കത്തിയെരിഞ്ഞ് കാലിഫോര്‍ണിയ; 10,000 ഏക്കര്‍ വനമേഖല വിഴുങ്ങി കാട്ടുതീ

കത്തിയെരിഞ്ഞ് കാലിഫോര്‍ണിയ; 10,000 ഏക്കര്‍ വനമേഖല വിഴുങ്ങി കാട്ടുതീ

ലോസ് ഏഞ്ചല്‍സ്: കാലിഫോര്‍ണിയയില്‍ വെള്ളിയാഴ്ച്ച പൊട്ടിപ്പുറപ്പെട്ട കാട്ടുതീ സംസ്ഥാനത്തെ വനമേഖലയെ ആകെ കത്തിച്ചാമ്പലാക്കുന്നു. യോസെമൈറ്റ് നാഷണല്‍ പാര്‍ക്കിന് സമീപം 600 ഏക്കറില്‍ പിടിച്ച തീ 24 മണിക്കൂറിനുള്ളില്‍ 9,500 ഏക്കറിലേക്ക് (3,800 ഹെക്ടര്‍) പടര്‍ന്നു. പ്രദേശമാകെ കടുത്ത ചൂടും പുകയും ഉയര്‍ന്നിരിക്കുകയാണ്.

മാരിപോസ കൗണ്ടിയില്‍ ഇതിനകം പത്ത് കെട്ടിടങ്ങള്‍ കത്തിനശിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പരജയപ്പെട്ടതോടെ 6,000 ത്തിലധികം പ്രദേശവാസികള്‍ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. 500ലധികം അഗ്‌നിശമന സേനാംഗങ്ങള്‍ ഹെലിക്കോപ്ടര്‍ സഹായത്തോടെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അടിക്കടി ഉണ്ടാകുന്ന കൊടുങ്കാറ്റ് തീ വ്യാപിക്കാന്‍ കാരണമായി. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതിനാല്‍ തീ അണയ്ക്കാന്‍ ഒരാഴ്ച്ചയെങ്കിലും സമയമെടുക്കുമെന്ന് കാലിഫോര്‍ണിയയിലെ ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ വകുപ്പിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഹെക്ടര്‍ വാസ്‌ക്വെസ് പറഞ്ഞു.

സമീപ വര്‍ഷങ്ങളില്‍ കാലിഫോര്‍ണിയയിലും അമേരിക്കയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും ഉണ്ടായ കാലാവസ്ഥ വ്യതിയാനവും വരള്‍ച്ചയുമാണ് തുടര്‍ച്ചയായുള്ള തീപിടുത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ആഗോള താപനവും മറ്റൊരു കാരണമാണ്. മധ്യ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ താപനില റെക്കോഡ് സംഖ്യയിലേക്ക് ഉയര്‍ന്നു.

സെന്‍ട്രല്‍ യുഎസ് മെട്രോപൊളിറ്റന്‍ പ്രദേശങ്ങളായ ഡാളസ്, ഒക്ലഹോമ സിറ്റി എന്നിവിടങ്ങളില്‍ 100 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളിലാണ് ചൂട്. അതായത് 38 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍. ബോസ്റ്റണ്‍ മുതല്‍ വാഷിംഗ്ടണ്‍ വരെയുള്ള വടക്കുകിഴക്കന്‍ മേഖലകളിലും ചൂട് കൂടുതലാണ്. സാധാരണ തണുത്ത പസഫിക് നോര്‍ത്ത് വെസ്റ്റ് പോലും ചൂടിന്റെ പിടിയിലായി.

രാജ്യത്തിന്റെ തലസ്ഥാനമായ വാഷിംഗ്ടണ്‍ ശനിയാഴ്ച 100 ഡിഗ്രി ഹാരന്‍ഫീറ്റിന് മുകളില്‍ താപനിലയെത്തി. ന്യൂയോര്‍ക്കിലും സമാന സാഹചര്യമാണ്. വടക്കുകിഴക്കന്‍ മേഖലയിലും ചൂട് കൂടിവരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.