പ്രജകളെ ആത്മീയ വഴിയിലൂടെ നയിച്ച രാജാവും രക്തസാക്ഷിയുമായ വിശുദ്ധ ഓസ്വാള്‍ഡ്

പ്രജകളെ ആത്മീയ വഴിയിലൂടെ നയിച്ച രാജാവും രക്തസാക്ഷിയുമായ വിശുദ്ധ ഓസ്വാള്‍ഡ്

അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 05

നോര്‍ത്തംബ്രിയയിലെ എഥെല്‍ഫ്രെഡ് രാജാവിന്റെ രണ്ടാമത്തെ മകനാണ് ഓസ്വാള്‍ഡ്. 617 ല്‍ പിതാവ് ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടു. സ്‌കോട്ട്‌ലന്‍ഡില്‍ അഭയം തേടിയ മക്കള്‍ അവിടെ വച്ച് ക്രിസ്തുമതം സ്വീകരിച്ചു. 633 ല്‍ ഓസ്വാള്‍ഡ് നോര്‍ത്തംബ്രിയയിലേക്ക് മടങ്ങി. വൈകാതെ അദ്ദേഹം രാജാവായി അഭിഷേകം ചെയ്യപ്പെട്ടു.

തന്റെ പ്രജകളുടെ ക്ഷേമത്തിന് അവരെ ദൈവത്തിന്റെ ആത്മീയമായ രാജ്യത്തേക്ക് കൊണ്ട് വരികയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലെന്ന് മനസിലാക്കിയ രാജാവ് അവരോടൊപ്പം നിത്യ മഹത്വം പ്രാപിക്കുന്നതിന് അക്ഷീണം പരിശ്രമിച്ചു. ആ സമയത്താണ് ബ്രിട്ടണിലെ സ്വേച്ചാധിപതിയായ കാഡ് വാലാ രാജാവ് നോര്‍ത്തംബ്രിയ ആക്രമിച്ചത്.

ഭൂരിഭാഗം പ്രദേശങ്ങളും കത്തിച്ചു ചാമ്പലാക്കുകയും മുഴുവന്‍ ആളുകളേയും അദ്ദേഹം വാളിനിരയാക്കുകയും ചെയ്തു. അതേ തുടര്‍ന്ന് ഓസ്വാള്‍ഡ് തന്നാല്‍ കഴിയുന്ന സൈന്യത്തെ ഒരുമിച്ചു കൂട്ടുകയും യേശുവില്‍ ആശ്രയിച്ച് ശക്തനായ ശത്രുവിനെ നേരിടുന്നതിനായി ഇറങ്ങി തിരിക്കുകയും ചെയ്തു.

ഡെനിസ്-ബേണ്‍ എന്ന സ്ഥലത്ത് വെച്ചാണ് അദ്ദേഹം തന്റെ ശത്രുക്കളെ നേരിട്ടത്. ശത്രുപാളയത്തോട് അടുത്തപ്പോള്‍ ഭക്തനായ ആ രാജാവ് വളരെ ധൃതിയില്‍ മരം കൊണ്ട് ഒരു കുരിശുണ്ടാക്കി. അത് യുദ്ധഭൂമിയില്‍ സ്ഥാപിച്ചതിനു ശേഷം തന്റെ സൈനികരോട് പറഞ്ഞു: 'നമുക്കെല്ലാവര്‍ക്കും മുട്ടുകുത്തിനിന്ന് ഒരുമിച്ച് ശക്തനായ നമ്മുടെ ഏക ദൈവത്തോട് പ്രാര്‍ത്ഥിക്കാം. നാം നമ്മുടെ ജീവനേയും രാജ്യത്തേയും രക്ഷിക്കുവാന്‍ വേണ്ടിയാണ് യുദ്ധം ചെയ്യുന്നതെന്ന് അവിടുത്തേക്ക് അറിയാം'.

അദ്ദേഹത്തിന്റെ നിര്‍ദേശം കേട്ടപാടെ എല്ലാ പടയാളികളും പ്രാര്‍ത്ഥനാ നിരതരായി. കാരുണ്യവാനായ ദൈവം കാഡ് വാലായുടെ വലിയ സൈന്യത്തിന് മേല്‍ അത്ഭുതകരമായ രീതിയില്‍ ഓസ് വാള്‍ഡിന്റെ സൈന്യത്തിന് വിജയം നേടികൊടുക്കുകയും ആ യുദ്ധത്തില്‍ കാഡ് വാലാ കൊല്ലപ്പെടുകയും ചെയ്തു.

രാജാവ് കുരിശ് നാട്ടിയ ആ സ്ഥലം പിന്നീട് ഹെവന്‍ ഫീല്‍ഡ് എന്ന പേരിലാണ് അറിയപ്പെട്ടത്. ഈ കുരിശ് പില്‍ക്കാലത്ത് വളരെയേറെ പ്രസിദ്ധമാവുകയും അതിനെ ചുറ്റിപ്പറ്റി നിരവധി അത്ഭുതങ്ങള്‍ നടക്കുകയുമുണ്ടായി. ആ വിജയത്തെ തുടര്‍ന്ന് വിശുദ്ധ ഓസ്വാള്‍ഡ് ദൈവത്തിനു നന്ദി പറയുകയും തന്റെ ആധിപത്യത്തിലുള്ള പ്രദേശങ്ങളില്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. കൂടാതെ ക്രിസ്തുവിനോടുള്ള ഭക്തി ആ പ്രദേശങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ഓസ്‌വാള്‍ഡ് തന്റെ ഭരണ പ്രദേശങ്ങളില്‍ നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും പണികഴിപ്പിച്ചു. നശ്വരമായ തന്റെ രാജ്യം ഭരിക്കുന്നതിനൊപ്പം തന്നെ അനശ്വരമായ രാജ്യത്തിന് വേണ്ട ആന്തരികമായ തയ്യാറെടുപ്പുകളും അദ്ദേഹം നടത്തുന്നുണ്ടായിരുന്നു. ഏതാണ്ട് എട്ടുവര്‍ഷത്തോളം വളരെ നല്ല രീതിയില്‍ അദ്ദേഹം തന്റെ രാജ്യം ഭരിച്ചു.

പിന്നീട് മെര്‍സിയായിലെ വിജാതീയ രാജാവായിരുന്ന പെന്‍ഡാ നോര്‍ത്തംബ്രിയയുടെ പ്രദേശങ്ങളില്‍ ആക്രമണം അഴിച്ചു വിട്ടു. ഓസ്‌വാള്‍ഡ് ഒരു ചെറിയ സൈന്യവുമായി പെന്‍ഡായെ നേരിടുകയും ആ യുദ്ധത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. 642 ഓഗസ്റ്റ് അഞ്ചിന് തന്റെ മുപ്പത്തെട്ടാം വയസില്‍ മേസര്‍ഫീല്‍ഡ് എന്ന സ്ഥലത്ത് വെച്ചാണ് ഓസ് വാള്‍ഡ് വധിക്കപ്പെട്ടത്. ലങ്കാഷയറിലെ മിന്‍വിക്കിലാണ് ഈ സ്ഥലമെന്ന് കരുതപ്പെടുന്നു.

ക്രൂരനായ പെന്‍ഡാ ഓസ്‌വാള്‍ഡ് രാജാവിനെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ശിരസും കൈകളും മുറിച്ച് കോലുകളില്‍ കുത്തി നിര്‍ത്തി. ഓസ്വാള്‍ഡിന്റെ പിന്‍ഗാമിയായി ഭരണമേറ്റ സഹോദരന്‍ ഉടന്‍ തന്നെ അവ തന്റെ കൊട്ടാരത്തിലേക്ക് കൊണ്ട് പോവുകയും പിന്നീട് വിശുദ്ധ കുത്‌ബെര്‍ട്ടിന്റെ ഭൗതീക ശരീരത്തിന്റെ കൂടെ അടക്കം ചെയ്യുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഔട്ടൂണിലെ കാസിയന്‍

2. ഓഗ്‌സ്ബാഗിലെ അഫ്രാ

3. അസ്‌കോളിലെ എമിഗ്ഡിയൂസ്

4. ആന്റിയക്കിലെ എവുസിഞ്ഞിയൂസ്

5. എദേസായിലെ അഡെവിയും മാറിയും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26