ഡാര്‍വിന്‍: ഓസ്‌ട്രേലിയന്‍ പ്രദേശമായ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ കൗമാരക്കാരന്‍ അറസ്റ്റില്‍. ഇന്നലെ ഉച്ചകഴിഞ്ഞ് നാലരയോടെ ഡാര്‍വിന്‍ സിബിഡിയിലുള്ള വൂള്‍വര്‍ത്ത്‌സ് സൂപ്പര്‍മാര്‍ക്കറ്റിലാണ് പത്തോളം പേര്‍ ഏറ്റുമുട്ടിയതെന്ന് നോര്‍ത്തേണ്‍ ടെറിട്ടറി പോലീസ് പറഞ്ഞു. കത്തികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ഏറ്റുമുട്ടല്‍.
16 വയസുകാരനാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് നോര്‍ത്തേണ്‍ ടെറിട്ടറി പോലീസ് പറഞ്ഞു. ഏറ്റുമുട്ടലിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിഭ്രാന്തരായി ആളുകള്‍ സൂപ്പര്‍മാര്‍ക്കറ്റിലൂടെ നിലവിളിച്ച് ഓടുന്നതും വീഡിയോയില്‍ കാണാം.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ജനങ്ങളെ അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണെന്ന് സൂപ്രണ്ടന്റ് ജെയിംസ് ഒബ്രിയന്‍ വിശേഷിപ്പിച്ചു. പത്തോളം പേരാണ് ഏറ്റുമുട്ടിയത്. വീഡിയോയില്‍ രണ്ടു പേരുടെ കൈകളില്‍ കത്തിയുള്ളതായി കാണാം. അതേസമയം ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല.
സംഭവത്തില്‍ എത്ര പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ഏറ്റുമുട്ടല്‍ നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ഇത് രണ്ട് വിഭാഗം ആളുകള്‍ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലായിരുന്നു. ആക്രമണം പൊതുജനങ്ങളിലേക്ക് വ്യാപിക്കാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണെന്നും സുപ്റ്റ് ഒബ്രിയന്‍ പറഞ്ഞു.
സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ വാഡേ എന്ന തദ്ദേശ ജനവിഭാഗത്തില്‍പെട്ടവരാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഓസ്ട്രേലിയയില്‍ ഏറ്റവും വിദൂര മേഖലയില്‍ താമസിക്കുന്നവരാണ് വാഡേ വിഭാഗക്കാര്‍. തുടര്‍ച്ചയായ അക്രമങ്ങള്‍ കാരണം ഈ വിഭാഗത്തില്‍പെട്ട നൂറുകണക്കിന് ആളുകള്‍ അടുത്ത കാലത്ത് അവരുടെ പ്രദേശത്തുനിന്നു പലായനം ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.