ദുബായ്: ഷെയ്ഖ് റാഷിദ് ബിന്‍ സായിദ് കോറിഡോർ പദ്ധതി അവസാന ഘട്ടത്തിലേക്ക് കടന്നുവെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. പദ്ധതിയുടെ 75 ശതമാനവും പൂർത്തിയായി. എമിറേറ്റിലെ ഗതാഗത രംഗത്ത് സുപ്രധാനമാകുമെന്നു കരുതുന്ന പദ്ധതി നടപ്പിലാകുന്നതോടെ ദുബായ് റാസല്‍ഖോർ യാത്രാ സമയം 20 മിനിറ്റില്‍ നിന്ന് 7 മിനിറ്റായി കുറയും. റാസല്‍ ഖോർ റോഡിലൂടെ മണിക്കൂറില്‍ 10,000 വാഹനങ്ങള്‍ക്ക് കടന്നുപോകാനാകും.
ലഗൂണ്‍സ്, ദുബായ് ക്രീക്ക്, മെയ്ദാന്‍ ഹൊറൈസന്‍, റാസല്‍ അല്‍ ഖോർ, അല്‍ വാസല്‍, നാദ് അല്‍ ഹമർ മേഖലയിലെ 65,000 ത്തോളം താമസക്കാർക്ക് പദ്ധതി ഗുണപ്രദമാകുമെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മാതർ അല്‍ തായർ പറഞ്ഞു.
ദുബായ് അലൈന്‍ റോഡിന്‍റെ ഇന്‍റർ സെഷന്‍ മുതല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വരെ റാസല്‍ ഖോർ റോഡിലൂടെ എട്ടുകിലോമീറ്റർ ദൈർഘ്യമുളളതാണ് പദ്ധതി. രണ്ടു കിലോമീറ്റർ നീളത്തില്‍ പാലങ്ങളുടെ നിർമ്മാണം, ഓരോ ദിശയിലെ റോഡും മൂന്നുമുതല്‍ നാലുവരെ വീതി കൂട്ടുക, ഇരുവശങ്ങളിലും രണ്ടുവരി സർവ്വീസ് റോഡ് നിർമ്മിക്കുകയെന്നുളളതെല്ലാമാണ് പദ്ധതിയില്‍ നിർമ്മാണം പുരോഗമിക്കുന്നത്.
ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ഏറ്റെടുത്തിരിക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്.
വിവിധ ഘട്ടങ്ങളാക്കി തിരിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. ദുബായ് ക്രീക്ക്- ദുബായ് ക്രീക്ക് ഹാർബറിലേക്കുളള 740 മീററർ നീളമുളള 3 വരി പാലത്തിന്‍റെ നിർമ്മാണം കഴിഞ്ഞ വർഷം പൂർത്തിയാക്കിയിരുന്നു.
നാദ് അൽ ഹമർ-റാസ് അൽ ഖോർ റോഡ് ഇന്‍റർ സെക്ഷനില്‍ നിന്നുള്ള ഗതാഗതം സുഗമമാക്കുന്നതിന്, പുതുതായി പൂർത്തിയാക്കിയ പ്രദേശങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും പ്രവേശന, എക്സിറ്റ് പോയിന്‍റുകള്‍ക്കൊപ്പം ഓരോ ദിശയിലും നാല് വരികളുള്ള 1.5 കിലോമീറ്റർ പുതിയ റോഡും ആർടിഎ നിർമ്മിച്ചു. പുതിയ റോഡുകളില്‍ 108 തെരുവുവിളക്ക് ശൃംഖല സ്ഥാപിച്ചിട്ടുണ്ട്.
ദുബായ് ക്രീക്ക് ഹാർബർ പദ്ധതിയിൽ നിന്ന് റാസൽഖോർ റോഡിലേക്ക് മണിക്കൂറിൽ 3,100 വാഹനങ്ങൾ സഞ്ചരിക്കാൻ കഴിയുന്ന സുഗമമായ ഗതാഗതം ഉറപ്പാക്കാൻ 640 മീറ്റർ നീളമുള്ള പാലത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണെന്നും അൽ തായർ വിശദീകരിച്ചു. അതേസമയം റാസല്‍ഖോർ റോഡില്‍ നിന്ന് നാദ് അല്‍ ഹമറിലേക്ക് തിരിയുന്നത് എളുപ്പമാക്കുന്നതിനുളള 368 മീറ്റർ നീളമുളള രണ്ടുവരി തുരങ്കത്തിന്‍റെ നിർമ്മാണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.
ബർദുബൈ അൽ ജദ്ദാഫിനെ ദുബൈ ക്രീക്ക് പ്രോജക്ടിനും ദുബായ് ഫെസ്റ്റിവൽ സിറ്റിക്കും ഇടയിലെ തെരുവുമായി ബന്ധിപ്പിക്കുന്നതിന് ദുബായ് ക്രീക്കിന് മുകളിലൂടെ കടന്നുപോകുന്ന ഒരു പാലം നിർമാണവും ഭാവിയില്‍ നിർമ്മിക്കുമെന്നും മാതർ അല്‍ തായർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.