ശശി തരൂര്‍ എം.പിക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയാര്‍ പുരസ്‌കാരം

 ശശി തരൂര്‍ എം.പിക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയാര്‍ പുരസ്‌കാരം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന് ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയാര്‍ പുരസ്‌കാരം. തരൂരിന്റെ രചനകളും പ്രസംഗങ്ങളും മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാരത്തെക്കുറിച്ച് ന്യൂഡല്‍ഹിയിലെ ഫ്രഞ്ച് അംബാസിഡര്‍ കത്തിലൂടെയാണ് തരൂരിനെ അറിയിച്ചത്.

ഫ്രഞ്ച് സര്‍ക്കാരിലെ ഏതെങ്കിലും മന്ത്രിയുടെ അടുത്ത ഇന്ത്യാ സന്ദര്‍ശന വേളയില്‍ പുരസ്‌കാരം കൈമാറുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം എംബസി, കോണ്‍സുലേറ്റുകള്‍, അലയന്‍സ് ഫ്രാങ്കെയ്‌സ്, മിലിട്ടറി അറ്റാഷെ ഉദ്യോഗസ്ഥരെ ഫ്രഞ്ച് ഭാഷയില്‍ പ്രസംഗിച്ച് തരൂര്‍ അത്ഭുതപ്പെടുത്തിയിരുന്നു.

രാജ്യത്തെ പരമോന്നത പുരസ്‌കാരം നല്‍കിയ ഫ്രഞ്ച് സര്‍ക്കാരിനോട് നന്ദി അറിയിക്കുന്നതായി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഫ്രാന്‍സുമായുള്ള നമ്മുടെ ബന്ധത്തെ വിലമതിക്കുകയും ഭാഷയെ സ്നേഹിക്കുകയും സംസ്‌കാരത്തെ ആരാധിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ ഈ രീതിയില്‍ അംഗീകരിക്കപ്പെട്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇങ്ങനെയൊരു പുരസ്‌കാരത്തിനായി തന്നെ തെരഞ്ഞെടുത്തതിന് നന്ദിയെന്നും തരൂര്‍ പറഞ്ഞു.

രാജ്യാന്തര പുരസ്‌കാരം തരൂരിനെ തേടി എത്തുന്നത് ഇതാദ്യമല്ല. 2010ല്‍ തരൂരിന് സ്പാനിഷ് സര്‍ക്കാരില്‍ നിന്ന് സമാനമായ ബഹുമതി ലഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.