ഗുസ്തിയില്‍ സ്വര്‍ണം മലര്‍ത്തിയടിച്ച് ബജ്‌റങ് പൂനിയ; ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം

ഗുസ്തിയില്‍ സ്വര്‍ണം മലര്‍ത്തിയടിച്ച് ബജ്‌റങ് പൂനിയ; ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം

ബര്‍മിങ്ങാം: ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഏറെ പ്രതീക്ഷ വയ്ക്കുന്ന ഗുസ്തിയില്‍ ആദ്യ സ്വര്‍ണം ബജ്‌റങ് പൂനിയ വഴി. 65 കിലോഗ്രാം വിഭാഗത്തിലാണ് പൂനിയയുടെ സ്വര്‍ണനേട്ടം. കാനഡയുടെ ലച്ച്‌ലന്‍ മക്‌നീലിയൊണ് ഇന്ത്യന്‍ താരം തോല്‍പ്പിച്ചത്.

കോമണ്‍വെല്‍ത്തില്‍ ബജ്‌റങ്ങിന്റെ മൂന്നാം മെഡല്‍ നേട്ടമാണിത്. ഇതിനു മുന്‍പ് മറ്റൊരു സ്വര്‍ണവും വെള്ളി മെഡലും താരം നേടിയിട്ടുണ്ട്. 2021 ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവുമാണ് ബജ്‌റങ് പൂനിയ. ലോക ചാംപ്യന്‍ഷിപ്പില്‍ ഒരു വെള്ളിയും രണ്ടു വെങ്കലവും ബജ്‌റങ്ങിന്റെ പേരിലുണ്ട്. ഈ സീസണില്‍ മികച്ച ഫോമിലായിരുന്നു പൂനിയ.

പാരാ വിഭാഗം ടേബിള്‍ ടെന്നിസില്‍ വനിതകളുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ ഭാവിന പട്ടേല്‍ ഫൈനലില്‍ കടന്നു. 3-0 നാണ് ഭാവിനയുടെ വിജയം. ഇതോടെ ഇന്ത്യയ്ക്ക് സ്വര്‍ണമോ വെള്ളിയോ ഉറപ്പായി. വനിതകളുടെ ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ ഓസ്‌ട്രേലിയന്‍ താരത്തെ തോല്‍പ്പിച്ച ഇന്ത്യയുടെ മണിക ബത്ര ക്വാര്‍ട്ടറിലെത്തി. 4-0നാണ് മണികയുടെ വിജയം.

കടുത്ത പോരാട്ടത്തിനൊടുവില്‍ ഇന്ത്യയുടെ ശ്രീജ അകുലയും ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം, ഇന്ത്യന്‍ താരം റീത്ത് ടെന്നിസന്‍ വനിതാ സിംഗിള്‍സില്‍ തോറ്റു പുറത്തായി. വനിതകളുടെ 57 കിലോ വിഭാഗത്തില്‍ അന്‍ഷു മാലിക്ക് വെള്ളി മെഡല്‍ നേടി. നൈജീരിയയുടെ അഡുക്കുറെയെയോടാണ് ഫൈനലില്‍ പരാജയപ്പെട്ടത്.

നൈജീരിയന്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് സ്വര്‍ണമാണ്. 400 മീറ്റര്‍ പുരുഷവിഭാഗം റിലേയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. 3.06 സെക്കന്‍ഡില്‍ ഹീറ്റ്‌സില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ് എന്നീ മലയാളി താരങ്ങളാണ് ഇന്ത്യയ്ക്കായി മത്സരിച്ചത്.

പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയന്‍ കുതിപ്പ് തുടരുകയാണ്. 50 സ്വര്‍ണം ഇതുവരെ അവര്‍ നേടി. രണ്ടാംസ്ഥാനത്ത് ഇംഗ്ലണ്ടാണ്. 43 സ്വര്‍ണമാണ് ആതിഥേയര്‍ക്കുള്ളത്. കാനഡ, ന്യൂസിലന്‍ഡ്, സ്‌കോട്‌ലന്‍ഡ് എന്നിവര്‍ക്ക് പിന്നില്‍ ആറാംസ്ഥാനത്താണ് ഇന്ത്യയുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.