സംസ്ഥാനത്ത് ഇന്നലെയും ഇന്നും മിന്നല്‍ ചുഴലി; തൃശൂരില്‍ വ്യാപക നാശം

സംസ്ഥാനത്ത് ഇന്നലെയും ഇന്നും മിന്നല്‍ ചുഴലി; തൃശൂരില്‍ വ്യാപക നാശം

തൃശൂര്‍: മാള അന്നമനട മേഖലയില്‍ മിന്നല്‍ ചുഴലി. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മേഖലയില്‍ വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ ആറോടെയാണ് ചുഴലിക്കാറ്റ് വീശിയത്. നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. വൈദ്യുതി കമ്പികളും പൊട്ടി വീണു. ജില്ലയില്‍ ഇന്ന് മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തൃശൂരില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നലെ കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ മലയോര മേഖലയായ വിലങ്ങാട് ഉണ്ടായ മിന്നല്‍ ചുഴലിയില്‍ ലക്ഷങ്ങളുടെ നാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. പൊടുന്നനെ പെയ്ത അതി ശക്തമായ മഴയ്‌ക്കൊപ്പമാണ് കാറ്റ് ആഞ്ഞടിച്ചത്. വാളൂക്ക്, ഇന്ദിര നഗര്‍ മേഖലയിലാണ് കാറ്റ് സര്‍വ്വ നാശം വിതച്ചത്. വീടുകള്‍ക്ക് മുകളിലും, ഇലക്ട്രിക് ലൈനുകള്‍ക്ക് മുകളിലും മരങ്ങള്‍ പതിച്ചിരുന്നു.

തുലാവര്‍ഷത്തിനും, വേനല്‍ മഴയിലുമാണ് ഗസ്റ്റിനാഡോ ( Gustnado ) പ്രതിഭാസങ്ങള്‍ സാധാരണ കാണാറുള്ളത്. ഒരു ഇടിമിന്നലില്‍ നിന്ന് പുറപ്പെടുന്ന ഹ്രസ്വവും ആഴം കുറഞ്ഞതുമായ ഉപരിതല അധിഷ്ഠിത ചുഴലിക്കാറ്റാണ് ഗസ്റ്റിനാഡോ. ചുഴലിക്കാറ്റിന് സമാനമായി ഗസ്റ്റിനാഡോ ഉണ്ടാക്കുന്നത് ശക്തമായ കാറ്റാണ്. ഇപ്പോള്‍ മിന്നല്‍ ചുഴലി ഏറിവരുന്നതായാണ് കാണുന്നത്. അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം ഭൂപ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റം തന്നെയാണ്.

മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഈ വാക്ക് കഴിഞ്ഞ കുറച്ച് കാലങ്ങളെ ആയിട്ടുള്ളു കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോള്‍ പക്ഷെ മിന്നല്‍ ചുഴലിയുടെ വാര്‍ത്തകള്‍ ദിവസേന എന്നോണം നമ്മള്‍ കേള്‍ക്കുന്നു. അതുണ്ടാക്കുന്ന നാശനഷ്ടങ്ങളും ഏറി വരികയാണ്. മിന്നല്‍ ചുഴലി എന്ന് പേരിട്ട നമ്മള്‍ വിളിക്കുന്ന അപകടം നിറഞ്ഞ ഈ കാറ്റ് ഗസ്റ്റിനാഡോ പ്രതിഭാസമോ അതിന്റെ സൂചനകളോ ആണ്.

അന്തരീക്ഷ താപനില വര്‍ധിക്കുകയും പിന്നീട് മഴ മേഘങ്ങള്‍ രൂപപ്പെട്ട് അന്തരീക്ഷം തണുക്കുകയും ചെയ്യുമ്പോഴാണ് മിന്നല്‍ ചുഴലി ഉണ്ടാവുന്നത്. ഭൂമിയില്‍ നിന്ന് രണ്ടോ മൂന്നോ കിലോമീറ്റര്‍ മുകളിലായിട്ടായിരിക്കും മിന്നല്‍ ചുഴലിക്ക് കാരണമായ മാറ്റങ്ങള്‍ നടക്കുക എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ചൂട് കൂടുന്ന സമയത്ത് പെയ്യുന്ന മഴവെള്ളം ഭൂമിയില്‍ നിന്ന് രണ്ട് കിലോമീറ്ററോളം മുകളില്‍ വെച്ച് ബാഷ്പീകരിക്കും. ഇതിലൂടെ അവിടുത്തെ വായു പെട്ടെന്ന് തണുക്കുന്നു. തണുത്ത വായുവിന് സാന്ദ്രത കൂടുതലായതിനാല്‍ അത് പെട്ടെന്ന് തന്നെ താഴേക്കെത്തും. അന്തരീക്ഷത്തിലെ ഘര്‍ഷണം കാരണം അത് മിന്നല്‍ ചുഴലിയായി മാറുന്നു.

കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ടാറിട്ട റോഡുകളും വര്‍ധിക്കുന്നത് സൂക്ഷ്മ സസ്യ ജാലങ്ങള്‍ മുതല്‍ വലിയ മരങ്ങള്‍ വരെ ഇല്ലാതാക്കുന്നു. കരയിലെ അന്തരീക്ഷ ഊഷ്മാവ് കടലിനെ അപേക്ഷിച്ച് പെട്ടെന്ന് ചൂട് പിടിക്കുകയും പെട്ടെന്നു തന്നെ തണുക്കുകയും ചെയ്യുന്നു. വായുവിലെ ഈര്‍പ്പത്തിന്റെ താപ വ്യതിയാനവും മര്‍ദ വ്യത്യാസവും ഇത്തരം ചെറു ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നു.

110 കിലോമീറ്റര്‍ വേഗതക്ക് മുകളില്‍ വരെ ആഞ്ഞു വീശാന്‍ കെല്‍പുള്ളവയാണ് ഇത്തരം ഗസ്റ്റിനാടോകള്‍. പെട്ടെന്ന് തന്നെ കാറ്റിന്റെ വേഗത കൂടാന്‍ ഈ പ്രതിഭാസത്തിന് ആകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് അധിക സമയത്തേക്ക് ഇല്ലെങ്കിലും കൂടുതല്‍ വിനാശകാരി ആകുന്നത്. മൂന്നു മിനിറ്റു മുതല്‍ 10 മിനിറ്റ് വരെ വീശിയാല്‍ പോലും നാശനഷ്ടങ്ങള്‍ ഏറെയുണ്ടാകും.

കേരളത്തിലെ ഏതാനും ചില മേഖലകളില്‍ അടിക്കടി ഈ മിന്നല്‍ ചുഴലി രൂപപ്പെടുന്നു എന്നത് ആശങ്കാജനകം തന്നെയാണ്. അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണവും ഭൂമിക്കുമേല്‍ മനുഷ്യന്റെ കൈകടത്തല്‍ തന്നെയാണ്. മിന്നല്‍ ചുഴലി എന്ന പേരിട്ട് വിളിക്കുന്ന ഗസ്റ്റിനാഡോകള്‍ സമീപഭാവിയില്‍ വര്‍ധിക്കുമെന്നു തന്നെയാണ് കാലാവസ്ഥാ ഗവേഷകര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.