ബ്രിസ്ബന്‍: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ക്വീന്‍സ് ലന്‍ഡിലെ ഗ്രാമീണ മേഖലയില്‍ ലഹരി മരുന്ന് നിര്‍മാണ കേന്ദ്രം കണ്ടെത്തി. തലസ്ഥാനമായ ബ്രിസ്ബനില്‍നിന്ന് മൂന്ന് മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള ദുറോംഗ് എന്ന ഗ്രാമീണ മേഖലയിലാണ് പ്രദേശവാസികളെ ഞെട്ടിച്ച് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്.
വാണിജ്യാടിസ്ഥാനത്തില്‍ വിറ്റഴിക്കാനുള്ള ലഹരിമരുന്ന് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചതായി കരുതപ്പെടുന്ന മയക്കുമരുന്ന് ലാബാണ് പോലീസ് ഇന്നലെ രാത്രി വൈകി നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മയക്കുമരുന്ന് ഉല്‍പാദിപ്പിച്ചിരുന്ന, കൊളംബിയന്‍ മയക്കുമരുന്ന് കാര്‍ട്ടലുമായി ബന്ധമുള്ള രണ്ടുപേര്‍ അറസ്റ്റിലായി. രണ്ടു പേരും കൊളംബിയന്‍ വംശജരാണ്.
ദുറോംഗില്‍ 16 ഹെക്ടറില്‍ പ്രവര്‍ത്തിച്ചിരുന്ന മയക്കുമരുന്ന് നിര്‍മാണ കേന്ദ്രം പോലീസ് കണ്ടെത്തിയപ്പോള്‍
തടികൊണ്ടു നിര്‍മിച്ച മനോഹരമായ രണ്ടു പള്ളികളും ഒരു കടയും ചെറിയ സ്‌കൂളുമുള്ള ശാന്തമായ പ്രദേശമാണ് ദുറോംഗ്. 200-ലധികം പേര്‍ മാത്രമാണ് ഇവിടുത്തെ താമസക്കാര്‍. കൊളംബിയന്‍ മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ള രണ്ടു പേരെ അറസ്റ്റ് ചെയ്തതോടെ ദുറോംഗ് എന്ന കൊച്ചുഗ്രാമം മയക്കുമരുന്നു നിര്‍മാണത്തിന്റെ പേരില്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇടംപിടിച്ചു. ഇത് പ്രദേശവാസികളെയാകെ നിരാശയിലാക്കിയിരിക്കുകയാണ്.
ഈ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി എട്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നൂറുകണക്കിന് കിലോഗ്രാം ലഹരിമരുന്നാണ് ഇവര്‍ ഇവിടെ നിര്‍മിച്ചിരുന്നത്. ഓസ്‌ട്രേലിയയില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബൈക്കി സംഘങ്ങളുമായും ഇവര്‍ക്കു ബന്ധമുണ്ട്.
ദുറോംഗിലെ 16 ഹെക്ടര്‍ കൃഷിഭൂമിയിടത്തിലാണ് ലബോറട്ടറി നിര്‍മ്മിച്ച് മയക്കുമരുന്ന് നിര്‍മാണം നടത്തിയിരുന്നത്. വന്‍ തോതിലാണ് ഇവിടെനിന്ന് നിര്‍മാണത്തിനുള്ള രാസവസ്തുക്കളും മയക്കുമരുന്നും പെട്രോളും കണ്ടെത്തിയത്. ഇവിടെത്തന്നെ മയക്കുമരുന്ന് നശിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
തങ്ങളുടെ തൊട്ടടുത്ത് ഇത്രയും വലിയ മയക്കുമരുന്ന് നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി അറിയില്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കഠിനാധ്വാനികളായ കര്‍ഷകരും പഴയ തലമുറക്കാരും ഉള്‍പ്പെടെ ശാന്തമായി താമസിക്കുന്ന കുടുംബങ്ങളാണ് ഇവിടെയുള്ളത്. പ്രദേശത്ത് പ്രശ്നങ്ങളോ സംഘര്‍ഷങ്ങളോ ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഇവിടെ പോലീസ് പോലുമില്ല, കാരണം ഇവിടെ കുറ്റകൃത്യങ്ങളൊന്നുമില്ല. ആരെങ്കിലും കടന്നുവന്ന് ഈ പ്രദേശത്തിന്റെ സമാധാനം നശിപ്പിക്കുന്നത് വളരെ അസ്വസ്ഥതപ്പെടുത്തുന്ന കാര്യമാണെന്നും അവര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.