ട്രംപിന്റെ സാന്നിധ്യത്തില്‍ ഇവാനയ്ക്ക് യാത്രയയപ്പ്; സംസ്‌കാരം ന്യൂയോര്‍ക്കില്‍ നടത്തി

ട്രംപിന്റെ സാന്നിധ്യത്തില്‍ ഇവാനയ്ക്ക് യാത്രയയപ്പ്; സംസ്‌കാരം ന്യൂയോര്‍ക്കില്‍ നടത്തി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ ആദ്യ ഭാര്യയും വ്യവസായിയുമായ ഇവാന ട്രംപിന്റെ സംസ്‌കാരം ന്യൂയോര്‍ക്കില്‍ നടത്തി. മാന്‍ഹട്ടനിലെ വീടിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ സെന്റ് വിന്‍സെന്റ് ഫെറര്‍ കത്തോലിക്ക പള്ളിയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.

വൈറ്റ് ഹൗസ് വരെയുള്ള തന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച ഇവാനയെ വികാരാധീനനായാണ് ട്രംപ് അനുസ്മരിച്ചത്. 1980-കളില്‍ ഫാഷന്‍ ഐക്കണും ബിസിനസുകാരിയുമായിരുന്ന ഇവാനയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ മക്കളും പേരക്കുട്ടികളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് എത്തിയത്.

ട്രംപിന്റെ രണ്ടാം ഭാര്യ മാര്‍ല മാപ്പിള്‍സും മകള്‍ ടിഫാനി ട്രംപും നിലവിലെ ഭാര്യ മെലാനിയ ട്രംപും മകന്‍ ബാരനും ചടങ്ങില്‍ പങ്കെടുത്തു. ഇവാന ട്രംപിന്റെ ദീര്‍ഘകാല സുഹൃത്തും പ്രശസ്ത ഫാഷന്‍ ഡിസൈനറുമായ ഡെന്നിസ് ബാസോയും ദുഃഖാചരണത്തില്‍ പങ്കെടുത്തു.

'വളരെ സങ്കടകരമായ ദിവസം, എന്നാല്‍ അതേ സമയം മനോഹരമായ ഒരു ജീവിതത്തിന്റെ ആഘോഷം' - ഇവാനയെക്കുറിച്ച് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

കഴിഞ്ഞ 14-ന് 73-ാം വയസില്‍ മാന്‍ഹട്ടനിലെ വീടിന്റെ കോണിപ്പടിയില്‍നിന്നു വീണാണ് ഇവാന ട്രംപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപകട മരണമാണെന്നാണ് ന്യൂയോര്‍ക്ക് സിറ്റി ചീഫ് മെഡിക്കല്‍ എക്സാമിനര്‍ കണ്ടെത്തിയത്. മരണത്തിന് മുന്‍പായി ഇവാനയ്ക്ക് ഇടുപ്പിന് വേദനയുണ്ടായിരുന്നതായും നടക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. വീഴ്ച്ചയിലേറ്റ പരിക്കാണ് മരണകാരണമായത്.

50 വര്‍ഷത്തിലേറെയായി ട്രംപും ഇവാനയും ന്യൂയോര്‍ക്ക് സിറ്റിയിലെ മാര്‍ബിള്‍ കൊളീജിയറ്റ് ചര്‍ച്ചില്‍ ഞായറാഴ്ച ശുശ്രൂഷകളില്‍ പങ്കെടുത്തിരുന്നു. 1977-ല്‍ ഇവിടെ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ട്രംപിന്റെ ബിസിനസ് വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് ഇവാന വഹിച്ചത്. 1992-ല്‍ ദമ്പതികള്‍ വിവാഹമോചനം നേടി. ഡോണാള്‍ഡ് ട്രംപ് ജൂനിയര്‍, ഇവാങ്ക, എറിക് എന്നിങ്ങനെ മൂന്ന് മക്കളാണ് ഇരുവര്‍ക്കുമുള്ളത്.

വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ ബിസിനസിലൂടെയും നിരവധി പുസ്തകങ്ങള്‍ എഴുതിയും സജീവമായിരുന്നു ഇവാന.

വിവാഹമോചനത്തിനു ശേഷം സമീപവര്‍ഷങ്ങളായി ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു. 2016 ലെ പ്രസിഡന്‍ഷ്യല്‍ കാമ്പെയ്നില്‍ ട്രംപിന്റെ വിജയത്തിനായി വലിയ പിന്തുണയാണ് ഇവാന നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.