ഏറ്റെടുത്ത ആൾ ! എങ്കിലും ലോകത്തിന്റെ മുൻപിൽ ആ പേര് അധികം പറഞ്ഞു കേൾക്കാറില്ല; മറ്റു രണ്ടു പേർക്ക് കിട്ടുന്ന പ്രശംസയും അംഗീകാരവും അദ്ദേഹത്തിന് കിട്ടിയിട്ടുമില്ല! പലർക്കും അറിയില്ല ആ മൂന്നാമനെ. ടെസ്റ്റ് പൈലറ്റ് ആയി മിലിറ്ററിയിൽ ജോലി തുടങ്ങി. 1953ൽ നാസ അദ്ദേഹത്തെ ബഹിരാകാശ ഗവേഷകനായി തെരഞ്ഞെടുത്തു. അപ്പോളോ മിഷൻ പദ്ധതി രൂപകൽപന ചെയ്തപ്പോൾ 'കമാൻഡ് മൊഡ്യൂൾ പൈലറ്റ് ' ആയി അദ്ദേഹത്തെ നിയമിച്ചു. ( പേടകത്തിന് ലൂണാർ മൊഡ്യൂൾ- ചന്ദ്രനിൽ ഇറങ്ങുന്ന ഭാഗം-കമ്മാന്റ് മൊഡ്യൂൾ എന്നിങ്ങനെ രണ്ടു ഭാഗമാണ് )പേടകത്തിന്റെ കമാൻഡ് മൊഡ്യുളിൽ ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ചന്ദ്രനിൽ ഇറങ്ങുന്ന തന്റെ സഹപ്രവർത്തകർക്കു വേണ്ട സാങ്കേതിക സഹായം ചെയ്തു കൊടുക്കുക, ചന്ദ്രോപരിതലത്തിലെ അവരുടെ ദൗത്യം പൂർത്തിയായിക്കഴിയുമ്പോൾ അവരെ കൂടെ കൂട്ടി, ഭൂമിയിലേക്ക് തിരിക്കുക തുടങ്ങിയവ മൈക്കിൾ കോളിൻസ് എന്ന ഈ മൂന്നാമന്റെ ഗൗരവമേറിയ ദൗത്യങ്ങളിൽ ചിലതു മാത്രം.

ബഹിരാകാശ പേടകത്തിന്റെ 'ലൂണാർ മൊഡ്യൂളി'ൽ ആയിരുന്ന മറ്റുരണ്ടുപേരും, ചന്ദ്രനിൽ ഇറങ്ങിയപ്പോൾ ,മൈക്കിൾ തന്റെ കമാൻഡ് മോഡ്യുളിൽ , ചന്ദ്രപ്രതലത്തിൽനിന്നും 60 മൈൽ ഉയരത്തിൽ ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്നു. ചില സന്ദർഭങ്ങളിൽ ഭൂമിയുമായിട്ടുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ചന്ദ്രന്റെ ഇരുട്ടുമൂടിയ മറു വശത്തുകൂടി, ആരുമായും ബന്ധമില്ലാതെ തനിയെ പറക്കേണ്ടിവന്നു. ആ സമയത്തൊക്കെ തനിച്ചു ഭയം തോന്നിയില്ലേ എന്ന ചോദ്യത്തിന് മൈക്കിളിന്റെ മറുപടി, ഭയം ഉണ്ടായിരുന്നില്ല , എന്നാൽ ഒരു' സീക്രെട് ടെറർ ' തന്നെ അലട്ടിയിരുന്നു എന്നാണ്. ആല്ഡ്രിനെയും ആമസ്ട്രോങ്ങിനെയും നഷ്ടപ്പെടുമോ, ഭൂമിയിലേക്ക് തനിയെ തിരികെ പോരേണ്ടി വരുമോ എന്നുള്ള ചിന്ത അദ്ദേഹത്തെ അലട്ടിയിരുന്നുവത്രേ . ആൽഡ്രിന്റെയും ആംസ്‌ട്രോങ്ങിന്റെയും ചന്ദ്രോപരിതലത്തിലെ ദൗത്യം പൂർത്തിയായിക്കഴിയുമ്പോൾ, അവരെ കൂടെ കൂട്ടേണ്ട ഉത്തരവാദിത്വം ആണ് മൈക്കിളിന്റേത്. അവർ ചന്ദ്രനിൽ ഇറങ്ങിയ പേടകം ( ലൂണാർ മൊഡ്യൂൾ) പറന്നുയരണം; ചന്ദ്രനെ ചുറ്റി നിർത്താതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മൈക്കിളിന്റെ പേടകവുമായി ബന്ധിപ്പിക്കണം . ആ ഒരു 'പ്രോസസ്സിൽ' എവിടെയെങ്കിലും അപാകത സംഭവിച്ചാൽ, ലൂണാർ മോഡ്യൂളിനെ കമാൻഡ് മോഡ്യുളുമായി ബന്ധിപ്പിക്കാൻ സാധിക്കില്ല . അങ്ങനെ വന്നാൽ അത് ഒരു വല്യ ദുരന്തമായി മാറും. ആൽഡ്രിനും ആംസ്‌ട്രോങ്ങും ചന്ദ്രനിൽ പെട്ടുപോകും. മൈക്കിളിനെ അലട്ടിയിരുന്നതു, ഈ ഒരു ചിന്ത ആയിരുന്നു . വളരെ നിർണ്ണായകമായ ഒരു ദൗത്യം വഹിച്ച മൈക്കിളിനെ , എല്ലാവരും മറന്നു എന്ന് തോന്നാറില്ലേ എന്ന്പ ല ഇന്റർവ്യൂവിലും അദ്ദേഹത്തോട് പലരും ചോദിച്ചു. അദ്ദേഹം ഒരിക്കലും പരാതിപ്പെട്ടില്ല, താൻ ഏറ്റെടുത്ത ദൗത്യത്തിൽ പൂർണ്ണ സന്തോഷവാനാണെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്.


വളരെ വിചിത്രമായ ഒരു വെളിപ്പെടുത്തൽകൂടി അദ്ദേഹം നടത്തി . എത്ര അധികം പരീക്ഷകളും പരീക്ഷണങ്ങളും കഴിഞ്ഞാണ് നാസ ഒരു ശാസ്ത്രജ്ഞനെ തെരഞ്ഞെടുക്കുന്നതു. വീണ്ടും എത്രപേരുമായി മത്സരിച്ചാണ്, ചന്ദ്രപര്യടനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നത്. എത്ര ഘട്ടം പരീക്ഷകൾ കടക്കണം !! ഇതെല്ലാം കഴിഞ്ഞിട്ടും, മൈക്കിൾ സമ്മതിക്കുന്നു ,ചന്ദ്ര യാത്ര തുടങ്ങിയപ്പോൾ 'ക്ലസ്ട്രോഫോബിയ' ( ഇടുക്കു സ്ഥലങ്ങളോടുള്ള ഭയം ) ഉണ്ടായി എന്ന് . എന്നാൽ അത് അപ്പോൾ ആരോടും പറഞ്ഞില്ല , പിന്നീട് ആണ് അദ്ദേഹം ആ യാഥാർഥ്യം വെളിപ്പെടുത്തിയത്. പേടകത്തിൽ പസഫിക്ക് സമുദ്രത്തിൽ പാരച്ചൂടിൽ വന്നിറങ്ങിയ മൂവരും അവിടെനിന്ന് പോയത് ക്വാറന്റൈൻ സെന്ററിലേക്ക്. 21 ദിവസം, ക്വാറന്റൈനിൽ കഴിഞ്ഞു. ചന്ദ്രനിൽ നിന്നും മാരകകാരണങ്ങളായ ഏതെങ്കിലും രോഗാണുക്കളെ കൂടെ കൂട്ടിയിട്ടുണ്ടെങ്കിലോ !!

ഈ ത്രിമൂർത്തികളിൽ രണ്ട് പേർ,'ഫസ്റ്റ് മാൻ ഇൻ ദി മൂൺ ' നീൽ ആംസ്ട്രോങ് 2012ലും മൈക്കിൾ കോളിൻസ് 2021 ലും ഈ ലോകത്തോട് യാത്ര പറഞ്ഞു.

നാലു ലക്ഷത്തിലധികം പേരാണ് ഈ ചന്ദ്രദൗത്യം വിജയത്തിൽ എത്തിച്ചതിന്റെ പിന്നിൽ പ്രവർത്തിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.