അമേരിക്കയില്‍ ഇനി 'അകം' കാണുന്ന സ്‌കൂള്‍ ബാഗുകള്‍; നടപടി ഉള്‍വാള്‍ഡെ കൂട്ടക്കൊലയെ തുടര്‍ന്ന്

അമേരിക്കയില്‍ ഇനി 'അകം' കാണുന്ന സ്‌കൂള്‍ ബാഗുകള്‍; നടപടി ഉള്‍വാള്‍ഡെ കൂട്ടക്കൊലയെ തുടര്‍ന്ന്

ഡാളസ്: ഉള്‍വാള്‍ഡെ സ്‌കൂളിലെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ സുതാര്യ (അകം കാണുന്ന) ബാഗുകള്‍ ഉപയോഗിക്കണമെന്ന് ഡാളസ് സ്‌കൂള്‍ ഡിസ്ട്രിക്ട് നിര്‍ദേശം. ബാഗിനുള്ളില്‍ തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കൊണ്ടുവരുന്നത് തടയാനാണ് നടപടി. ടെക്‌സാസ് സംസ്ഥാനത്തെ മറ്റ് സ്‌കൂള്‍ ഡിസ്ട്രിക്ടുകളും ഈ രീതി പിന്തുടരുന്നത് നല്ലതാകുമെന്നും ഡാളസ് സ്‌കൂള്‍ ഡിസ്ട്രിക്ട് അഭിപ്രായപ്പെട്ടു.

ടെക്‌സാസിലെ രണ്ടാമത്തെ വലിയ പബ്ലിക് സ്‌കൂള്‍ ഡിസ്ട്രിക്ടായ ഡാളസ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ടിലെ ആറ് മുതല്‍ 12 ഗ്രേഡ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പുതിയ നിയമം ബാധകമാകുന്നത്. മറ്റ് തരത്തിലുള്ള ബാഗുകള്‍ അനുവദനീയമല്ല. 2022-2023 അധ്യയന വര്‍ഷം ആരംഭിക്കുന്ന ഓഗസ്റ്റ് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും സ്‌കൂള്‍ ഡിസ്ട്രിക് അധികൃതര്‍ അറിയിച്ചു.

'വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ പരിഷ്‌കാരം. ജില്ല സുരക്ഷാ ടാസ്‌ക് ഫോഴ്സിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും അഭിപ്രായങ്ങള്‍ നേടിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്നും സ്‌കൂള്‍ ഡിസ്ട്രിക്ട് പ്രസ്താവനയില്‍ പറഞ്ഞു.

ടെക്‌സാസിലെ ഉവാള്‍ഡെ റോബ് എലിമെന്ററിക്കുള്ളില്‍ ഒരു തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ 19 കുട്ടികളും രണ്ട് അധ്യാപകരും കൊലപ്പെട്ടതിന് ശേഷം സ്‌കൂളുകളുടെ അന്തരീക്ഷം കടുത്ത അരക്ഷിതാവസ്ഥയിലായിരുന്നു. ഇത്തരം ആക്രമണങ്ങള്‍ക്ക് സ്‌കൂള്‍ ബാഗുകള്‍ സുരക്ഷാ ഭീഷണിയാകുന്നതായി സ്‌കൂള്‍ അധികൃതര്‍ വിലയിരുത്തി. ഇത് ടെക്‌സാസില്‍ മാത്രമല്ല രാജ്യത്താകെ സ്‌കൂള്‍ ഡിസ്ട്രിക്ടുകളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ പ്രേരകമായി.



ഡാളസില്‍ നിന്ന് 50 മൈല്‍ വടക്കുകിഴക്കായി ഗ്രീന്‍വില്ലിലെ ഒരു സ്‌കൂള്‍ ഡിസ്ട്രിക്ട് ജൂണ്‍ ആദ്യം മുതല്‍ കുട്ടികളുടെ ബാഗുകള്‍ പരിശോധിക്കുന്നത് ആരംഭിച്ചു. അതിന്റെ ഭാഗമായി സ്‌കൂളിലേക്കുള്ള പ്രവേശന കവാടങ്ങളുടെ എണ്ണം കുറച്ചു. സാന്‍ അന്റോണിയോയ്ക്ക് സമീപമുള്ള സെഗ്വിനിലെ ഒരു സ്‌കൂള്‍ ഡിസ്ട്രിക്ടും സൗത്ത്സൈഡ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ടും സാന്‍ അന്റോണിയോയില്‍ നിന്ന് 90 മൈല്‍ വടക്ക് പടിഞ്ഞാറുള്ള ഹാര്‍പ്പര്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ടും കോര്‍പ്പസ് ക്രിസ്റ്റിക്ക് സമീപമുള്ള ഇംഗ്ലെസൈഡ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ടും സമാനമായ തീരുമാനങ്ങള്‍ കൈക്കൊണ്ടു.

വിദ്യാര്‍ത്ഥികളെ മെറ്റല്‍ ഡിറ്റക്ടറുകളിലൂടെ കടത്തിവിടുകയും സംശയം തോന്നുന്ന വിദ്യാര്‍ഥികളുടെ ബാഗുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. സ്‌കൂള്‍ അന്തരീക്ഷം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി ബുള്ളറ്റ്-റെസിസ്റ്റന്റ് ഷീല്‍ഡുകളും സൈലന്റ് പാനിക് അലേര്‍ട്ട് ടെക്‌നോളജി വാങ്ങുന്നതിനും ഉള്‍പ്പടെ 105.5 മില്യണ്‍ ഡോളര്‍ ടെക്സാസില്‍ ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പ്രഖ്യാപിച്ചു.

അതേസമയം പുതിയ ബാക്ക്പാക്ക് നയത്തെ വിമര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഫലപ്രദമല്ലാത്ത സുരക്ഷാ നടപടിയാണിതെന്ന് പാര്‍ക്ക്ലാന്‍ഡിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും വിമര്‍ശിച്ചു. എന്നാല്‍ പണവും ശുചിത്വ ഉല്‍പ്പന്നങ്ങളും ഉള്‍പ്പടെയുള്ള വ്യക്തിഗത ഇനങ്ങള്‍ സുതാര്യമായ ബാഗിനുള്ളില്‍ ചെറിയ പൗച്ചുകളില്‍ കൊണ്ടുപോകാന്‍ ടെക്‌സാസ് സ്‌കൂള്‍ ഡിസ്ട്രിക്ടുകള്‍ അനുമതി നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.