കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷത്തിന്റെ നിക്ഷേപം; ചികിത്സക്ക് സ്വന്തം പണം കിട്ടാന്‍ യാചിച്ചു; ഒടുവില്‍ മരണത്തിന് കീഴടങ്ങി

കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷത്തിന്റെ നിക്ഷേപം; ചികിത്സക്ക് സ്വന്തം പണം കിട്ടാന്‍ യാചിച്ചു; ഒടുവില്‍ മരണത്തിന് കീഴടങ്ങി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് ആവശ്യമായ പണം കിട്ടാതെ വീട്ടമ്മ മരണത്തിന് കീഴടങ്ങി. കരുവന്നൂര്‍ സ്വദേശി ദേവസിയുടെ ഭാര്യ ഫിലോമിനയാണ് ഇന്ന് രാവിലെ മരിച്ചത്.

മാപ്രാണം സ്വദേശിയായ ഫിലോമിന തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്.

പണം ചെന്ന് ചോദിക്കുമ്പോള്‍ ഇവിടെ പണമില്ല, ഉണ്ടാകുമ്പോള്‍ തരുമെന്ന് പറഞ്ഞ് മര്‍ക്കടമുഷ്ടിയോടെയാണ് അധികൃതര്‍ സംസാരിച്ചിരുന്നതെന്ന് ദേവസി സങ്കടത്തോടെ പറഞ്ഞു. മകന്റെ കാലിന്റെ ഓപ്പറേഷന് പിന്നാലെ ഏറെ കഷ്ടപ്പെട്ട് ഒന്നര ലക്ഷം രൂപ മൂന്ന് തവണകളായി വാങ്ങിയെടുത്തു. അതില്‍ നിന്നുള്ള ബാക്കി പണം കൊണ്ടാണ് ഭാര്യയുടെ ചികിത്സ നടത്തിയിരുന്നത്.

'എനിക്ക് എണ്‍പത് വയസായി. മാപ്രാണത്ത് പെട്ടി ഓട്ടോ ഓടിച്ചാണ് കഴിയുന്നത്. ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍. പല ഓഫീസുകളിലും കയറി ഇറങ്ങി. ഞാന്‍ ആരോടാണ് പറയേണ്ടത്. എല്ലാവരും കൈമലര്‍ത്തുന്നു. കൈയില്‍ പണമുണ്ടായിട്ടും എന്റെ ഭാര്യ ഈ നിലയിലാണ് മരിച്ചത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൊസൈറ്റി എന്ന് പറഞ്ഞിട്ട് നിക്ഷേപിച്ചതാണ് ഞാന്‍. ആര്‍ക്ക് അതിന്റെ ഉപയോഗം. ആരെയാണ് ഞങ്ങള്‍ വിശ്വസിച്ചത്' - ദേവസിയുടെ ചോദ്യങ്ങള്‍ക്ക് ആര്‍ക്കുമ മറുപടിയില്ല.

ആര് കട്ടാലും പിടിച്ചാലും വേണ്ടില്ല. ഞാന്‍ ഒരു രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്നില്ല. എന്റെ പണം എനിക്ക് കിട്ടിയിരുന്നെങ്കില്‍ അവള്‍ക്ക് ഞാന്‍ മികച്ച ചികിത്സ നല്‍കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളം മുമ്പെങ്ങും കേട്ടിട്ടില്ലാത്ത തരത്തിലുള്ള തട്ടിപ്പാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. ഈ തട്ടിപ്പ് പുറത്തുവന്നിട്ട് ഈ മാസം 13 ന് ഒരു വര്‍ഷം പിന്നിട്ടു. ദേവസി ഉള്‍പ്പടെ 11,000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് ബാങ്ക് നടത്തിപ്പുകാര്‍ വിഴുങ്ങിയത്. ഇത്രയും വലിയ തട്ടിപ്പ് നടന്ന് ഒരുവര്‍ഷം തികഞ്ഞിട്ടും പൊലീസ് ഇനിയും കുറ്റപത്രം നല്‍കിയിട്ടില്ല. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.

കോടികള്‍ കവര്‍ന്ന ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരെയും തട്ടിപ്പ് നടന്ന കാലത്തെ 11 ബാങ്ക് ഭരണ സമിതിയംഗങ്ങളെയും അറസ്റ്റ് ചെയ്തു എന്നതാണ് ഏക നടപടി. ഇതില്‍ ഒരു ജീവനക്കാരിയും ബാങ്ക് ഭരണ സമിതിയംഗങ്ങളും ജാമ്യത്തിലിറങ്ങി. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും ജോലിയില്‍ തിരിച്ചെടുത്തു.

ആര്‍ക്കും ഒരു പൈസ പോലും നഷ്ടപ്പെടില്ലെന്ന് മന്ത്രിയുടെ ഉറപ്പുമുണ്ടായിട്ടും സഹായമായും കടമായും ഒരു രൂപപോലും കിട്ടിയില്ല. കടക്കെണിയിലായ ബാങ്കിനെ രക്ഷപെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നില്ല. 381.45 കോടിയുടെ വായ്പ തിരിച്ചു കിട്ടാനുണ്ട്. ഇതില്‍ 42 കോടി തിരിച്ചുപിടിച്ച് നിക്ഷേപകര്‍ക്ക് നല്‍കിയെന്നാണ് ബാങ്ക് അവകാശപ്പെടുന്നത്.

ആര്‍ക്കാണ് നല്‍കിയതെന്ന് വെളിപ്പെടുത്തുന്നില്ല. കാലങ്ങളായി സി.പി.എം. ഭരിച്ചിരുന്ന ബാങ്കില്‍ നിക്ഷേപം തിരികെ നല്‍കുന്നതിലും രാഷ്ട്രീയമുണ്ടെന്നാണ് ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.