മരുന്നു കുറിപ്പടിയിലെ കൈക്കൂലിക്കറ

മരുന്നു കുറിപ്പടിയിലെ കൈക്കൂലിക്കറ

''മെഡിക്കല്‍ പ്രൊഫഷനിലെ ഒരംഗമെന്ന നിലയില്‍ ഞാന്‍ മനുഷ്യ സമൂഹത്തിന്റെ സേവനത്തിനായി എന്റെ ജീവിതം ഉഴിഞ്ഞു വയ്ക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.  രോഗിയുടെ ആരോഗ്യവും സൗഖ്യവുമായിരിക്കും എന്റെ ആദ്യ പരിഗണന.  രോഗിയുടെ അന്തസും സ്വന്തം തീരുമാനങ്ങളും ഞാന്‍ മാനിക്കും. മനുഷ്യ ജീവന് ഞാന്‍ ഏറ്റവുമുയര്‍ന്ന വില കല്‍പിക്കും.

പ്രായം, രോഗം, ശാരീരിക വൈകല്യം, ജാതി, മത, വംശ, ലിംഗ, ദേശ, രാഷ്ട്രീയ, ലൈംഗിക താല്‍പര്യങ്ങളോ, സമൂഹത്തിലെ ഉന്നതിയോ താഴ്ചയോ മറ്റേതൊരു ഘടകമോ രോഗിയോടുള്ള എന്റെ കടമ നിര്‍വഹിക്കുന്നതിനെ സ്വാധീനിക്കില്ല.

ഭീഷണി നേരിട്ടാല്‍ പോലും മനുഷ്യാവകാശങ്ങളെയോ പൗരാവകാശങ്ങളെയോ ഹനിക്കുന്ന തരത്തില്‍ ഒരിക്കലും ഞാനെന്റെ മെഡിക്കല്‍ അറിവുകള്‍ ഉപയോഗിക്കില്ല. ഈ പ്രതിജ്ഞകള്‍ ഞാന്‍ സ്വമേധയാ സ്വതന്ത്ര മനസോടെയും എല്ലാ അന്തസോടെയും സ്വീകരിക്കുന്നു''. 

 മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി പ്രൊഫഷനിലേക്ക് പ്രവേശിക്കുന്ന ഏതൊരു വ്യക്തിയും എടുക്കുന്ന പ്രതിജ്ഞയാണിത്.

ലോക മെഡിക്കല്‍ അസോസിയേഷന്‍ 1948 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ ചേര്‍ന്ന ജനറല്‍ അസംബ്ലിയില്‍ അംഗീകരിച്ച ഈ പ്രതിജ്ഞ ശാസ്ത്രീയ ചികിത്സാ വിദ്യയുടെ പിതാവെന്ന് അറിയപ്പെടുന്ന പ്രാചീന ഗ്രീക്ക് ഭിഷഗ്വരനായ ഹിപ്പോക്രാറ്റസിന്റെ പേരിലാണ് എടുക്കുന്നത്. അതിനാല്‍ 'ഹിപ്പോക്രാറ്റിക് ഓത്ത്' എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.

ഇത്തരത്തില്‍ പ്രതിജ്ഞയെടുത്ത് മനുഷ്യ ജീവനുകള്‍ കൈകാര്യം ചെയ്യാന്‍ നിയുക്തരാകുന്ന ഡോക്ടര്‍മാര്‍ മരുന്നു കമ്പനികളുടെ ഏജന്റുമാരായി അധപതിക്കുന്ന വാര്‍ത്തകള്‍ പുതുമയുള്ളതല്ല. മരുന്നു നിര്‍മ്മാണ കമ്പനികള്‍ വച്ചു നീട്ടുന്ന കണ്ണഞ്ചിപ്പിക്കുന്ന പാരിതോഷികങ്ങള്‍ ഏറ്റുവാങ്ങി ബ്രാന്‍ഡ് മാറരുതെന്ന് ചീട്ടില്‍ എഴുതി നല്‍കുന്ന ഡോക്ടര്‍മാര്‍ വരെ നിരവധിയുണ്ട്.

എന്നാല്‍ ഞെട്ടിക്കുന്ന മറ്റൊരു  വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിട്ടുള്ളത്. പാരസെറ്റമോള്‍ ഗുളികയായ ഡോളോ 650 വന്‍ തോതില്‍ കുറിച്ചു നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കമ്പനി നല്‍കിയത് 1000 കോടി രൂപയാണ്! ആദായ നികുതി വകുപ്പ് ഡോളോ 650 ഉല്‍പാദിപ്പിക്കുന്ന മൈക്രോ ലാബ്‌സ് കമ്പനിയില്‍ നടത്തിയ റെയ്ഡിനിടെയാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തത്.

കമ്പനി ഒട്ടേറെ ഡോക്ടര്‍മാര്‍ക്ക് വിദേശ യാത്രാ പാക്കേജുകളും മറ്റു സൗജന്യങ്ങളും നല്‍കി എന്നും തെളിവ് സഹിതം കണ്ടെത്തിയിട്ടുണ്ട്. ചില ഡോക്ടര്‍മാര്‍ കമ്പനിയുടെ മരുന്നിന് പ്രചാരം നല്‍കാന്‍ മെഡിക്കല്‍ ക്യാമ്പുകളും ആരോഗ്യ സെമിനാറുകളും വരെ നടത്തി. സാധാരണക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഗുളികയാണ് പാരസെറ്റമോള്‍. കച്ചവടം കൊഴുപ്പിക്കാന്‍ കൈക്കൂലി വാങ്ങി ഡോക്ടര്‍മാര്‍ മരുന്നു കമ്പനിയുടെ ദല്ലാള്‍മാര്‍ ആയി മാറുന്ന നെറിവു കെട്ട കാഴ്ച.

മരുന്ന് കുറിക്കുമ്പോള്‍ കമ്പനികളുടെ ബ്രാന്‍ഡ് നെയിം എഴുതാതെ മരുന്നിന്റെ സജീവ ഘടകം വ്യക്തമാക്കുന്ന ജനറിക് നാമം വലിയ അക്ഷരത്തില്‍ കുറിയ്ക്കണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശം ഭൂരിപക്ഷം ഡോക്ടര്‍മാരും മുഖവിലയ്‌ക്കെടുക്കാറില്ല. ഇന്ത്യയില്‍ ഇന്നുപയോഗിക്കപ്പെടുന്ന 350 ഓളം മരുന്നുകള്‍ക്കായി 80,000 ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്. രക്ത സമ്മര്‍ദ്ദത്തിനുള്ള അമ്ലോഡിപിന്‍ എന്ന മരുന്നിന് മാത്രം 140 ബ്രാന്‍ഡുകളുണ്ട്.

നിര്‍മാണച്ചെലവിന് പുറമെ മാര്‍ക്കറ്റിങ്, പരസ്യം, ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന പാരിതോഷികങ്ങള്‍, ഇന്‍സെന്റീവുകള്‍ തുടങ്ങിയ ചെലവുകളൊക്കെ ചേര്‍ത്താണ് ഇത്തരം ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് ജനറിക് മരുന്നുകളെക്കാള്‍ എട്ടിരട്ടി വരെ വില ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്.

ലക്ഷങ്ങള്‍ ചെലവിട്ട് ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തുന്ന സമ്മേളനങ്ങളും സെമിനാറുകളുമൊക്കെ പൂര്‍ണമായും സ്പോണ്‍സര്‍ ചെയ്യുന്നത് കൊള്ള ലാഭക്കാരായ ഇത്തരം മരുന്നു കമ്പനികളാണ്. ഈ ചെലവുകളെല്ലാം ഉപഭോക്താവിന്റെ തലയില്‍ കെട്ടി വയ്ക്കുന്നത് ഡോക്ടര്‍മാര്‍ വഴിയാണ്. ഇവരില്‍ പലരും മരുന്നുകളുടെ ഗുണനിലവാരം പോലും നോക്കാറില്ല എന്നതാണ് വാസ്തവം.

മരുന്ന് കമ്പനികള്‍ നല്‍കുന്ന ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്. മരുന്ന് കമ്പനികളുടെ വില്‍പന പ്രോത്സാഹിപ്പിക്കാനായി ഡോക്ടര്‍മാര്‍ക്ക് ഉപഹാരം നല്‍കുന്നത് അധാര്‍മ്മികവും നിയമം മൂലം നിരോധിച്ചിട്ടുള്ളതുമാണെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പരമോന്നത നീതി പീഠം ഓര്‍മ്മപ്പെടുത്തിയിരുന്നു.

നിയമം കര്‍ക്കശമായിട്ടും ഡോക്ടര്‍മാരുടെ സത്യപ്രതിജ്ഞാ ലംഘനത്തിനും പണത്തോടുള്ള ആര്‍ത്തിക്കും കുറവില്ല എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് പാരസെറ്റമോള്‍ മരുന്നു കമ്പനിയില്‍ നിന്ന് 1000 കോടി കൈക്കൂലി കൈപ്പറ്റിയ സംഭവം.

മെഡിക്കല്‍ രംഗത്തെ ഒട്ടാകെ മലീമസമാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേന്ദ്ര ആരോഗ്യ മന്ത്രാലയവും തയ്യാറാകണം. അത് മാന്യമായി തെഴില്‍ ചെയ്യുന്ന നിരവധി ഡോക്ടര്‍മാരുള്ള വൈദ്യശാസ്ത്ര രംഗത്തിന്റെ നഷ്ടപ്പെട്ട അന്തസ് വീണ്ടെടുക്കാന്‍ ഉപകരിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.