ചൈന ആക്രമിച്ചാല്‍ ഫിലിപ്പീന്‍സിനെ സഹായിക്കും; രണ്ടും കല്‍പ്പിച്ച് അമേരിക്ക

ചൈന ആക്രമിച്ചാല്‍ ഫിലിപ്പീന്‍സിനെ സഹായിക്കും; രണ്ടും കല്‍പ്പിച്ച് അമേരിക്ക

മനില: യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നിലതെറ്റിയ ചൈനയെ വീണ്ടും പ്രകോപിപ്പിച്ച് അമേരിക്ക. പെലോസിയുടെ സന്ദര്‍ശനത്തിന് മറുപടിയായി തായ്‌വാന് മുകളില്‍ സൈനിക ശക്തി പ്രകടനം നടത്തിയ ചൈനയ്ക്ക് തിരിച്ചടി നല്‍കി ഫിലിപ്പീന്‍സിന് അമേരിക്ക പൂര്‍ണ്ണ സൈനിക സഹായം വാഗ്ദാനം ചെയ്തു. ദക്ഷിണ ചൈനാ കടലില്‍ ചൈനയുടെ ആക്രമണം ഉണ്ടായാല്‍ ഫിലിപ്പീന്‍സിന് എല്ലാവിധ സഹായവും ഉറപ്പ് നല്‍കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മനിലയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു.

നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് തായ്‌വാനും ചൈനയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ വഷളായിരുന്നു. തായ്‌വാന് സമീപം ചൈനീസ് കടലിടുക്കില്‍ യുദ്ധക്കപ്പലുകള്‍ നിരത്തി ചൈന തങ്ങളുടെ സൈനിക ശക്തി തെളിച്ചു. മിസൈലുകള്‍ പതിച്ചതും യുദ്ധ വിമാനങ്ങള്‍ ഉയര്‍ന്നതും ചൈനീസ് നിയന്ത്രണ പ്രദേശങ്ങളിലാണെങ്കിലും അത് തങ്ങള്‍ക്കുള്ള മറുപടിയാണെന്ന തിരിച്ചറിവാണ് ചൈനയ്‌ക്കെതിരെയുള്ള ശീതയുദ്ധം ശക്തമാക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്.

പുതിയ രാജ്യാന്തര സാഹചര്യങ്ങള്‍ സൃഷ്ടിച്ച അമേരിക്ക-ചൈന പോരാണ് മനിലയിലെ ചര്‍ച്ചയില്‍ മുന്നിട്ട് നിന്നത്. ഫിലിപ്പീന്‍സുമായി 70 വര്‍ഷത്തെ പ്രതിരോധ ഉടമ്പടി ഉറച്ചതാണെന്ന് ബ്ലിങ്കെന്‍ പറഞ്ഞതുവഴി ലക്ഷ്യമിട്ടത് ചൈനയെയായിരുന്നു. ദക്ഷിണ ചൈനാ കടലിലെ ബീജിങിന്റെ അവകാശവാദങ്ങള്‍ അസാധുവാക്കിയ 2016 ലെ മധ്യസ്ഥ വിധി പാലിക്കാന്‍ ആന്റണി ബ്ലിങ്കെന്‍ ചൈനയോട് ആഹ്വാനം ചെയ്തത് ചൈനീസ് അധിപത്യ മേഖലകളില്‍ അമേരിക്ക പിടിമുറുക്കുന്നതിന്റെ സൂചനകൂടിയായി.


നയതന്ത്ര കൂടിക്കാഴ്ച്ചയ്ക്കായി ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനെ മലകനാങ് കൊട്ടാരത്തിലേക്ക് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ സ്വീകരിച്ചു കൊണ്ടുവരുന്നു

പുതിയ പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയറുമായി കൂടിക്കാഴ്ച്ച നടത്തുന്ന ഏറ്റവും ഉന്നത യുഎസ് ഉദ്യോഗസ്ഥനാണ് ബ്ലിങ്കെന്‍. ചൈനയും അമേരിക്കയുമായും നയതന്ത്ര ബന്ധം പുലര്‍ത്തുന്ന ഫിലിപ്പീന്‍സിന് ഇരു രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കം തന്ത്രപരമായ വെല്ലുവിളിയാണ് മാര്‍ക്കോസ് ജൂനിയറിന് അഭിമുഖിക്കേണ്ടി വരുന്നത്. ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ ആധിപത്യത്തെ പരസ്യമായി എതിര്‍ക്കാതെ അതിനെ പ്രതിരോധിക്കേണ്ട ബാധ്യതയും അദ്ദേഹത്തെ അലട്ടിയേക്കാം.

ചൈനയെ കൂടുതല്‍ പ്രകോപിപ്പിക്കുക വഴി ചൈന ഉയര്‍ത്തുന്ന എല്ലാവിധ വെല്ലുവിളികളെയും പ്രതിരോധിക്കുക കൂടിയാണ് അമേരിക്ക ലക്ഷ്യം വയ്ക്കുന്നത്. ലോക ചരക്ക് ഗതാഗതത്തിന്റെ 30 ശതമാനവും നടക്കുന്ന ദക്ഷിണ ചൈനാ കടലിടുക്കിലെ ചൈനയുടെ ആധിപത്യം അവസാനിപ്പിക്കുക എന്നത് ഏറെ കാലമായുള്ള അമേരിക്കയുടെ ആവശ്യമാണ്. അതിന്റെ ഭാഗമായാണ് ദക്ഷിണ ചൈന കടലിലെ ദ്വീപുകളായ തായ്‌വാനിലും ഒടുവില്‍ ഫിലിപ്പീന്‍സിലും അമേരിക്കയുടെ ഉന്നത വ്യക്തികളെ അയച്ച് നയതന്ത്ര ബന്ധം ഉറപ്പിക്കാനുള്ള ശ്രമം നടത്തുന്നത്.

ചൈനയുമായുള്ള നേരിട്ടൊരു ഏറ്റുമുട്ടലിലേക്ക് എത്തുന്ന സാഹചര്യമുണ്ടായാല്‍ സൈനിക താവളങ്ങള്‍ക്കുള്ള ഇടം കണ്ടെത്തല്‍ കൂടിയാണ് ഇത്തരം ബന്ധം സ്ഥാപിക്കല്‍. മാര്‍ക്കോസ് ജൂനിയറെ പ്രസിഡന്റ് ജോ ബൈഡന്‍ അമേരിക്കയിലേക്ക് ക്ഷണിച്ചതിനു പിന്നിലും ഫിലിപ്പീന്‍സുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ കൂടിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.