ചൂടില്‍ വെന്തുരുകി അമേരിക്ക: മിക്കയിടത്തും റെക്കോഡ് താപനില; ഒരു മരണം

ചൂടില്‍ വെന്തുരുകി അമേരിക്ക: മിക്കയിടത്തും റെക്കോഡ് താപനില; ഒരു മരണം

വാഷിങ്ടണ്‍: യൂറോപ്പിന് പിന്നാലെ അമേരിക്കയും കടുത്ത ചൂടില്‍. തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഇതിനോടകം റെക്കോഡ് ഉഷ്ണതരംഗം രേഖപ്പെടുത്തി. മിക്ക സംസ്ഥാനങ്ങളിലും താപനില 100 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് (38 ഡിഗ്രി സെല്‍ഷ്യസ്) ഉയര്‍ന്നു, ചില പ്രദേശങ്ങളില്‍ അത് 110 ഡിഗ്രിയിലുമെത്തി. അമേരിക്കയുടെ ചരിത്രത്തിലെ കൂടിയ ചൂട് തരംഗമാണിത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും റെക്കോഡ് ചൂടാണ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും 90നും മുകളില്‍ ചൂട് രേഖപ്പെടുത്തി. മധ്യ-അറ്റ്‌ലാന്റിക് മേഖലയിലും വടക്കുകിഴക്കന്‍ മേഖലകളിലും അപകടകരമാവിധം ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ടെക്സാസിലെ ഡാളസ് കൗണ്ടിയില്‍ ഈ വര്‍ഷത്തെ ആദ്യ ഉഷ്ണ മരണം റിപ്പോര്‍ട്ട് ചെയ്തു. 66 വയസുള്ള സ്ത്രീ ആണ് മരിച്ചത്. കഴിവതും ആരും പുറത്തിറങ്ങരുതെന്നും ശരീരത്തിലെ ജലാംശം നിലനിര്‍ത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

കടുത്ത ചൂടു മൂലം ഫിലാഡല്‍ഫിയയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. വീടുകള്‍ തോറും സഞ്ചരിച്ച് പരിശോധനകളും ബോധവത്കരണവും നടത്താന്‍ ഫീല്‍ഡ് ടീമിനെ ആരോഗ്യ വകുപ്പ് നിയോഗിച്ചു. ഭവനരഹിതരായ ആളുകളെ കണ്ടെത്തി സുരക്ഷിതമായി പാര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറുപ്പില്‍ പറയുന്നു. വരും ദിവസങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ സ്റ്റേറ്റ് കമ്മീഷണര്‍ ജാക്കി ബ്രേ പറഞ്ഞു.



കാലിഫോര്‍ണിയ, ടെക്സാസ്, അര്‍ക്കന്‍സാസ്, ഒക്ലഹോമ, കന്‍സാസ്, മിസോറി, ടെന്നസി എന്നിവിടങ്ങളിലും നൂറ് ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളില്‍ ചൂട് രേഖപ്പെടുത്തി. ജനസംഖ്യയുടെ 85 ശതമാനത്തിലധികം ആളുകളും കടുത്ത ചൂടിന്റെ പിടിയിലാണ്. 60 ദശലക്ഷത്തിലധികം ആളുകള്‍ 100 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളില്‍ ചൂട് അനുഭവിക്കുന്നവരാണ്.

ടെക്‌സസിലെ അബിലീനില്‍ ബുധനാഴ്ച താപനില 110 ഡിഗ്രി ഫാരന്‍ഹീറ്റിലെത്തി. 1936 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ചൂടാണ് ബുധനാഴ്ച്ച രേഖപ്പെടുത്തിയത്. ടെക്‌സാസിലെ സാന്‍ അന്റോണിയോയില്‍ 104 ഡിഗ്രി ചൂടും രേഖപ്പെടുത്തി. 1996 ല്‍ രേഖപ്പെടുത്തിയ 101 ഡിഗ്രിയെയാണ് ഇത് മറുകടന്നത്. കഴിഞ്ഞ 44 ദിവസങ്ങള്‍ക്കിടെ 38 ദിവസങ്ങളിലും ഓസ്റ്റിനില്‍ 100 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളിലായിരുന്നു താപനില. വൈദ്യുതി ഉപയോഗം പരിമിതപ്പെടുത്താന്‍ മേയര്‍ സ്റ്റീവ് അഡ്ലര്‍ നിര്‍ദേശം നല്‍കി.

അര്‍ക്കന്‍സാസിലെ ഫയെറ്റ്വില്ലെയിലും താപനില 103 ഡിഗ്രി ഫാരന്‍ഹീറ്റ് എന്ന റെക്കോഡ് സംഖ്യയിലേക്ക് ഉയര്‍ന്നു. 2012 ല്‍ 102 ഡിഗ്രി രേഖപ്പെയുത്തിയതാണ് ഇതിനു മുന്‍പുണ്ടായ ഉയര്‍ന്ന താപനില. മറ്റൊരു അര്‍ക്കന്‍സാസ് നഗരമായ മൗണ്ടന്‍ ഹോമില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് 107 ഡിഗ്രി രേഖപ്പെടുത്തി. 2012 ലെ 102 ഡിഗ്രി ഫാരന്‍ഹീറ്റ് എന്ന റെക്കോഡിനെയാണ് മറികടന്നത്. കാലിഫോര്‍ണിയയിലെ നീഡില്‍സില്‍ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഒരിക്കല്‍ പോലും താപനില 95 ഡിഗ്രി ഫാരന്‍ഹീറ്റില്‍ താഴ്ന്നിട്ടില്ല. ഗാല്‍വെസ്റ്റണില്‍ ഏറ്റവും താഴന്ന താപനില 86 ഡിഗ്രിയും ഹ്യൂസ്റ്റണില്‍ 81 ഡിഗ്രിയും അര്‍ക്കന്‍സാസില്‍ 82 ഡിഗ്രി ഫാരന്‍ഹീറ്റുമായിരുന്നു.



കാട്ടുതീക്കും ഉഷ്ണക്കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കാലാവസ്ഥ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വരള്‍ച്ച നേരിടുന്നതിനുള്ള മുന്നോരക്കങ്ങളും ആരംഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ടെക്‌സാസിലെ 84 ശതമാനത്തോളം പ്രദേശവും വരള്‍ച്ചയുടെ പിടിയിലാണ്. ഒക്ലഹോമ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരള്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. അര്‍ക്കന്‍സാസ്, മിസോറി സംസ്ഥാനങ്ങളില്‍ മുന്നിലൊന്ന് മേഖലകളിലും വരള്‍ച്ചയുടെ പിടിയിലായി.

കടുത്ത വരള്‍ച്ച മൂലം പത്തുവര്‍ഷത്തിലേറെയായി കാണാത്ത വിധം ക്ഷീരകര്‍ഷകര്‍ തങ്ങളുടെ കന്നുകാലികളെ വിറ്റു തുടങ്ങിയിരിക്കുകയാണ്. വളര്‍ത്തുമൃഗങ്ങള്‍ക്ക് വെള്ളം പോലും കൊടുക്കാന്‍ കഴിയാത്ത വിധം വരള്‍ച്ച ബാധിച്ചു. ടാങ്കുകളും കുളങ്ങളും വറ്റുവരണ്ടു. പുല്‍മേടുകള്‍ കരിഞ്ഞുണങ്ങി. എങ്ങും പുല്ലു പോലും കിട്ടാതായി. ഇതോടെ കശാപ്പുകാര്‍ക്ക് കുറഞ്ഞ വിലയില്‍ കന്നുകാലികളെ വില്‍കേണ്ട അവസ്ഥയിലായിരിക്കുകയാണ് ക്ഷീരകര്‍ഷകര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.