തായ്‌പെയ്: യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിതായ്‌വാൻ സന്ദര്‍ശിച്ചതിന് പിന്നാലെ തായ്‌വാന്റെ മിസൈല്‍ വികസന പദ്ധതിക്കു നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ ചുങ്ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഉപമേധാവി ഔ യാങ് ലി ഹസിങ്ങിനെയാണ് ദക്ഷിണ തായ്‌വാനിലെ പിങ്ടുങ് നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ഔദ്യോഗിക ആവശ്യത്തിനായിട്ടാണ് അദ്ദേഹം പിങ്ടുങ് നഗരത്തിലേക്കു പോയത്. തായ്‌വാന്റെ മിസൈല്‍ പദ്ധതികളുടെ മേല്‍നോട്ടവും ഏകോപനവും നിര്‍വഹിക്കുന്ന ചുമതല ഈ വര്‍ഷം ആദ്യമാണ് ഇദ്ദേഹം ഏറ്റെടുത്തത്. തായ്‌വാന്റെ മിസൈല്‍ നിര്‍മാണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കി ഉയര്‍ത്താനുള്ള നടപടികള്‍ മുന്നോട്ടു പോകുമ്പോഴാണ് മിസൈല്‍ വികസന പദ്ധതിയിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥന്റെ മരണം.
തയ്വാന്റെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ ഔ യാങ് ലി ഹസിങ്ങിന്റെ മരണത്തില്‍ ദുഖ സൂചനകമായി ദേശീയ പതാക താഴ്ത്തുന്നു
ചൈനയില്‍ നിന്നുള്ള സൈനിക വെല്ലുവിളി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കാന്‍ മിസൈല്‍ സംവിധാനം പരിഷ്‌കരിക്കാന്‍ തായ്‌വാന്‍ പദ്ധതി ആവിഷ്‌കരിച്ചത്. യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ചൈനയും തായ്‌വാനും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ ശക്തമായി. ഇതിനു പിന്നാലെ തായ്‌വാനെ വളഞ്ഞ് എക്കാലത്തേയും ഏറ്റവും സൈനിക അഭ്യാസം ചൈന ആരംഭിക്കുകയും ചെയ്തു.
25 വര്‍ഷത്തിനിടെ ആദ്യമായി ഒരു അമേരിക്കന്‍ സ്പീക്കര്‍ തയ് വാന്‍ സന്ദര്‍ശിച്ചത്. സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്മയും രൂക്ഷമായ അമേരിക്കയില്‍ ബൈഡന്‍ ഭരണകൂടത്തിനെതിരെ ഉയരുന്ന ഭരണവിരുധ വികാരം ശമിപ്പിക്കാന്‍ നടത്തിയ രാഷ്ട്രീയ നടപടിയായും നാന്‍സിയുടെ തായ്‌വാൻ സന്ദര്‍ശനത്തെ നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു. നാന്‍സിയുടെ സന്ദര്‍ശനം വ്യക്തപരമാണെന്നും തങ്ങള്‍ക്കതില്‍ പങ്കില്ലെന്നും വൈറ്റ് ഹൗസ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഔദ്യോഗിക സന്ദര്‍ശനം സാധ്യമല്ലെന്ന വാദമാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. മാത്രമല്ല ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് അമേരിക്ക നീങ്ങുന്ന പശ്ചാത്തലത്തില്‍ ജനപിന്തുണ ഉറപ്പിക്കാന്‍ ദേശീയ വികാരം ഉണര്‍ത്തുകയെന്ന തന്ത്രവും ഇതിനു പിന്നിലുണ്ടെന്ന് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.