ന്യൂഡല്‍ഹി: ആഹാരം എടുത്തതിന്റെ പേരില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിന് ഇരയായി മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസില്‍ രാഷ്ട്രപതി ഇടപെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഇടപെടല്‍ കേസില്‍ വഴിത്തിരിവ് ആകുമെന്ന വിശ്വാസത്തിലാണ് മധുവിന്റെ കുടുംബം.
സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയ കേസില്‍ ഇത്തരത്തിലൊരു ഇടപെടലിലൂടെ മാത്രമേ മധുവിന് നീതി ലഭിക്കുകയുള്ളുവെന്നും കുടുംബവും സാമൂഹ്യപ്രവര്‍ത്തകരും പറയുന്നു.
ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നു വന്ന ദ്രൗപതി മുര്‍മുവിന് പിന്നോക്ക വല്‍ക്കരിക്കപ്പെട്ടവരുടെ വേദന മനസിലാകുമെന്നുള്ള പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം. കേസില്‍ വിചാരണ തന്നെ നാലു വര്‍ഷം വൈകിയാണ് തുടങ്ങിയത്. എന്നാല്‍ വിചാരണ വേളയില്‍ സാക്ഷികളെല്ലാം കൂട്ടത്തോടെ കൂറുമാറുകയായിരുന്നു.
122 സാക്ഷികളില്‍ 19 പേരെ വിചാരണ ചെയ്തപ്പോള്‍ 10 പേര്‍ പ്രതിഭാഗം ചേര്‍ന്നത് ഞെട്ടിച്ചിരുന്നു. പൊലീസ് ഭീഷണിപ്പെടുത്തി മൊഴി പറയിച്ചെന്നാണ് സാക്ഷികളെല്ലാം കോടതിയില്‍ പറഞ്ഞത്. അതേസമയം മധുവിനെ ആക്രമിക്കുന്ന വീഡിയോ പുറത്തു വന്നിട്ടു പോലും യാതൊരു സങ്കോചവുമില്ലാതെയാണ് ഇവര്‍ കൂറുമാറുന്നതെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.
കേസിലെ ഔദ്യോഗിക സാക്ഷികളായ വനം ഉദ്യോഗസ്ഥര്‍ പോലും കൂറുമാറിയതോടെയാണ് പ്രോസിക്യൂഷനും മധുവിന്റെ കുടുംബവും മധുവിന് നീതി കിട്ടിയേക്കില്ലെന്ന ആശങ്കയിലെത്തിയത്.
ഇതുവരെ വിചാരണ നടന്നതില്‍ 13ാം സാക്ഷി മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിരിക്കുന്നത്. കൂട്ട കൂറുമാറ്റത്തില്‍ കോടതിയുടെ ഇടപെടലുണ്ടാകണമെന്ന ആവശ്യവും ഉയര്‍ന്നു വന്നിരുന്നു. കൂറുമാറ്റം നടത്തിയ സാക്ഷികളെ വിളിച്ചു വരുത്തി വീണ്ടും വിചാരണ നടത്താന്‍ സിആര്‍പിസി 311സെക്ഷന്‍ പ്രകാരം വിചാരണക്കോടതിക്ക് സാധിക്കും. മധുവിന്റെ കേസില്‍ ഇതിനുള്ള സാഹചര്യവുമുണ്ട്. നിയമത്തിലെ 165ാം വകുപ്പ് പ്രകാരം വിചാരണ നടത്തുന്ന ജഡ്ജിക്ക് സാക്ഷികളോട് നേരിട്ട് ചോദ്യം ഉന്നയിക്കുകയും ചെയ്യാം. എന്നാല്‍ ഇതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം വേണമെന്നുള്ളതാണ് പ്രധാനം.
ഇവിടെയാണ് രാഷ്ട്രപതിയുടെ ഇടപെടല്‍ കേസില്‍ നിര്‍ണായകമാകുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് കുടുംബം പരാതി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പരാതി രാഷ്ട്രപതി സ്വീകരിച്ചാല്‍ കൂറുമാറിയവര്‍ കോടതി കയറേണ്ടി വരുമെന്നുള്ള കാര്യവും ഉറപ്പാണ്. സാക്ഷികളെ വിചാരണ ചെയ്യുന്നതോടെ കേസില്‍ അനുകൂലമായ വഴിത്തിരിവുണ്ടാകും എന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം.
2018ഫെബ്രുവരി 22നാണ് മോഷ്ടാവ് എന്നാരോപിച്ച് ആദിവാസിയായ മധുവിനെ ജനക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചു കൊണ്ടായിരുന്നു ജനക്കൂട്ടം മധുവിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനു ശേഷം അവശനായ മധുവിനെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. മധുവിന്റെ ഭാണ്ഡം പരിശോധിച്ചപ്പോള്‍ പൊലീസിനു ലഭിച്ചത് കുറച്ച് അരിയും മുളകും പയറും മാത്രമായിരുന്നു.
2018 മെയ്യില്‍ 300 പേജുകളുള്ള കുറ്റപത്രം മണ്ണാര്‍ക്കാട്ടെ എസ്.സി, എസ്.ടി പ്രത്യേക കോടതിയില്‍ എത്തി. എന്നാല്‍ കേസില്‍ ഹാജരായ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ അലവന്‍സുകളോ സൗകര്യങ്ങളോ അനുവദിക്കാത്തത് കാരണം പിന്മാറി. 2022ഏപ്രില്‍ 28ന് കേസിന്റെ വിചാരണ ആരംഭിച്ചു. മധുവിനെ മര്‍ദ്ദിച്ചത് കണ്ടെന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയ പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍, പതിനാന്നൊം സാക്ഷി ചന്ദ്രന്‍ എന്നിവര്‍ മൊഴിമാറ്റി പറയുകയായിരുന്നു. അതിനു പിന്നാലെ മധുവിന്റെ ബന്ധുക്കളടക്കം കൂറുമാറുന്ന കാഴ്ചകള്‍ക്ക് കോടതി വേദിയായി.
അതിനിടെ കേസില്‍ നിന്ന് പിന്മാറാന്‍ മധുവിന്റെ അമ്മ മല്ലിയെ അബ്ബാസ് എന്നയാള്‍ ഭീഷണിപ്പെടുത്തി എന്ന പരാതിയും ഉയര്‍ന്നു. കേസില്‍ നിന്നും പിന്മാറിയാല്‍ 45 ലക്ഷത്തിന്റെ വീട് നല്‍കാമെന്ന് പ്രലോഭനം ഉണ്ടായതായും പരാതി ഉയര്‍ന്നു. ഇതിനു വഴങ്ങാതിരുന്നതോടെ ഇവര്‍ക്കെതിരെ വധവഭീഷണിയുണ്ടാകുകയായിരുന്നു. തന്നെ ഭീഷണിപ്പെടുത്തിയവര്‍ക്ക് എതിരെ മധുവിന്റെ അമ്മ ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഒടുവില്‍ മണ്ണാര്‍കാട് കോടതി കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടതോടെയാണ് പൊലീസിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.