'പശ്ചാത്താപ തീര്‍ത്ഥാടനം': തദ്ദേശിയരുടെ മുറിവുണക്കാന്‍ മാര്‍പ്പാപ്പ കാനഡയിലെത്തി; ആദ്യ പൊതുപരിപാടി ഇന്ന്

'പശ്ചാത്താപ തീര്‍ത്ഥാടനം': തദ്ദേശിയരുടെ മുറിവുണക്കാന്‍ മാര്‍പ്പാപ്പ കാനഡയിലെത്തി; ആദ്യ പൊതുപരിപാടി ഇന്ന്

ടൊറന്റോ: ഒരാഴ്ച്ച നീളുന്ന സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ കാനഡയിലെത്തി. പശ്ചിമ കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയുടെ തലസ്ഥാനമായ എഡ്മന്റനില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കാനഡയിലെ ആദ്യ തദ്ദേശിയ ഗവര്‍ണര്‍ ജനറല്‍ മേരി മേ സൈമണും ചേര്‍ന്നു മാര്‍പാപ്പയെ വരവേറ്റു. മാര്‍പ്പാപ്പയുടെ ആദ്യ പൊതുപരിപാടികള്‍ ഇന്ന് ആരംഭിക്കും.


ഞായറാഴ്ച എഡ്മന്റണില്‍ എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സ്വീകരിക്കുന്നു

'പശ്ചാത്താപ തീര്‍ത്ഥാടനം' എന്ന് പേരിട്ടിരിക്കുന്ന യാത്ര രാജ്യത്തെ തദ്ദേശീയരായ ജനങ്ങളുമായുള്ള അനുരഞ്ജനത്തിന്റെ മാര്‍ഗമായി മാര്‍പ്പാപ്പ കാണുന്നത്. ''തദ്ദേശിയരായ ആളുകളെ കാണാന്‍ ഞാന്‍ വരുന്നു. അവര്‍ക്കുണ്ടായ വേദനകളും മുറുവുകളും ഉണക്കാന്‍ എന്റെ യാത്ര ദൈവീക ശക്തിയില്‍ സഹായകമാകുംമെന്ന് പ്രതീക്ഷിക്കുന്നു''-യാത്ര ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് മാര്‍പ്പാപ്പ ട്വിറ്ററില്‍ കുറിച്ചു.

''കാനഡയിലെ പ്രിയ സഹോദരീസഹോദരന്മാരേ, നിങ്ങള്‍ക്കറിയാവുന്നതുപോലെ, തദ്ദേശീയരായ ജനങ്ങളെ കാണാനും ആശ്ലേഷിക്കാനും, യേശു നാമത്തില്‍ ഞാന്‍ നിങ്ങളുടെ ഇടയിലേക്കു വരികയാണ്. നിര്‍ഭാഗ്യവശാല്‍, കാനഡയിലെ സന്ന്യസ്തസമൂഹങ്ങളിലെ ചില അംഗങ്ങള്‍ സ്വീകരിച്ച നയങ്ങള്‍ മുന്‍കാലങ്ങളില്‍ തദ്ദേശീയ സമൂഹങ്ങളെ ഗുരുതരമാംവിധം ദോഷകരമായി ബാധിച്ചു. ഇക്കാരണത്താലാണ്, ഈയിടെ തദ്ദേശീയജനതയുടെ പ്രതിനിധികളുടെ ഒരു സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ അവരോട് ആ ജനത അനുഭവിച്ച വേദനകളെ ഓര്‍ത്ത് എന്റെ ദുഖവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചത്.

ഇപ്പോള്‍ ഞാന്‍ ഒരു പശ്ചാത്താപ തീര്‍ത്ഥാടനം നടത്താന്‍ പോകുകയാണ്, അത്, ദൈവകൃപയാല്‍ ഇതിനകം തുടക്കം കുറിച്ചിട്ടുള്ള, സൗഖ്യത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രയാണത്തിന് സംഭാവന ചെയ്യുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. എല്ലാ ഒരുക്കങ്ങള്‍ക്കും നിങ്ങള്‍ എനിക്കായി കരുതിവച്ചിരിക്കുന്ന സ്വാഗതത്തിനും ഞാന്‍ മുന്‍കൂട്ടി നന്ദി പറയുന്നു. എല്ലാവര്‍ക്കും നന്ദി! ഒപ്പം പ്രാര്‍ത്ഥനയാല്‍ എന്നെ അനുഗമിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.''- കാനഡ പര്യടനം ആരംഭിക്കുന്നതിന് മുന്‍പ് വത്തിക്കാന്‍ നടത്തിയ പ്രസംഗത്തില്‍ മാര്‍പ്പാപ്പ പറഞ്ഞു.

റോമില്‍ നിന്ന് പത്ത് മണിക്കൂറിലധികം നീണ്ട വിമാനയാത്ര പ്രാദേശിക സമയം രാവിലെ 11.09 ന് എഡ്മന്റണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അവസാനിച്ചു. ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍, പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ആല്‍ബര്‍ട്ട ലെഫ്റ്റനന്റ് ഗവര്‍ണര്‍ സല്‍മ ലഖാനി, കോണ്‍ഫെഡറസി ഓഫ് ട്രീറ്റി സിക്സ് ഫസ്റ്റ് നേഷന്‍സിന്റെ ഗ്രാന്‍ഡ് ചീഫ് ജോര്‍ജ്ജ് അര്‍ക്കണ്ട് എന്നിവര്‍ മാര്‍പ്പാപ്പയെ സ്വീകരിച്ചു. തുടര്‍ന്ന് സെന്റ് ജോസഫ് സെമിനാരിയില്‍ വിശ്രമിക്കാനായി മാര്‍പാപ്പ യാത്രയായി. പാപ്പായോടൊപ്പം വത്തിക്കാന്‍ പ്രതിനിധി സംഘവും പത്രപ്രവര്‍ത്തകരും ഉണ്ടായിരുന്നു.


കാനഡ എഡ്മന്റണ്‍ വിമാനത്താവളത്തില്‍ എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ കോണ്‍ഫെഡറസി ഓഫ് ട്രീറ്റി സിക്സ് ഫസ്റ്റ് നേഷന്‍സിന്റെ ഗ്രാന്‍ഡ് ചീഫ് ജോര്‍ജ്ജ് അര്‍ക്കണ്ട് സ്വാഗതം ചെയ്യുന്നു.

ഇന്ന് രാവിലെ ആദ്യ പൊതു പരിപാടികള്‍ ആരംഭിക്കും. മസ്‌ക്വാചിസിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് മാര്‍പാപ്പ തദ്ദേശവാസികളുമായി സംവദിക്കും. ക്യൂബെക് സിറ്റി, വടക്കന്‍ കാനഡയിലെ നൂനവട്ടിലെ ഇക്കാല്യൂട്ട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം വെള്ളിയാഴ്ച മാര്‍പാപ്പ മടങ്ങും.


കാനഡ എഡ്മന്റണ്‍ വിമാനത്താവളത്തില്‍ വിമാനത്തില്‍നിന്ന് വീല്‍ച്ചെയറില്‍ പുറത്തേക്ക് വരുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ

കാനഡയിലെ കത്തോലിക്ക സഭാ സ്‌കൂളുകളില്‍ തദ്ദേശിയരായ കുട്ടികളോട് വിവേചനം കാണിച്ചതില്‍ മാപ്പ് പറയാനായി രാജ്യം സന്ദര്‍ശിക്കുമെന്ന് ഈ വര്‍ഷാദ്യം നല്‍കിയ വാഗ്ദാനം പാലിക്കുന്നതിനാണു കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും മാര്‍പാപ്പ എത്തുന്നത്. കോംഗോ, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം മുട്ടുവേദന മൂലം മാര്‍പാപ്പ ഈ മാസാദ്യം റദ്ദാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.