കെ.ആർ നാരായണൻ: രാഷ്ട്രപതി പദവിയിലെത്തിയ ഏക മലയാളി

കെ.ആർ നാരായണൻ: രാഷ്ട്രപതി പദവിയിലെത്തിയ ഏക മലയാളി

ഭാരതത്തിന്റെ രാഷ്ട്രപതിമാർ : പരമ്പര - 10


സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി വർഷത്തിലും ഇന്ത്യയെ നയിച്ച രാഷ്ട്രപതിയായിരുന്നു കെ.ആർ നാരായണൻ. ഉപരാഷ്ട്രപതിയിൽ നിന്നും നേരിട്ട് രാഷ്ട്രപതിയിലേക്ക് നാമനിർദ്ദേശം ലഭിക്കുമ്പോൾ അദ്ദേഹത്തിന്റെ നോമിനേഷനെ എതിർക്കാൻ പ്രബല ശക്തികൾ ആരുമില്ലായിരുന്നു.

ഭരണകക്ഷിയായ യുണൈറ്റഡ് ഫ്രണ്ട് സ്ഥാനാർഥി കെ.ആർ നാരായണനെ കോൺഗ്രസും ബിജെപിയുമടക്കമുള്ള പ്രതിപക്ഷ പാർട്ടികളും പിന്തുണച്ചു. ശിവസേനയും ചില സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയോടെ മുൻ തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന ടി.എൻ ശേഷൻ മത്സരിച്ചു. അദ്ദേഹത്തിന് കെട്ടിവച്ച കാശ് നഷ്ടമായി.

കെ ആർ നാരായണൻ 9,56,290, ടി.എൻ ശേഷൻ 50,361 ഇങ്ങനെയായിരുന്നു വോട്ട് നില. 97 ജൂലൈയിൽ കെ.ആർ രാജ്യത്തെ ആദ്യ ദലിത് രാഷ്ട്രപതിയായി. ഇന്ത്യ രാഷ്ട്രീയമായി പ്രക്ഷുബ്ധമായ ഘട്ടത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് അദ്ദേഹം ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായിരുന്നത്. 1992 മുതൽ 2002 വരെ. ഇക്കാലം എട്ട് തവണ ഭരണം മാറി. ഒരു സർക്കാരിനും ഒറ്റയ്ക്കു വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല.

97 ൽ കെ.ആർ നാരായണൻ രാഷ്ട്രപതിയായ ശേഷം കോൺഗ്രസും ബിജെപിയും മൂന്നാം മുന്നണിയുമൊക്കെ പലവട്ടം സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ നടത്തി. വ്യക്തമായ ഭൂരിപക്ഷം രേഖാമൂലം തെളിയിക്കാതെ ഒരു മുന്നണിയെയും ഭരണമേറാൻ കെ.ആർ നാരായണൻ അനുവദിച്ചില്ല. രാഷ്ട്രപതി പദവിയിൽ അദ്ദേഹം തന്റെ വിവേചനാധികാരം ക്രിയാത്മകമായി ഉപയോഗിച്ച പല സന്ദർഭങ്ങളും ഉണ്ടായി.

സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നടപ്പാക്കാനുള്ള രണ്ട് ശുപാർശകൾ തിരിച്ചയച്ചതാണ് അതിലൊന്ന്. ഉത്തർപ്രദേശിലെ കല്യാൺ സിംഗ് മന്ത്രിസഭയെ പിരിച്ചുവിടാനുള്ള ഐ.കെ ഗുജ്റാൾ സർക്കാരിന്റെ ശുപാർശ ആയിരുന്നു അതിൽ ആദ്യത്തേത്. കെ.ആർ നാരായണൻ അതിൽ ഒപ്പ് വെക്കാതെ തിരിച്ചയച്ചതോടെ ഗുജ്റാൾ സർക്കാർ ആ തീരുമാനത്തിൽ നിന്ന് പിന്മാറി. ബിഹാറിലെ റാബ്രി ദേവി മന്ത്രിസഭയെ പിരിച്ചുവിടാനുള്ള വാജ്പേയ് സർക്കാരിന്റെ ശുപാർശയായിരുന്നു രണ്ടാമത്തേത്. വാജ്പേയ് സർക്കാർ പുനപരിശോധനക്ക് ശേഷം റാബ്രി ദേവി മന്ത്രിസഭയെ പിരിച്ചുവിടണമെന്ന് വീണ്ടും ശുപാർശ നൽകി. അതോടെ ആ ശുപാർശയിൽ വിമുഖതയോടെ ഒപ്പുവെക്കാൻ രാഷ്ട്രപതി നിർബന്ധിതനാവുകയായിരുന്നു. കരുണാനിധിയുടെ അർധരാത്രി അറസ്റ്റിന് പിന്നാലെ തമിഴ്നാട് ഗവർണറെ തിരിച്ചുവിളിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്. രാഷ്ട്രപതി സ്ഥാനത്തിരിക്കെ ആദ്യമായി തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തതും അദ്ദേഹമാണ്.

1920 ഒക്ടോബർ 27 ന് പെരുംതാനത്ത് ഉഴവൂർ ഗ്രാമത്തിൽ നാരായണൻ ജനിച്ചു. ആദ്യകാല സ്കൂൾ വിദ്യാഭ്യാസം ഉഴവൂരിലെ കുറിച്ചിത്താനത്തെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലും ഔവർ ലേഡി ഓഫ് ലൂർദ് അപ്പർ പ്രൈമറി സ്കൂളിലുമായിരുന്നു. കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്‌കൂളിൽ നിന്നാണ് മെട്രിക്കുലേഷൻ പാസായത്. സ്കോളർഷിപ്പിന്റെ സഹായത്തോടെ കോട്ടയത്തെ സിഎംഎസ് കോളേജിൽ (1938-40) ഇന്റർ മീഡിയറ്റ് പൂർത്തിയാക്കി.
നാരായണൻ തിരുവിതാംകൂർ സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ്

സാഹിത്യത്തിൽ ബിഎയും (ഓണേഴ്‌സ്) എംഎയും നേടി. കുറച്ചുകാലം ജേർണലിസവും തുടർന്ന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ പൊളിറ്റിക്കൽ സയൻസും സ്‌കോളർഷിപ്പിന്റെ സഹായത്തോടെ പഠിച്ചു. കുടുംബം കടുത്ത ബുദ്ധിമുട്ടുകൾ നേരിട്ടതോടെ അദ്ദേഹം ഡൽഹിയിലേക്ക് പോയി , ദി ഹിന്ദു , ടൈംസ് ഓഫ് ഇന്ത്യ  എന്നിവയിൽ പത്രപ്രവർത്തകനായി കുറച്ചുകാലം പ്രവർത്തിച്ചു.

നെഹ്‌റു ഭരണത്തിൽ ഇന്ത്യൻ ഫോറിൻ സർവീസിൽ അംഗമായി. ഇന്ത്യയിൽ കരിയർ, ജപ്പാൻ, യുണൈറ്റഡ് കിങ്ഡം, തായ്‌ലൻഡ്, തുർക്കി, ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ അംബാസഡറായി സേവനമനുഷ്ഠിച്ച അദ്ദേഹത്തെ നെഹ്‌റു "രാജ്യത്തിന്റെ ഏറ്റവും മികച്ച നയതന്ത്രജ്ഞൻ" എന്ന് വിശേഷിപ്പിച്ചിരുന്നു.

പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ മലയാളി, പിന്നാക്ക വിഭാഗക്കാരനായ കേരളത്തിൽ നിന്നുള്ള രാഷ്ട്രപതി, അമേരിക്കയിൽ നിന്നും ഉന്നത പഠനം പൂർത്തിയാക്കിയ വ്യക്തി, പത്രപ്രവർത്തകൻ, രാഷ്ട്രപതി സ്ഥാനത്തിരിക്കെ ആദ്യമായി തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത വ്യക്തി തുടങ്ങിയ നിരവധി പ്രത്യേകതകളുടെ ഉടമയാണ് കെ.ആർ നാരായണൻ.

2005 നവംബർ ഒമ്പതിന് എൺപതിനാലാമത്തെ വയസിൽ അദ്ദേഹം അന്തരിച്ചു. കേരളീയരുടെ സ്വകാര്യ അഹങ്കാരമായിരുന്നു കെ.ആർ നാരായണൻ. രാഷ്ട്രപതി പദവിയിലെത്തിയ ഏക മലയാളിയായ നാരായണൻ
രാജ്യത്തിന് ആത്മവിശ്വാസം പകരുന്ന  ഊര്‍ജസാന്നിധ്യമായിരുന്നു.

തുടരും…..

ഭാരതത്തിന്റെ രാഷ്ട്രപതിമാർ എന്ന പരമ്പരയുടെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.