നയതന്ത്ര ചാനല്‍ ഉപയോഗിച്ച് കെ.ടി ജലീല്‍ അനധികൃത ഇടപാടുകള്‍ നടത്തി; സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത്

നയതന്ത്ര ചാനല്‍ ഉപയോഗിച്ച് കെ.ടി ജലീല്‍ അനധികൃത ഇടപാടുകള്‍ നടത്തി; സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത്

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങള്‍. ജലീലും കോണ്‍സല്‍ ജനറലും അനധികൃത ഇടപാടുകള്‍ നടത്തിയതായി സത്യവാങ്മൂലത്തില്‍ സ്വപ്ന ആരോപിച്ചു.

യുഎഇ ഭരണാധികാരികളില്‍ നിന്ന് പ്രത്യേക പരിഗണന ലഭിക്കുന്നതിനായി ജലീല്‍ ശ്രമം നടത്തി. നയതന്ത്ര ചാനല്‍ ഉപയോഗിച്ചായിരുന്നു അനധികൃത ഇടപാടുകള്‍ നടത്തിയത്. ഇത്തരത്തില്‍ പ്രത്യേക പരിഗണന ലഭിച്ചാല്‍ കൂടുതല്‍ ബിസിനസ് ചെയ്യാനാകുമെന്ന് ജലീല്‍ പറഞ്ഞു. എല്ലാ കാര്യത്തിലും മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് കോണ്‍സല്‍ ജനറലിന് ജലീല്‍ ഉറപ്പുനല്‍കിയെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

ജലീലുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞിരുന്നു. ഗള്‍ഫ് മേഖലയില്‍ മാധ്യമം പത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇ ഭരണാധികാരിയ്ക്ക് ജലീല്‍ കത്തയച്ചെന്നും സ്വപ്ന വ്യക്തമാക്കുന്നു. അയച്ചെന്ന് ആരോപിക്കുന്ന കത്ത് ഉള്‍പ്പടെയുള്ള രേഖകളും സ്വപ്ന കോടതിയില്‍ സമര്‍പ്പിച്ചു.

അതേസമയം, സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ സ്വപ്നയുടെ രഹസ്യമൊഴി സുപ്രീം കോടതിക്ക് നല്‍കാന്‍ തയ്യാറാണെന്ന് ഇ.ഡി അറിയിച്ചു. കോടതി ആവശ്യപ്പെട്ടാല്‍ മൊഴി മുദ്രവച്ച കവറില്‍ നല്‍കാമെന്നാണ് ഇ.ഡി രേഖാമൂലം കോടതിയെ അറിയിച്ചത്.

സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയിലാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നിലപാട് വ്യക്തമാക്കിയത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഇ.ഡി ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സ്വപ്‌നയുടെ ആരോപണങ്ങളെല്ലാം കെ.ടി ജലീല്‍ നിക്ഷേധിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.