എറണാകുളം-അങ്കമാലി അതിരൂപത; വൈദികരുടെ സമ്മേളനം വിളിച്ച് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

എറണാകുളം-അങ്കമാലി അതിരൂപത; വൈദികരുടെ സമ്മേളനം വിളിച്ച് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ചു ബിഷപ് മാര്‍ ആഡ്രൂസ് താഴത്തിന്റെ നിര്‍ദേശപ്രകാരം അതിരൂപതാ സിഞ്ചെല്ലൂസ് ഫാ ഹോര്‍മിസ് മൈനാട്ടി പ്രിസ്ബിത്തേരിയം കൂടാന്‍ എല്ലാ വൈദികര്‍ക്കും സര്‍ക്കുലര്‍ അയച്ചു. 2022 ഓഗസ്റ്റ് നാല് വ്യാഴാഴ്ച രാവിലെ 10ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കാ ഹാളില്‍ പ്രിസ്ബിത്തേരിയം ചേരും. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം കത്തോലിക്കാ സഭയുടെ സജീവമായ ശുശ്രൂഷയില്‍, വൈദികരുടെ കൂട്ടായ്മയെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന ഒരു ആധുനിക പദമാണ് പ്രസ്ബിറ്റീരിയം.

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇപ്പോള്‍ സേവനം ചെയ്യുന്ന എല്ലാ വൈദികരും പ്രസ്തുത യോഗത്തില്‍ സംബന്ധിക്കണമെന്ന് സിഞ്ചെല്ലൂസ് ആവശ്യപ്പെട്ടു. കൂടാതെ പൗരോഹിത്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന അതിരൂപതയിലെ വൈദികരെ തദവസരത്തില്‍ ആദരിക്കും. നിലവില്‍ അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദീകരെയാണ് യോഗത്തിലേക്ക് വിളിച്ചത് എന്നത് ശ്രദ്ധേയമാണ്.

വത്തിക്കാന്റെയും സിറോ-മലബാര്‍ സിന്‍ഡിന്റെയും, അതിരൂപതാ അഡ്മിനിസ്‌ട്രേറ്ററുടെയും നിര്‍ദേശങ്ങളും തീരുമാനങ്ങളും തുടര്‍ച്ചയായി ലംഘിക്കുന്ന വൈദികര്‍ക്കെതിരെ മാര്‍ ആന്‍ഡ്രൂസ് താഴത്തില്‍ നിന്ന് കര്‍ശനമായ അച്ചടക്ക നടപടികള്‍ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ പദവി ഏറ്റെടുത്തതിന് ശേഷം മാര്‍ ആഡ്രൂസ് താഴത്ത് വിളിച്ച് ചേര്‍ക്കുന്ന ആദ്യത്തെ യോഗമാണ് ഓഗസ്റ്റ് നാലിന് ചേരുന്നത്.

ഏകീകൃത കുര്‍ബാന ക്രമത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ചില വിമത വൈദീകര്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കും നിഷേധാത്മക നിലപാടുകള്‍ക്കും പരിഹാരം കണ്ടെത്താന്‍ വത്തിക്കാന്‍ ഇടപെട്ടതോടെയാണ് മാര്‍ ആഡ്രൂസ് താഴത്തിന് അഡ്മിനിസ്ട്രേറ്റര്‍ ചുമതല നല്‍കിയത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചേരുന്ന ആദ്യത്തെ യോഗത്തില്‍ നിര്‍ണായകമായ പല തീരുമാനങ്ങളും പ്രതീക്ഷിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.