ന്യൂഡല്‍ഹി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നഎന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെ കേസിലെ മറ്റൊരു പ്രതി എം.ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചു.
ഇ.ഡിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവശങ്കര്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തത്.
മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് പോലും ലഭിക്കുന്നതിന് മുമ്പ് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയെ എതിര്‍ത്ത് ഹാജരാകാന്‍ ശിവശങ്കര്‍ തീരുമാനിച്ചത്. ഇ.ഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും ശിവശങ്കറിന്റെയും വിലയിരുത്തല്‍.
സമീപ കാലത്ത് ഒന്നും വിചാരണ ആരംഭിക്കാന്‍ ഇടയില്ലാത്ത കേസില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയുമായി ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചത് വിഷയം രാഷ്ട്രീയ വിവാദം ആക്കാനാണെന്ന് സര്‍ക്കാരും കരുതുന്നു.
സംസ്ഥാന സര്‍ക്കാരിനും ശിവശങ്കറിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇ.ഡി ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. തനിക്ക് എതിരായ ആരോപണങ്ങളെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയില്‍ ശക്തമായി എതിര്‍ക്കും. എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങളെ എങ്ങനെ പ്രതിരോധിക്കും എന്ന് ആലോചിക്കുകയാണ് സര്‍ക്കാര്‍.
ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ശിവശങ്കര്‍ ഉള്‍പ്പടെ നാല് എതിര്‍കക്ഷികളാണുള്ളത്. ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഹര്‍ജിയില്‍ ഇ.ഡി സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കിയിട്ടില്ല. ഹര്‍ജി പരിഗണിക്കുമ്പോള്‍ മുഖ്യമന്ത്രിക്കോ, സര്‍ക്കാരിനോ എതിരെ കോടതിയില്‍ നിന്ന് പരാമര്‍ശം ഉണ്ടാകുമോയെന്ന ആശങ്ക സര്‍ക്കാരിനുണ്ട്.
അങ്ങനെ ഉണ്ടാകുകയാണെങ്കില്‍ അത് മുഖ്യമന്ത്രിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ഇതിനെ എങ്ങനെ മറികടക്കാം എന്നതിനെ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.