ഇന്ധനം തീര്‍ന്നു: പെര്‍ത്തില്‍ ക്വാണ്ടാസ് വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗ് അനുവദിച്ചതില്‍ അന്വേഷണം

ഇന്ധനം തീര്‍ന്നു: പെര്‍ത്തില്‍ ക്വാണ്ടാസ് വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗ് അനുവദിച്ചതില്‍ അന്വേഷണം

പെര്‍ത്ത്: ഇന്ധനം തീര്‍ന്നതായുള്ള സന്ദേശത്തെ തുടര്‍ന്ന് മുന്‍ഗണന മറികടന്ന് ക്വാണ്ടാസ് വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗ് അനുവദിച്ചതില്‍ ഓസ്‌ട്രേലിയന്‍ വ്യാമയാന മേഖലയില്‍ തര്‍ക്കം രൂക്ഷം. വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്യേണ്ടതായ സാഹചര്യം ഉണ്ടായിരുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തര്‍ക്കം രൂക്ഷമായത്. ഇതു സംബന്ധിച്ച് ഓസ്ട്രേലിയന്‍ സേഫ്റ്റി ട്രാന്‍സ്പോര്‍ട്ട് ബ്യൂറോ അന്വേഷണം ആരംഭിച്ചു.

ജൂലായ് 18 ന് ബ്രിസ്ബേനില്‍ നിന്ന് പെര്‍ത്തിലേക്കുള്ള ക്യുഎഫ് 933 ക്വാണ്ടാസ് വിമാനത്തിനാണ് അടിയന്തിര ലാന്‍ഡിംഗിനുള്ള അവസരം വിമാനത്താവള അധികൃതര്‍ നല്‍കിയത്. വിമാനം പെര്‍ത്തിനടുത്തുള്ള വേവ് റോക്കിന് മുകളിലെത്തിയപ്പോള്‍ ക്രൂവില്‍ നിന്നുള്ള അടിയന്തിര സന്ദേശം വിമാനത്താവളത്തിലെ ട്രാഫിക് നിയന്ത്രണ വിഭാഗത്തില്‍ എത്തി. ഇന്ധനം തീര്‍ന്നതായുള്ള സിഗ്നല്‍ കാണിച്ചെന്നും വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്യാനുള്ള അനുമതി നല്‍കണമെന്നുമായിരുന്നു സന്ദേശം.

ഈ സമയം നാല് വിമാനങ്ങള്‍ ലാന്‍ഡിംഗിനായി കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. സന്ദേശത്തിലെ അടിയന്തിര പ്രാധാന്യം മനസിലാക്കിയ ഉദ്യോഗസ്ഥര്‍ എമര്‍ജന്‍സി ലാന്‍ഡിംഗിനുള്ള അനുമതി നല്‍കി. തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന നാല് വിമാനങ്ങളെ മറികടന്ന് ക്വാണ്ടാസ് വിമാനം ലാന്‍ഡ് ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആവശ്യത്തിനുള്ള ഇന്ധനം വിമാനത്തില്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്.

വിമാനം ബ്രിസ്ബേനില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് പെര്‍ത്തില്‍ ലാന്‍ഡിംഗിനായി കാത്തു നില്‍ക്കേണ്ടി വരുന്ന 10 മിനിറ്റ് നേരത്തേക്കുള്ള ഇന്ധനം കൂടി കരുതാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പൈലറ്റുമാരെ ഉപദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി അധിക ഇന്ധനം നിറച്ചാണ് വിമാനം പറന്നുയര്‍ന്നത്. എന്നാല്‍ പെര്‍ത്തില്‍ ലാന്‍ഡിംഗിനായി 16 മിനിറ്റോളം വേണ്ടി വരുമെന്ന് കണ്ടപ്പോഴാണ് 10 മിനിറ്റിന് ശേഷം അടിയന്തിര ലാന്‍ഡിംഗിനുള്ള അനുമതിക്കായി ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ സമീപിച്ചതെന്ന് പൈലറ്റുമാരില്‍ പ്രധാനി പറഞ്ഞു.

പക്ഷെ ലാന്‍ഡിംഗിന് ശേഷവും 30 മിനിറ്റുകൂടി ആകാശത്ത് പറക്കാനുള്ള ഇന്ധനം വിമാനത്തിലുണ്ടെന്ന് കണ്ടെത്തിയതാണ് തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയത്. എന്നാല്‍ തങ്ങളുടെ പൈലറ്റുമാര്‍ ശരിയായ നടപടി ക്രമങ്ങള്‍ പാലിച്ചാണ് എമര്‍ജെന്‍സി ലാന്‍ഡിംഗിനുള്ള സന്ദേശം നല്‍കിയതെന്ന് ക്വാണ്ടാസ് വിമാനക്കമ്പനി അധികൃതര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.