മാര്‍ഗനിര്‍ദേശ ലംഘനം; 12 മില്യണ്‍ പാകിസ്താന്‍ വീഡിയോകള്‍ ടിക്‌ ടോക്‌ നീക്കം ചെയ്തു

മാര്‍ഗനിര്‍ദേശ ലംഘനം; 12 മില്യണ്‍ പാകിസ്താന്‍ വീഡിയോകള്‍ ടിക്‌ ടോക്‌ നീക്കം ചെയ്തു

ഇസ്ലാമാബാദ്: മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെതുടര്‍ന്ന് പന്ത്രണ്ട് മില്യണ്‍ പാകിസ്താനി വീഡിയോകള്‍ നീക്കം ചെയ്ത് ടിക്‌ ടോക്‌. ഈ വര്‍ഷം ആദ്യ പകുതിയില്‍ നടത്തിയ സര്‍വ്വേ പ്രകാരം കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ടിക്‌ ടോക്‌ പ്ലാറ്റ്ഫോമില്‍ നിന്ന് ഏറ്റവും കൂടുതല്‍ വീഡിയോകള്‍ നീക്കം ചെയ്തതില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് പാകിസ്താന്‍.

ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോം ആയ ടിക്‌ ടോക്കില്‍നിന്ന് ആഗോളതലത്തില്‍ 102.3 ദശലക്ഷം വീഡിയോകളാണ് നീക്കം ചെയ്തത്. അമേരിക്കയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ വീഡിയോകള്‍ നീക്കം ചെയ്തിട്ടുള്ളത്. ഇത് മൊത്തം അപ്ലോഡ് ചെയ്ത ഉള്ളടക്കത്തിന്റെ ഏകദേശം ഒരു ശതമാനം വരും.

സുരക്ഷ, ആധികാരികത എന്നിവ ഉറപ്പു വരുത്താന്‍ രൂപീകരിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് വീഡിയോകള്‍ നീക്കം ചെയ്തതെന്ന് ടിക്‌ ടോക്‌ വിശദീകരിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച് പാകിസ്താനില്‍ കാണുന്നതിന് മുന്‍പ് നീക്കം ചെയ്ത വീഡിയോകളുടെ നിരക്ക് 96.5 ശതമാനവും 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്തതിന്റെ നിരക്ക് 97.3 ശതമാനവുമാണ്.

റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പോസ്റ്റ് ചെയ്ത 41,191 വീഡിയോകള്‍ നീക്കം ചെയ്തു.

റഷ്യന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള 49 മീഡിയ അക്കൗണ്ടുകളില്‍ നിന്നുള്ള ഉള്ളടക്കവും ടിക്‌ ടോക് ലേബല്‍ ചെയ്തിട്ടുണ്ട്. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനും ഉപയോക്താക്കളെ അവരുടെ ഐഡന്റിറ്റിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കാനുമുള്ള ഏകോപിത ശ്രമങ്ങള്‍ക്കായി ആഗോളതലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആറ് നെറ്റ് വര്‍ക്കുകളും 204 അക്കൗണ്ടുകളും കണ്ടെത്തി നീക്കം ചെയ്തു.

ടിക് ടോക്കിന്റെ പരസ്യ നയങ്ങള്‍ ലംഘിച്ചതിന് നീക്കം ചെയ്ത പരസ്യങ്ങളുടെ ശതമാനത്തില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.