ഹെയ്തിയന്‍ കുടിയേറ്റക്കാരുമായി അമേരിക്കയിലേക്ക് പോയ ബോട്ട് മറിഞ്ഞ് 17 പേര്‍ മരിച്ചു; കരീബിയന്‍ കടല്‍ യാത്രകളില്‍ അപകടം നിത്യസംഭവം

ഹെയ്തിയന്‍ കുടിയേറ്റക്കാരുമായി അമേരിക്കയിലേക്ക് പോയ ബോട്ട് മറിഞ്ഞ് 17 പേര്‍ മരിച്ചു; കരീബിയന്‍ കടല്‍ യാത്രകളില്‍ അപകടം നിത്യസംഭവം

ബഹാമാസ്: കടുത്ത ദാരിദ്രവും പട്ടിണിയും കൂട്ടക്കൊലകളും മൂലം അരക്ഷിതാവസ്ഥ രൂക്ഷമായ ഹെയ്തില്‍ നിന്ന് ജീവിതമാര്‍ഗം തേടിയുള്ള കടല്‍യാത്രക്കിടെ മറുകര കാണാതെ മരണപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്നലെ ഡസന്‍ കണക്കിന് ഹെയ്തിയന്‍ കുടിയേറ്റക്കാരുമായി അമേരിക്ക ലക്ഷ്യമിട്ട് പോയ ബോട്ട് മറിഞ്ഞ് 17 പേര്‍ മരിച്ചു. പ്രതികൂല കാലാവസ്ഥയും കടല്‍ക്ഷോഭവും സാധാരണമായ കരിബിയന്‍ കടലിടുക്കുകളില്‍ ഇന്നലെയുണ്ടായ അതിരൂക്ഷ തിരമാലയില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്.

ബഹാമാസ് തീരത്ത് നിന്ന് മിയാമിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. ഒരു കുഞ്ഞ് ഉള്‍പ്പെടെ 17 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 25 പേരെ രക്ഷപ്പെടുത്തിയതായി ബഹാമിയന്‍ പ്രധാനമന്ത്രി ഫിലിപ്പ് ഡേവിസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 60 പേരെങ്കിലും ബോട്ടില്‍ ഉണ്ടായിരുന്നെന്നാണ് കണക്കാക്കുന്നത്. മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂ പ്രൊവിഡന്‍സ് ദ്വീപില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ബോട്ട് അപകടപ്പെട്ടതെന്ന് ബഹാമാസ് പൊലീസ് പറഞ്ഞു. സുരക്ഷിതമല്ലാത്ത രീതിയില്‍ അനധികൃതമായി ആളുകളെ കടല്‍മാര്‍ഗം കടത്താന്‍ ശ്രമിച്ചതിന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.

അമേരിക്കയിലെത്താന്‍ ആഗ്രഹിക്കുന്ന ഹെയ്തിക്കാരുടെ പതിവ് ഗതാഗത മാര്‍ഗമാണ് കടല്‍വഴിയുള്ള ബോട്ട് യാത്ര. കടല്‍യാത്ര ഏറെ അപകടം നിറഞ്ഞതാണെന്ന് അവര്‍ക്ക് അറിയാമെങ്കിലും ദാരിദ്ര്യവും വര്‍ദ്ധിച്ചുവരുന്ന കൂട്ട അക്രമവും പലായനം ചെയ്യാന്‍ അവരെ നിര്‍ബന്ധിതരാകുകയാണ്. 3,000 മുതല്‍ 8,000 ഡോളര്‍ വരെയാണ് ഇത്തരത്തില്‍ അനധികൃത മനുഷ്യക്കടത്തിനായി ഓരോരുത്തരും നല്‍കേണ്ടിവരുന്നതെന്ന് രക്ഷപ്പെട്ടവരില്‍ ചിലര്‍ പറഞ്ഞു.



മെയ് മാസത്തില്‍ 842 ഹെയ്തിയന്‍ കുടിയേറ്റക്കാരുമായി അമേരിക്കയിലേക്ക് പോയ ഒരു ബോട്ട് വഴി തെറ്റി ക്യൂബയുടെ വടക്കന്‍ തീരത്ത് എത്തിയത് വാര്‍ത്ത ആയിരുന്നു. അതേ മാസം പ്യൂര്‍ട്ടോ റിക്കോയ്ക്ക് സമീപം ഹെയ്തിയന്‍ കുടിയേറ്റക്കാരുമായി പോയ ഒരു ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. മുന്‍ മാസങ്ങളിലും സമാനമായ അപകട മരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

87 ശതമാനം ക്രിസ്ത്യന്‍ പ്രാതിനിധ്യമുള്ള രാജ്യമാണ് ഹെയ്ത്. ദാരിദ്രവും പട്ടിയും മുലം പൊറുതിമുട്ടിയ ഹെയ്തീനിയന്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന മറ്റ് ഭീഷണികള്‍ കവര്‍ച്ചയും ആക്രമണങ്ങളും കൂട്ടക്കൊലകളുമാണ്. ക്രിസത്യാനികളാണ് അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്.

മോചനദ്രവ്യത്തിനായാണ് തട്ടിക്കൊണ്ടുപോകുന്നത്. പണം നല്‍കാന്‍ വിസമ്മതിച്ചാല്‍ കൊലപ്പെടുത്തും. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുവേണ്ടി പ്രയത്‌നിച്ച ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ ലൂയിസ ഡെല്‍ ഓര്‍ട്ടോയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് സമീപകാലത്തുണ്ടായ ദാരുണമായ സംഭവം.

കഴിഞ്ഞ മാസം മാത്രം ഹെയ്തിലെ വിവിധ ഇടങ്ങളില്‍ ഉണ്ടായ ആള്‍ക്കുട്ട ആക്രമണങ്ങളില്‍ 89 പേര്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് റിപ്പോര്‍ട്ട്. ദുരിതങ്ങളും കഷ്ടപ്പാടുകളും മൂലം ജനജീവിത ദുസഹമായി രാജ്യത്ത് അക്രമവും അരക്ഷിതാവസ്ഥയും ജനങ്ങളുടെ ദൈനംദിന ശാപമായി മാറിയിരിക്കുകയാണ്. അക്രമസംഘങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനം രാജ്യത്ത് ഉണ്ടാകേണ്ടത് അടിയന്തിര ആവശ്യമായി വന്നിരിക്കുന്നു. അനധികൃത സംഘങ്ങളെ നിരായുധരാക്കാന്‍ പൊലീസില്‍ നിന്ന് ഉടനടി നടപടി ആളുകള്‍ പ്രതീക്ഷിക്കുന്നു. സ്വന്തം നിലയില്‍ കഴിയില്ലെങ്കില്‍ പുറത്തുനിന്നുള്ള രാജ്യങ്ങളുടെ സഹായം തേടണമെന്നാണും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.


മരണം മുന്നിലുണ്ട്; പക്ഷെ, ജീവിക്കാന്‍ വേറെ മാര്‍ഗമില്ല: ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുടെ പലായനത്തിന്റെ കാരണങ്ങള്‍ നിരത്തി വൈദികന്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.