അധിക്ഷേപ പ്രസംഗം; സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി

അധിക്ഷേപ പ്രസംഗം; സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി

കൊച്ചി: ഭരണഘടനാ അധിക്ഷേപ പ്രസംഗം നടത്തിയ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി.

നിയമപ്രകാരം എംഎല്‍എക്ക് അയോഗ്യത കൽപ്പിക്കാൻ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് നിരീക്ഷണം. സര്‍ക്കാര്‍ നിലപാട് അറിയുന്നതിനായി കേസ് അടുത്ത മാസം രണ്ടിലേക്ക് മാറ്റി.

ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന് എംഎല്‍എ ആയി തുടരാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി ബിജു പി ചെറുമന്‍, വയലാര്‍ രാജീവന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ഹർജികള്‍ സമര്‍പ്പിച്ചത്. സജി ചെറിയാനെ അയോഗ്യനാക്കി ക്വാ വാറണ്ടോ പുറപ്പെടുവിക്കണമെന്നും കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുമായിരുന്നു ഹർജികളിലെ ആവശ്യം.

പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യന്‍ ആക്കാന്‍ നിയമപരമായി സാധിക്കില്ലെന്നായിരുന്നു എ.ജി കോടതിയെ അറിയിച്ചത്. എന്നാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയോ എന്ന് പരിശോധിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് പറഞ്ഞ അഡ്വക്കറ്റ് ജനറല്‍ ഹർജികള്‍ തള്ളണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഹർജിയില്‍ നിയമപ്രശ്‌നം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ജിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ മന്ത്രിയായിരിക്കേ സജി ചെറിയാന്‍ പ്രസംഗിച്ചത്. കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നും ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.