കേരളത്തിലെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയില്‍, പോഷക സംഘടനകള്‍ നിര്‍ജീവം; തുറന്നുപറച്ചിലുമായി കെപിസിസി പ്രസിഡന്റ്

കേരളത്തിലെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയില്‍, പോഷക സംഘടനകള്‍ നിര്‍ജീവം; തുറന്നുപറച്ചിലുമായി കെപിസിസി പ്രസിഡന്റ്

കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഇത് മറികടന്ന് പാര്‍ട്ടിക്ക് പുതിയ മുഖം നല്‍കുകയാണ് ലക്ഷ്യം. ഇതിനാല്‍ ചിന്തിന്‍ ശിബിരത്തെ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോട് ആരംഭിച്ച ചിന്തന്‍ശിബിരില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഓരോ പ്രവര്‍ത്തനങ്ങളിലൂടെയും ആകര്‍ഷകമായ നിലയിലേക്ക് പാര്‍ട്ടി ഉയരണം. പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ പലതും സജീവമല്ല. സംഘടനകള്‍ക്ക് പാവപ്പെട്ടവരുടെ അത്താണിയാവാന്‍ കഴിയണം. പാര്‍ട്ടിയുടെ തിരിച്ചു വരവിനുള്ള രാഷ്ട്രീയ പ്രകിയ ഏറ്റെടുക്കാന്‍ ബാധ്യപ്പെട്ടവരുടെ സമ്മേളനമാണ് ചിന്തിന്‍ ശിബിരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാം പരാജയം കോണ്‍ഗ്രസ് പ്രതിക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ പരാജയം ജനാധിപത്യ ശക്തികളെ തളര്‍ത്തി. രണ്ടാമൂഴം ഇടതു പക്ഷം ജയിച്ചുവെന്നത് ജനാധിപത്യ വിശ്വാസികളെ വല്ലാതെ അലട്ടി. ആ തളര്‍ച്ച പ്രസ്ഥാനത്തെയും ബാധിച്ചിട്ടുണ്ട്. മുന്നോട്ടുളള രാഷ്ട്രീയ നയത്തിന് വ്യക്തത വേണം. ഈ നയം പുതിയ തലമുറയെയും താഴെ തട്ടിലെ പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നിരവധി ആശയങ്ങളാണ് ചിന്തന്‍ശിബിരില്‍ ഉയര്‍ന്നു വരുന്നത്. രണ്ടു ദിവസത്തെ പരിപാടിയില്‍ ഉരിത്തിരിഞ്ഞു വരുന്ന ആശയങ്ങള്‍ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് കെപിസിസി നേതൃത്വം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.