ഡോ.ശങ്കർ ദയാൽ ശർമ്മ: ഇന്ത്യയുടെ നാല് പ്രധാനമന്ത്രിമാരെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച രാഷ്ട്രപതി

ഡോ.ശങ്കർ ദയാൽ ശർമ്മ: ഇന്ത്യയുടെ നാല് പ്രധാനമന്ത്രിമാരെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച രാഷ്ട്രപതി

ഭാരതത്തിന്റെ രാഷ്ട്രപതിമാർ : പരമ്പര - 9

ആർ. വെങ്കിട്ടരാമന് ശേഷം സ്വതന്ത്ര ഇന്ത്യയുടെ ഒമ്പതാമത് രാഷ്ട്രപതിയായി ഡോ. ശങ്കർ ദയാൽ ശർമ്മ തിരഞ്ഞെടുക്കപ്പെട്ടു. ആർ. വെങ്കിട്ടരാമൻ രാഷ്ട്രപതിയായിരിക്കുമ്പോൾ ഉപരാഷ്ട്രപതിയായി  സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ശങ്കർ ദയാൽ.

1992 ജുലായ് 13 ന് നടന്ന തിരഞ്ഞെടുപ്പിൽ നാല് സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. കോൺഗ്രസിനായി ഡോ. ശങ്കർ ദയാൽ ശർമ്മയും ബിജെപി- നാഷണൽ ഫ്രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മേഘാലയയിൽ നിന്നുള്ള രാജ്യസഭാംഗം ജോർജ് ഗിൽബർട്ട് സ്വെലും രംഗത്തിറങ്ങിയപ്പോൾ അഭിഭാഷകനായ രാം ജഠ് മലാനിയും ഉത്തർ പ്രദേശിലെ ടെക്സ്റ്റയിൽസ് ഉടമസ്ഥനും ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ നിന്ന് 300 ഓളം തിരഞ്ഞെടുപ്പുകളിൽ മൽസരിച്ച് തോറ്റ കാക ജോഗിന്ദർ സിങും മൽസരത്തിനിറങ്ങി.

ഡോ.ശങ്കർ ദയാൽ ശർമ്മ 6,75,804, ജോർജ് ഗിൽബർട്ട് സ്വെൽ 3,46,485, രാം ജഠ് മലാനി 2,704, കാക ജോഗിന്ദർ സിങ് 1,135 എന്നിങ്ങനെയായിരുന്നു വോട്ടുനില. 1992 ജൂലൈ മുതൽ 1997 ജൂലൈ വരെ ഡോ.ശങ്കർ ദയാൽ ശർമ്മ രാഷ്ട്രപതിയായി തുടർന്നു.

1918 ഓഗസ്റ്റ് 19 നാണ് ശങ്കർ ദയാൽ ശർമ്മയുടെ ജനനം. ഫിറ്റ്‌സ് വില്യം കോളജിലെ മികച്ച നിയമ വിദ്യാർത്ഥിയായ ശർമ്മയ്ക്ക് ലഖ്‌നൗ യൂണിവേഴ്‌സിറ്റി സാമൂഹ്യ സേവനത്തിന് സ്വർണ മെഡൽ ലഭിച്ചു. പിന്നീട് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലും ജോലി ചെയ്തു.  ഈ സർവ്വകലാശാലകളിൽ ജോലി ചെയ്തിരുന്ന കാലത്ത് ഹാർവാർഡ് ലോ സ്കൂളിൽ ഫെലോഷിപ്പ് ലഭിക്കുകയും ഓണററി ബെഞ്ചറായും ലിങ്കൺസ് ഇന്നിന്റെ മാസ്റ്ററായും കേംബ്രിഡ്ജിലെ ഫിറ്റ്‌സ്‌വില്യം കോളജിലെ ഓണററി ഫെലോ ആയും തിരഞ്ഞെടുക്കപ്പെട്ടു. കേംബ്രിഡ്ജിൽ ആയിരുന്നപ്പോൾ ശർമ്മ ടാഗോർ സൊസൈറ്റിയുടെയും കേംബ്രിഡ്ജ് മജിലിസിന്റെയും ട്രഷററായിരുന്നു. ഇന്ത്യയുടെ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹം ഇന്ത്യയിലെ പല സർവകലാശാലകളുടെയും ചാൻസലറായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ശർമ്മ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായി .

പി. വി നരസിംഹ റാവു, അടൽ ബിഹാരി വാജ്പേയ്, എച്ച്. ഡി ദേവഗൗഡ, ഇന്ദർ കുമാർ ഗുജ്റാൾ എന്നിങ്ങനെ നാല് പ്രധാനമന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത രാഷ്ട്രപതി, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഗവർണർ, മധ്യപ്രദേശ് മുഖ്യമന്ത്രി, കേന്ദ്ര വാർത്താ വിനിമയവകുപ്പു മന്ത്രി, ലക്നൗ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ നിയമം പഠിപ്പിച്ചിട്ടുള്ള ഇന്ത്യൻ രാഷ്ട്രപതി എന്നിവ അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. 1999 ഡിസംബർ 26 ന് ഹൃദയാഘാതത്തെ തുടർന്ന് 81-ാം വയസിൽ ഡോ.ശങ്കർ ദയാൽ ശർമ്മ അന്തരിച്ചു.
തുടരും…..

ഭാരതത്തിന്റെ രാഷ്ട്രപതിമാർ എന്ന പരമ്പരയുടെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.