കൊല്ലം: മാമ്പഴത്തര സലീം എന്നത് വെറുമൊരു രാഷ്ട്രീയക്കാരനല്ല. ഏതു പാര്‍ട്ടിയുടെ ബാനറില്‍ മല്‍സരിച്ചാലും ജയിക്കുന്നൊരു രാഷ്ട്രീയക്കാരനെന്ന് സലീമിനെ വിശേഷിപ്പിക്കാം. ആര്യങ്കാവ് പഞ്ചായത്ത് അംഗമായ സലീം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് പാര്‍ട്ടി മാറുന്നതിന്റെ പേരിലാണ്. സിപിഎമ്മിനു വേണ്ടി ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച സലീം വീണ്ടും ബിജെപിയിലേക്ക് പോകുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
പലവട്ടം മുന്നണിയും പാര്‍ട്ടിയും മാറിയ മാമ്പഴത്തറ സലീം കഴിഞ്ഞ വ്യാഴാഴ്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സന്നിഹിതനായ ബിജെപി പരിപാടിയില്‍ പങ്കെടുത്തതോടെയാണ് പാര്‍ട്ടി മാറ്റം വീണ്ടും ചര്‍ച്ചയാകുന്നത്.
ദ്രൗപദി മുര്‍മുവിന്റെ വിജയാഘോഷ ചടങ്ങ് അരുപ്പ ഇടപ്പണ ആദിവാസി കോളനിയില്‍ ബിജെപി സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനോടൊപ്പം പങ്കെടുത്തതാണ് സലീം വീണ്ടും പാര്‍ട്ടി മാറുന്നു എന്ന സൂചന നല്‍കിയത്.
പാര്‍ട്ടി മാറുന്നുണ്ടെങ്കിലും ആര്യങ്കാവ് പഞ്ചായത്തില്‍ സലീമിനെ പോലൊരു ജനകീയന്‍ ഇല്ലെന്നതാണ് സത്യം. ആദ്യം കോണ്‍ഗ്രസിനൊപ്പമായിരുന്നു സലീം. അവിടെ ജയിച്ചു തുടങ്ങിയ സലീം പിന്നീട് സിപിഎമ്മിലെത്തി. സിപിഎമ്മിനൊപ്പമുള്ള യാത്ര ഇടയ്ക്കുവച്ച് അവസാനിപ്പിച്ച് ബിജെപിക്കൊപ്പം ചേര്‍ന്നു. ബിജെപി ഇന്നോളം ജയിക്കാത്ത വാര്‍ഡില്‍ പുഷ്പം പോലെ സലീം ജയിച്ചു കയറി.
ആറുമാസം മുമ്പ് ബിജെപിയോട് വിടപറഞ്ഞ് മെംബര്‍ സ്ഥാനവും രാജിവച്ച് വീണ്ടും സിപിഎമ്മില്‍ ചേര്‍ന്നു. ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും ഗംഭീര ജയം. അന്ന് ജയിച്ച സീറ്റ് രാജിവച്ചാണ് വീണ്ടും ബിജെപിയോട് സലീം അടുക്കുന്നത്.
കോണ്‍ഗ്രസ് മുതല്‍ ബിജെപി വരെയുള്ള പാര്‍ട്ടികളില്‍ വാര്‍ഡ് പ്രസിഡന്റ് മുതല്‍ സംസ്ഥാന കമ്മിറ്റിയംഗം വരെയുള്ള പാര്‍ട്ടി പദവികളും അദേഹം വഹിച്ചിട്ടുണ്ട്. ലോക്കല്‍ സെക്രട്ടറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, അഞ്ചല്‍ ബ്ലോക്കംഗം എന്നിങ്ങനെ വിവിധ പദവികള്‍ വഹിച്ചു. സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ആദ്യമായി ഭരണം ലഭിക്കുകയും ചെയ്തു. അന്ന് സലീം വൈസ് പ്രസിഡന്റായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.