നീലം സഞ്ജീവ റെഡ്ഡി: എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ഏക രാഷ്ട്രപതി

നീലം സഞ്ജീവ റെഡ്ഡി: എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ഏക രാഷ്ട്രപതി

ഭാരതത്തിന്റെ രാഷ്ട്രപതിമാർ: പരമ്പര - 6

രാജ്യത്ത് 1977 ലെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പ് ഇന്ദിരാഗാന്ധിക്കും അടിയന്തരാവസ്ഥക്കുമെതിരെയുള്ള ഒരു വിധിയെഴുത്ത് ആയിരുന്നു. ഇന്ദിര ദയനീയമായി തോറ്റു. ഈ സമയത്ത് തന്നെയാണ് ഫക്രുദ്ദീൻ അലിയുടെ മരണത്തെ തുടർന്നുള്ള രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. മൊറാർജി ദേശായിയുടെ ജനതാ ഗവണ്മന്റ് നീലം സഞ്ജീവ റെഡ്ഡിയെ തന്നെ കളത്തിലിറക്കി.

ജൂലൈ 21ന് നടന്ന തെരഞ്ഞെടുപ്പിൽ 37 പേർ നാമനിർദേശപത്രിക സമർപ്പിച്ചെങ്കിലും 1974 ലെ ഭേദഗതി നിയമപ്രകാരം റെഡ്ഡിയുടേതൊഴികെ മറ്റെല്ലാം സ്ഥാനാർത്ഥികളുടെയും പത്രിക തള്ളിപ്പോയി. തുടർന്ന് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതിയായി. ലോക്സഭയിലെ 524, രാജ്യസഭയിലെ 232, 22 സംസ്ഥാന നിയമസഭകളിലെ 3,776 ഉൾപ്പെടെ 4,532 പേരാണ് അന്ന് വോട്ടർമാരായിരുന്നത്. എം.പി വോട്ടിന്റെ മൂല്യം 702 ആയിരുന്നു. സമ്പന്നനും ഭൂവുടമയുമായ അദ്ദേഹം തന്റെ 60 ഏക്കർ ഭൂമിയാണ് അക്കാലത്ത് സർക്കാരിന് വിട്ട് നൽകിയത്.

രാഷ്ട്രപതിയെന്ന നിലയിൽ തനിക്ക് ലഭിച്ച ശമ്പളത്തിന്റെ 30 ശതമാനം മാത്രമാണ് റെഡ്ഡി എടുത്തിരുന്നത്. ബാക്കി 70 ശതമാനം തുക സർക്കാർ ഫണ്ടിലേക്ക് നൽകി. 1982 ൽ സഞ്ജീവ റെഡ്ഡിയുടെ രാഷ്ട്രപതി കാലാവധി അവസാനിച്ചു.

ആന്ധ്രയിലെ അനന്തപൂർ ജില്ലയിലെ ഇല്ലൂരിലാണ് റെഡ്ഡി ജനിച്ചത്. ബിരുദധാരിയല്ലാത്ത ആദ്യത്തെ രാഷ്ട്രപതിയായിരുന്നു അദ്ദേഹം. ഒരിക്കൽ തോറ്റ് പിന്നീട് രാഷ്ട്രപതിയായ വ്യക്തി, മുഖ്യമന്ത്രി, ലോക്സഭ സ്പീക്കർ എന്നീ പദവികൾ വഹിച്ചശേഷം രാഷ്ട്രപതിസ്ഥാനം അലങ്കരിച്ചു എന്നീ പ്രത്യേകതളും അദ്ദേഹത്തിനുണ്ട്. ആന്ധ്ര സംസ്ഥാനം രൂപവത്കരിച്ചശേഷം ആദ്യ മുഖ്യമന്ത്രിയായി. 1959 ൽ കോൺഗ്രസ് പ്രസിഡന്റായി. 1962 ൽ വീണ്ടും മുഖ്യമന്ത്രിയായി. 1964 ൽ സ്ഥാനം രാജിവെച്ചു. തുടർന്ന് ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിര ഗാന്ധി മന്ത്രിസഭകളിൽ മന്ത്രിയായി.

1967 ലാണ് ലോകസഭാ സ്പീക്കറാകുന്നത്. 1969 ൽ സ്പീക്കർ സ്ഥാനം രാജിവെച്ചാണ് അദ്ദേഹം രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. വി.വി ഗിരിയായിരുന്നു എതിർസ്ഥാനാർഥി. എന്നാൽ റെഡ്ഡി നേരിയ ഭൂരിപക്ഷത്തിന് തോറ്റു. ഇടവേളക്കുശേഷം 1975 ൽ ജനതാ പാർട്ടിയിൽ ചേർന്നു. ആന്ധ്രയിൽനിന്ന് വീണ്ടും ലോകസഭയിലെത്തി സ്പീക്കറായി. പിന്നീട് ഫക്രുദ്ദീൻ അലി അഹ്മദിന്റെ മരണത്തെതുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ രാജി വച്ചു. 1996 ൽ ജൂൺ ഒന്നിനാണ് സഞ്ജീവ റെഡ്ഡി അന്തരിച്ചത്.

തുടരും….

ഭാരതത്തിന്റെ രാഷ്ട്രപതിമാർ എന്ന പരമ്പരയുടെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.