2024 ഓടെ ഇലക്ട്രിക് വിമാനങ്ങള്‍ ആകാശത്ത്; ഓസ്‌ട്രേലിയയില്‍ പരീക്ഷണഘട്ടം ആരംഭിച്ചു

2024 ഓടെ ഇലക്ട്രിക് വിമാനങ്ങള്‍ ആകാശത്ത്; ഓസ്‌ട്രേലിയയില്‍ പരീക്ഷണഘട്ടം ആരംഭിച്ചു

വിക്ടോറിയ: ഗതാഗത മാര്‍ഗങ്ങള്‍ ഇലക്ട്രിക് സംവിധാനങ്ങളിലേക്ക് ചുവടു മാറിക്കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയയില്‍ വിമാന സര്‍വീസുകളും വൈദ്യുതികരിക്കുന്നതിന് തുടക്കമിട്ട് റെക്‌സ് എയര്‍ലൈന്‍സ്. വൈദ്യുതിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിമാനത്തിന്റെ പരീക്ഷണ പറക്കലിന് റീജിയണല്‍ സൗത്ത് ഓസ്ട്രേലിയയിലെ മൗണ്ട് ഗാംബിയറില്‍ കഴിഞ്ഞ ദിവസം ഫ്‌ളാഗ് ഓഫ് ചെയ്തു.

2024 ഓടെ വാണിജ്യാടിസ്ഥാനത്തില്‍ ഇലക്ട്രിക് വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ നിര്‍ണായക ഘട്ടം പിന്നിടുന്നതെന്ന് കമ്പനി ഡെപ്യൂട്ടി ചെയര്‍മാന്‍ ജോണ്‍ ഷാര്‍പ്പ് പറഞ്ഞു.

പദ്ധതി വിജയിച്ചാല്‍ ഇലക്ട്രിക് വാണിജ്യ വിമാനങ്ങള്‍ പരീക്ഷിക്കുന്ന ഓസ്ട്രേലിയയിലെ ആദ്യ വിമാനക്കമ്പനി ആകും റെക്‌സ് എയര്‍ലൈന്‍സ്. പ്രാദേശിക റൂട്ടുകള്‍ കേന്ദ്രീകരിച്ച് ചിലവ് കുറഞ്ഞ വിമാനയാത്ര സൗകര്യം നല്‍കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. മാത്രമല്ല അന്തരീക്ഷ മലിനീകരണവും വിമാന പറക്കലിന്റെ ഭാരിച്ച ചിലവും കുറയ്ക്കാന്‍ സാധിക്കുമെന്ന് കമ്പനി പറഞ്ഞു. മൗണ്ട് ഗാംബിയര്‍ മുതല്‍ അഡ്ലെയ്ഡ് വരെയാകും ആദ്യ സര്‍വീസുകള്‍.



നിലവിലുള്ള ജെറ്റ് എഞ്ചിനുകളേക്കാള്‍ ശബ്ദവും മലിനീകരണം കുറവാണ് ഇലക്ട്രിക് വിമാനങ്ങള്‍ക്ക്. ജെറ്റ് എന്‍ജിനുകളുടെ സ്ഥാനത്ത് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനുകള്‍ മാറ്റി സ്ഥാപിക്കും. സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നതിനാല്‍ യാത്ര സുരക്ഷിതമായിരിക്കുമെന്നും ജോണ്‍ ഷാര്‍പ്പ് പറഞ്ഞു. ഇലക്ട്രിക് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മുതല്‍ നാല് സീറ്റ് വരെയുള്ള ചെറു വിമാനങ്ങള്‍ നിലവില്‍ ഒസ്‌ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വ്യോമയാന മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ പേരുകേട്ട വിമാന കമ്പനിയാണ് റെക്‌സ് എയര്‍ലൈന്‍സ്. തദ്ദേശീയ സര്‍വീസുകളാണ് ഏറെ നടത്തുന്നതെങ്കിലും കൃത്യതയും ഗുണമേന്മയും ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് കമ്പനികള്‍ക്ക് ഇടയില്‍പ്പോലും റെക്‌സിന്റെ പേര് സുപരിചിതമാക്കി. ഓസ്‌ട്രേലിയയിലെ 12 ഓളം സംസ്ഥാനങ്ങളില്‍ അറുപതിന് മുകളില്‍ പ്രതിദിന സര്‍വീസ് ഉണ്ട്. ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ പ്രാദേശിക വിമാന കമ്പനി കൂടിയാണ് റെക്‌സ് എയര്‍ലൈന്‍സ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.