കാനഡയിലേക്കുള്ള പശ്ചാത്താപ തീര്‍ത്ഥാടനത്തിനായി ഫ്രാന്‍സിസ് പാപ്പ വിമാനത്തില്‍ പ്രവേശിച്ചപ്പോള്‍
വത്തിക്കാന്‍ സിറ്റി: കാനഡയിലേക്കുള്ള അപ്പോസ്‌തോലിക യാത്രയ്ക്കിടെ വയോധികര്‍ക്ക് ആശംസകളും ആദരവും അര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ. വയോജനങ്ങള്‍ക്കു വേണ്ടിയുള്ള രണ്ടാം ആഗോളദിനത്തിലാണ് പാപ്പ കാനഡയിലേക്കു യാത്ര തിരിച്ചത്. വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന പതിവിനു വിപരീതമായി ഐടിഎ എയര്‍വേസ് വിമാനത്തില്‍ മാധ്യമപ്രവര്‍ത്തരോടാണ് മാര്‍പാപ്പ ഇന്നലെ സംസാരിച്ചത്. പത്തിലധികം രാജ്യങ്ങളില്‍ നിന്നുള്ള എണ്‍പതോളം മാധ്യമപ്രവര്‍ത്തകരാണ് പരിശുദ്ധ പിതാവിനെ ഈ യാത്രയില്‍ അനുഗമിച്ചത്.
സന്ദേശത്തില്‍ മാര്‍പാപ്പ ലോകം മുഴുവനുമുള്ള മുത്തശ്ശിമാരെയും മുത്തശ്ശന്മാരെയും പ്രശംസിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും വേണമെന്ന് ആഹ്വാനം ചെയ്തു.
പരിശുദ്ധ കന്യകമറിയാമിന്റെ മാതാപിതാക്കളായ വിശുദ്ധ ജോവാക്കിമിന്റെയും വിശുദ്ധ അന്നയുടെയും തിരുനാളിനോട് അനുബന്ധിച്ചാണ് മാര്‍പാപ്പ വയോജനങ്ങള്‍ക്കു വേണ്ടി കഴിഞ്ഞ വര്‍ഷം ആഗോളദിനം പ്രഖ്യാപിച്ചത്. എല്ലാ വര്‍ഷവും ജൂലൈ നാലാമത്തെ ഞായറാഴ്ചയാണ് ഈ പ്രത്യേക ദിനാചരണം നടക്കാറുള്ളത്. 'വാര്‍ദ്ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും' (സങ്കീ. 92:14) എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം.
പ്രായമായവരെ മറക്കുന്ന പ്രവണത വര്‍ധിച്ചതോടെയാണ് കഴിഞ്ഞ വര്‍ഷം മാര്‍പാപ്പ വയോജനങ്ങള്‍ക്കു വേണ്ടിയുള്ള ദിനം ആരംഭിച്ചത്. തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുന്നവരാണ് വയോധികര്‍. ജീവിതാനുഭവങ്ങളും വിശ്വാസവും അവരിലൂടെ യുവാക്കളിലേക്കു കൈമാറുന്നുവെന്ന്് മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
'ചരിത്രവും പാരമ്പര്യങ്ങളും ആചാരങ്ങളും ഉള്‍പ്പെടെയുള്ള നിരവധി മൂല്യങ്ങള്‍ വരും തലമുറകളിലേക്കു കൈമാറിയവരാണ് വയോധികര്‍. നാം പ്രായമായവരിലേക്കു മടങ്ങേണ്ടതുണ്ട്. ചെറുപ്പക്കാര്‍ അവരുടെ മുത്തച്ഛനും മുത്തശ്ശിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണം. അവരുടെ അടുത്തേക്ക് ചെല്ലണം. അവരുടെ വേരുകളിലേക്ക് മടങ്ങണം. വേരുകളില്‍ നിന്ന് ശക്തി സ്വീകരിച്ച് പഴങ്ങളിലേക്കും പൂക്കളിലേക്കും നല്‍കുന്ന ഒരു വൃക്ഷം പോലെ ചെറുപ്പക്കാര്‍ മുന്നോട്ട് നീങ്ങണം'.
ഭാവി തലമുറയെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ മുതിര്‍ന്നവരുടെ പങ്കിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നും അവരെ ബഹുമാനിക്കണമെന്നും പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു.
പ്രായമായ സന്യസ്തരെയും സഭയ്ക്കു വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന സമര്‍പ്പിതരുടെ മാതാപിതാക്കളെയും മാര്‍പാപ്പ പ്രത്യേകം ഓര്‍മിച്ചു. പ്രായമായവരെ ഒരിക്കലും മറച്ചുപിടിക്കരുത്. വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു കുടുംബത്തിന്റെ ജ്ഞാനമാണ് വയോധികര്‍. തുടക്കക്കാരായ വൈദികരും കന്യാസ്ത്രീകളും അവരുമായി സമ്പര്‍ക്കം പുലര്‍ത്തണം. ജീവിതത്തിന്റെ എല്ലാ അനുഭവങ്ങളും അവര്‍ നമുക്ക് പകര്‍ന്നുനല്‍കും. ജീവതത്തെ നേരിടാന്‍ അതു നമ്മെ സഹായിക്കുമെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. ഈ ദിനത്തില്‍ അവരെ പ്രത്യേകമായി ഓര്‍ക്കാം, അവരില്‍ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ ലഭിച്ചു. അതിനു നന്ദി പറയാം.
കാനഡയിലെ തദ്ദേശീയരായ ജനങ്ങളുടെ മുറിവുണക്കുന്നതിനാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം. വിമാനത്തില്‍ തന്നെ അനുഗമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മാര്‍പാപ്പ അഭിവാദ്യം അര്‍പ്പിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.