'ഒരു കോടിയുടെ കടമുണ്ട്; കൊന്നൊടുക്കുന്നതിനു മുന്‍പ് സാംപിള്‍ പരിശോധിക്കണം': വയനാട്ടിലെ പന്നി കര്‍ഷകന്റെ രോദനം കേള്‍ക്കാതെ പോകരുത്

'ഒരു കോടിയുടെ കടമുണ്ട്; കൊന്നൊടുക്കുന്നതിനു മുന്‍പ് സാംപിള്‍ പരിശോധിക്കണം': വയനാട്ടിലെ പന്നി കര്‍ഷകന്റെ രോദനം കേള്‍ക്കാതെ പോകരുത്

മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിനോട് പരാതി പറയുന്ന എം.വി വിന്‍സെന്റ്.

വയനാട്ടിലെ പന്നി ഫാമുകളെ തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നതായും ഇതന്വേഷിക്കണമെന്നും വിന്‍സെന്റ് ആവശ്യപ്പെട്ടു.

മാനന്തവാടി: വയനാട്ടിലെ രണ്ടു പന്നി ഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥീരീകരിച്ചതിനെത്തുടര്‍ന്ന് കര്‍ഷകര്‍ ഭീതിയില്‍. രോഗബാധയേറ്റ ഫാമുകളിലെ പന്നികളെ കൊന്നൊടുക്കുന്നതോടൊപ്പം ഇതിന് ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ഫാമുകളിലെയും പന്നികളെ കൊല്ലാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവാണ് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുന്നത്. ഉത്തരവ് നടപ്പാക്കിയാല്‍ രോഗമില്ലാത്ത പന്നികളും നശിപ്പിക്കപ്പെടും.

തന്റെ ഫാമില്‍ പ്രസവത്തോടെ ഒരു പെണ്‍പന്നി ചത്തതല്ലാതെ മറ്റൊന്നും ചത്തിട്ടില്ലെന്ന് കര്‍ഷകനായ എം.വി വിന്‍സെന്റ് പറയുന്നു. അതുകൊണ്ടു തന്നെ വീണ്ടും പരിശോധന നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കടത്തിനു മുകളിലാണ് ജീവിക്കുന്നത്. ഫാം തുടങ്ങിയതുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയുടെ കടമുണ്ട്. ഇത് ഞാനെങ്ങനെ വീട്ടും? ഫാമിലെ 360 പന്നികളെ കൊല്ലാന്‍ പോകുന്നതിന്റെ വേദനയിലാണ് ഈ കര്‍ഷകന്‍.

വയനാട്ടിലെ പന്നി ഫാമുകളെ തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നതായും ഇതന്വേഷിക്കണമെന്നും വിന്‍സെന്റ് ആവശ്യപ്പെട്ടു. പ്രസവത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ഫാമില്‍ ഒരു പന്നി ചത്തുവെന്നത് സത്യമാണ്. എന്നാല്‍ ഇതിന്റെ ജഡത്തില്‍ നിന്നുള്ള സാംപിളുകള്‍ പരിശോധനയ്ക്ക് എടുക്കുകയോ അയക്കുകയോ ചെയ്തിട്ടില്ല. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ജഡം മറവ് ചെയ്യുകയാണ് ചെയ്തത്.

ജഡം പരിശോധനക്കെടുക്കാതെയാണ് ചത്ത പന്നിക്ക് ആഫ്രിക്കന്‍ പന്നിപ്പനിയുണ്ടെന്ന് പറയുന്നത്. നിലവില്‍ സാംപിളുകള്‍ ശേഖരിച്ച പന്നികള്‍ക്ക് പനി ബാധിച്ചിട്ട് രണ്ടാഴ്ചയിലേറെയായി. പരസ്പരമുള്ള പോരിനെ തുടര്‍ന്ന് പന്നികളില്‍ ഇങ്ങനെ പനി വരുന്നത് സ്വാഭാവികമാണ്. ആഫ്രിക്കന്‍ പന്നിപ്പനിയുടെ ഒരു ലക്ഷണവും ഫാമിലെ പന്നികള്‍ക്കില്ലെന്നും എല്ലാ പന്നികളും തീറ്റയെടുക്കുന്നുന്നും അദ്ദേഹം പറഞ്ഞു.

പരിശോധനയ്‌ക്കെടുത്ത സാംപിള്‍ മാറിപ്പോയതാണന്നാണ് കരുതുന്നത്. ഒന്നുകൂടി സാംപിള്‍ എടുത്ത് പരിശോധിക്കണം. അതിന്റെ ചെലവ് വഹിക്കാന്‍ താന്‍ തയ്യാറാണ്. ഒരു വര്‍ഷം മുമ്പ് കണ്ണൂരില്‍ നിന്നും എത്തിച്ച മുന്നൂറ് പന്നികളുമായാണ് ഈ ഫാം തുടങ്ങിയത്.

പ്രജനനത്തിനായി പന്നികളെ ഉപയോഗിക്കുന്നത് ഫാമില്‍ നിന്നുള്ളവയെ തന്നെയാണ്. പുറത്ത് നിന്നും പന്നികളെ ഫാമില്‍ കൊണ്ടു വരുന്നില്ല. അതിനാല്‍ പന്നികളെയെല്ലാം കൊന്നൊടുക്കുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി സാംപിള്‍ എടുത്ത് പരിശോധിക്കണമെന്നാണ് വിന്‍സെന്റ് അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.