ശബ്ദവുമില്ല പുകയുമില്ല; അല്‍ സവാഹിരിയെ കാലപുരിയ്ക്കയക്കാന്‍ അമേരിക്ക പ്രയോഗിച്ചത് അത്യാധുനിക ഹെല്‍ഫയര്‍ മിസൈലുകള്‍

ശബ്ദവുമില്ല പുകയുമില്ല;  അല്‍ സവാഹിരിയെ കാലപുരിയ്ക്കയക്കാന്‍ അമേരിക്ക പ്രയോഗിച്ചത് അത്യാധുനിക ഹെല്‍ഫയര്‍ മിസൈലുകള്‍

കാബൂള്‍: അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിക്കാന്‍ അമേരിക്ക പ്രയോഗിച്ചത് രഹസ്യായുധം. ആള്‍ക്കൂട്ടത്തില്‍ നിന്നു പോലും ലക്ഷ്യം വച്ച വ്യക്തിയെ മാത്രം തെരഞ്ഞു പിടിച്ച് നാമാവശേഷമാക്കാന്‍ കെല്‍പ്പുള്ള ഹെല്‍ഫയര്‍ മിസൈലുകളാണവ.

ഹെല്‍ഫയര്‍ ആര്‍ 9 എക്‌സാണ് ഈ ശ്രേണിയില്‍ അത്യാധുനിക ആയുധം. ആക്രമണം നടന്നിട്ടും അല്‍ സവാഹിരി കൊല്ലപ്പെട്ട കാബൂളിലെ വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കാത്തതും ഹെല്‍ഫയര്‍ മിസൈലുകള്‍ ഉപയോഗിച്ചതിനാലാണ്.

ചിത്രങ്ങളില്‍ ഒരു സ്ഫോടനത്തിന്റെ ലക്ഷണമൊന്നും കാണാനാവുന്നില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഡ്രോണ്‍ ഉപയോഗിച്ച് രണ്ട് മിസൈലുകള്‍ തൊടുത്തു വിട്ടാണ് അല്‍ സവാഹിരിയെ അമേരിക്ക വധിച്ചതെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

ഹെല്‍ഫയര്‍ ആര്‍ 9 എക്‌സ് അഥവാ 'നിഞ്ച ബോംബ്'

അമേരിക്കയുടെ ആധുനിക രഹസ്യായുധമായ ഹെല്‍ഫയര്‍ ആര്‍ 9 എക്‌സിനെ കുറിച്ച് അധിക വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കൃത്യമായ ആക്രമണങ്ങള്‍ക്കാണ് ഈ ലേസര്‍ ഗൈഡഡ് മിസൈലുകള്‍ ഉപയോഗിക്കുക. ആന്റിടാങ്ക് ശേഷിയുള്ള സബ്സോണിക് മിസൈലുകളുടെ വകഭേദമാണ് ഹെല്‍ഫയര്‍ മിസൈലുകള്‍. സൂക്ഷ്മമായി ആക്രമിക്കേണ്ട ലക്ഷ്യങ്ങളിലേക്കാണ് ഇവ പ്രയോഗിക്കുക.

അഫ്ഗാനിലടക്കം നടന്ന നിരവധി ഓപ്പറേഷനുകളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള മിസൈല്‍ ആക്രമണങ്ങളിലൂടെ ഭീകര നേതാക്കളെ കൂടാതെ സാധാരണക്കാരും കുട്ടികളും കൊല്ലപ്പെടുന്നത് അമേരിക്കയ്ക്ക് തലവേദനയായിരുന്നു. സാധാരണക്കാരുടെ മരണം ഏറെ വിമര്‍ശനങ്ങള്‍ക്കും കാരണമായി. ഇതേ തുടര്‍ന്നാണ് വ്യോമാക്രമണങ്ങള്‍ക്കായി ഈ രഹസ്യ ആയുധം നിര്‍മ്മിക്കാന്‍ അമേരിക്ക തീരുമാനിച്ചത്.

കെട്ടിടങ്ങളെയോ വാഹനങ്ങളേയോ ആക്രമിക്കുമ്പോള്‍ അവയുടെ മേല്‍ക്കൂര തകര്‍ത്തു കൊണ്ട് ലക്ഷ്യത്തിലേക്ക് എത്തുവാന്‍ ഈ മിസൈലിനാവും. ഇതിനായി സ്ഫോടനത്തിന് പകരം കൂര്‍ത്ത ബ്ളേഡുകളാണ് ഉപയോഗിക്കുന്നത്. 'നിഞ്ച ബോംബ്' എന്നും ഈ മിസൈലുകളെ വിളിക്കുന്നു. ഹെല്‍ഫയര്‍ മിസൈലുകള്‍ക്ക് അതിന്റെ വാര്‍ഹെഡ്, ഗൈഡന്‍സ് സിസ്റ്റം, ഭൗതിക വ്യതിയാനങ്ങള്‍ എന്നിവയെ ആശ്രയിച്ച് നിരവധി വക ഭേദങ്ങളുണ്ട്.

ഏറ്റവും കുറഞ്ഞ നാശനഷ്ടങ്ങളോടെ ശത്രുവിനെ വക വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍ഫയര്‍ മിസൈലുകളുടെ പുതു തലമുറ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അടുത്തിടെ ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിക്കാനും അമേരിക്ക ഈ മാരകായുധം ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് കൊടും ഭീകരനായ അയ്മാന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയത്. ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സവാഹിരി അല്‍ ഖ്വയ്ദയുടെ തലവനായത്.

സിഐഎ  ഓപ്പറേഷന്‍

ഞായറാഴ്ച അതിരാവിലെയാണ് അമേരിക്ക സവാഹിരിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. സവാഹിരി കുടുംബത്തോടെ ഒളിവില്‍ താമസിക്കുന്ന വീട് കണ്ടെത്തിയ സിഐഎ, പ്രഭാതത്തില്‍ ഭീകരന്‍ ബാല്‍ക്കണിയില്‍ വരാറുണ്ടെന്ന് മനസിലാക്കി. ഞായറാഴ്ച രാവിലെ ബാല്‍ക്കണിയില്‍ വന്ന ഭീകരനെ എതിരേറ്റത് അമേരിക്കന്‍ ആളില്ലാ വിമാനത്തില്‍ നിന്നും കുതിച്ചു വന്ന രണ്ട് ഹെല്‍ഫയര്‍ മിസൈലുകളായിരുന്നു. അതേസമയം വീടിനുള്ളിലുണ്ടായിരുന്ന സവാഹരിയുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും രക്ഷപ്പെടുകയും ചെയ്തു. 21 വര്‍ഷമായി അമേരിക്ക തേടുന്ന കൊടുംഭീകരനെയും അങ്ങനെ സിഐഎ വധിച്ചു.

ആരാണ് സവാഹിരി?

ഉസാമ ബിന്‍ ലാദന്‍ കഴിഞ്ഞാല്‍ അല്‍ ഖ്വയ്ദയുടെ മുഖ്യ നേതാവായിരുന്നു കൊടും ഭീകരനായ അയ്മന്‍ അല്‍ സവാഹിരി. 2001 ല്‍ അമേരിക്കന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പ്രതികാരമായി ബിന്‍ ലാദനെ അമേരിക്ക വധിച്ചുവെങ്കിലും സവാഹിരിയെ കണ്ടെത്താനായില്ല. അടുത്തിടെ അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും മടങ്ങുകയും താലിബാന്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് സവാഹിരി വീണ്ടും പ്രത്യക്ഷനായി തുടങ്ങിയത്.

ഈജിപ്തിലാണ് സവാഹിരി ജനിച്ചത്. കെയ്റോ നഗര പ്രാന്തത്തിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച സവാഹിരി നേത്രരോഗ വിദഗ്ദ്ധന്‍ കൂടിയായിരുന്നു. എന്നാല്‍ പിന്നീട് തീവ്ര മതാശയങ്ങളില്‍ ആകൃഷ്ടനായി സുന്നി ഇസ്ലാമിക നവോത്ഥാനത്തിന്റെ അക്രമാസക്തമായ പാതകളിലൂടെ സഞ്ചാരം തുടങ്ങി.

മധ്യേഷ്യയിലും ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അവിടെ വച്ച് ഉസാമ ബിന്‍ ലാദനെയും മറ്റ് അറബ് തീവ്രവാദികളെയും പരിചയപ്പെടുകയുമായിരുന്നു. സോവിയറ്റ് സൈന്യത്തെ അഫ്ഗാനില്‍ നിന്നും പുറത്താക്കാനുള്ള അമേരിക്കന്‍ തന്ത്രങ്ങളുടെ നേതൃത്വം വൈകാതെ ഇവര്‍ ഏറ്റെടുത്തു. ബിന്‍ ലാദന്‍ അല്‍ ഖ്വയ്ദ സ്ഥാപിച്ചപ്പോള്‍ മുതല്‍ സവാഹിരി മുന്‍നിരയില്‍ ഉണ്ടായിരുന്നു.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം തീവ്രവാദ ഫണ്ടുകള്‍ പ്രധാനമായും കൈകാര്യം ചെയ്തത് സവാഹിരിയായിരുന്നു. അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ ഒളിവില്‍ താമസിച്ച ഇയാള്‍ അല്‍ ഖ്വയ്ദയെ പുനര്‍ നിര്‍മ്മിക്കുന്ന ശ്രമങ്ങള്‍ തുടര്‍ന്നു.

ഇറാഖ്, ഏഷ്യ, യെമന്‍ എന്നിവിടങ്ങളിലെ സംഘടനയുടെ ചുമതലയും വഹിച്ചു. ബാലി, റിയാദ്, ജക്കാര്‍ത്ത, ഇസ്താംബുള്‍, മാഡ്രിഡ്, ലണ്ടന്‍ എന്നിങ്ങനെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണം നടത്തിയ അല്‍ഖ്വയ്ദയുടെ മാസ്റ്റര്‍ ബ്രെയിന്‍ അയ്മന്‍ അല്‍ സവാഹിരിയായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.