നാവിക സേനയില്‍ പെണ്‍കുട്ടികള്‍ക്ക് 'അഗ്നിവീര്‍' ആകാം

നാവിക സേനയില്‍ പെണ്‍കുട്ടികള്‍ക്ക് 'അഗ്നിവീര്‍' ആകാം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയില്‍ പെണ്‍കുട്ടികള്‍ക്ക് അഗ്നിവീര്‍ ആകാന്‍ അവസരം. ഇന്ത്യന്‍ നേവിയില്‍ 20 ശതമാനം വനിതാ അഗ്നിവീറുകളെയാണ് റിക്രൂട്ട് ചെയ്യുന്നത്. ഇന്ത്യന്‍ നേവി അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് 2022 കാമ്പെയ്‌നിലൂടെ മൊത്തം 200 ഒഴിവുകള്‍ നികത്തും. അതില്‍ 40 ഒഴിവുകള്‍ പെണ്‍കുട്ടികള്‍ക്കുള്ളതാണ്.

അഗ്നിപഥ് സ്‌കീം 2022-23 പ്രകാരം ഇന്ത്യന്‍ നേവിയില്‍ 2022 ഡിസംബര്‍ ബാച്ചിലേക്കുള്ള അഗ്നിവീര്‍ എംആര്‍ റിക്രൂട്ട്‌മെന്റ് അപേക്ഷയുടെ അവസാന തീയതി അടുത്തിരിക്കുകയാണ്. ഇതുവരെ ഓണ്‍ലൈനായി അപേക്ഷിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ joinindiannavy.gov.in സന്ദര്‍ശിച്ച് 2022 ജൂലൈ 30ന് മുമ്പ് അപേക്ഷാ ഫോം പൂരിപ്പിച്ചു നല്‍കാം.

എന്‍ജിനീയറിങ്, മെക്കാനിക്കല്‍, മെഡിക്കല്‍ അസിസ്റ്റന്റ്, എയര്‍മാന്‍, ലോജിസ്റ്റിക്, ഹൈജീനിസ്റ്റ്, മ്യൂസിഷ്യന്‍, സെയിലര്‍, കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തസ്തികകളിലേക്കാണ് പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത്. നേരത്തെ എസ്എസ്ആറിന്റെ 2800 ഒഴിവുകളില്‍ 560 ഒഴിവുകള്‍ പെണ്‍കുട്ടികള്‍ക്കുള്ളതായിരുന്നു. ഈ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷയുടെ അവസാന തീയതി 2022 ജൂലൈ 22 വരെയായിരുന്നു.

സ്ത്രീകള്‍ക്ക് ആവശ്യമായ യോഗ്യതകള്‍

അഗ്നിവീറാകാന്‍ പെണ്‍കുട്ടികള്‍ അവിവാഹിതരായിരിക്കണം. ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസ് പാസായ പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ നേവിയില്‍ അഗ്നിവീറാകാന്‍ അപേക്ഷിക്കാം.

പ്രായപരിധി കുറഞ്ഞത് 17 വയസ് മുതല്‍ 21 വയസ് വരെയാണ്. പരമാവധി പ്രായപരിധി ഈ വര്‍ഷത്തേക്ക് മാത്രം 23 വയസ് വരെയാണ്.

ഉയരം-152 സെന്റീമീറ്റര്‍ (അതായത് 4 അടി 11 ഇഞ്ച്).

ഘട്ടം 1: ആദ്യം യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കണം.

ഘട്ടം 2: പത്താം ക്ലാസിലെ വിജയശതമാനത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും.

ഘട്ടം 3: തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ എഴുത്ത് പരീക്ഷയ്ക്കും കായികക്ഷമതാ പരീക്ഷയ്ക്കും വിളിക്കും.

ഘട്ടം 4: പരീക്ഷയുടെയും ഫിറ്റ്‌നസ് ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. അതില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ മെഡിക്കല്‍ ടെസ്റ്റിനായി ഐഎന്‍എസ് ചില്‍ക്കയിലേക്ക് അയയ്ക്കും.

ഘട്ടം 5: മെഡിക്കല്‍ ടെസ്റ്റില്‍ യോഗ്യരാണെന്ന് കണ്ടെത്തുന്ന ഉദ്യോഗാര്‍ത്ഥികളെ എന്റോള്‍ ചെയ്യും.

അഗ്നിവീരര്‍ക്കുള്ള ശമ്പളവും സൗകര്യങ്ങളും

വിജ്ഞാപനമനുസരിച്ച് ഉദ്യോഗാര്‍ത്ഥികളെ നാല് വര്‍ഷത്തേക്കാണ് റിക്രൂട്ട് ചെയ്യുന്നത്. എല്ലാ മാസവും ലഭിക്കുന്ന ശമ്പളവും അലവന്‍സുകളും ഇപ്രകാരമായിരിക്കും:

ആദ്യ വര്‍ഷം 30,000 രൂപ ശമ്പളവും മറ്റ് അലവന്‍സുകളും
രണ്ടാം വര്‍ഷം 33,000 രൂപ ശമ്പളവും മറ്റ് അലവന്‍സുകളും
മൂന്നാം വര്‍ഷം 36,500 രൂപ ശമ്പളവും മറ്റ് അലവന്‍സുകളും
നാലാം വര്‍ഷം 40,000 രൂപ ശമ്പളവും മറ്റ് അലവന്‍സുകളും നല്‍കും.

ശമ്പളത്തിന്റെ 30% കിഴിച്ച് സര്‍വീസ് ഫണ്ടില്‍ നിക്ഷേപിക്കും. ഇങ്ങനെ നാല് വര്‍ഷത്തിനുള്ളില്‍ മൊത്തം 10.4 ലക്ഷം ഫണ്ട് നിക്ഷേപിക്കും. പലിശ കൂടി കണക്കാക്കുമ്പോള്‍ ഇത് 11.71 ലക്ഷമാകും. ഈ ഫണ്ടിന് ആദായ നികുതി നല്‍കേണ്ടതില്ല. ഇത് അഗ്നിവീറിന്റെ നാല് വര്‍ഷത്തെ സേവനത്തിന് ശേഷം ലഭ്യമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.