ക്രിമിയ എയര്‍ബേസില്‍ സ്ഫോടനം: ഒമ്പത് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നതായി ഉക്രെയ്ന്‍; നിഷേധിച്ച് റഷ്യ

ക്രിമിയ എയര്‍ബേസില്‍ സ്ഫോടനം: ഒമ്പത് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നതായി ഉക്രെയ്ന്‍; നിഷേധിച്ച് റഷ്യ

കീവ്: ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ പ്രദേശമായ ക്രിമിയയിലെ വ്യോമതാവളത്തില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഒമ്പത് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നതായി വെളിപ്പെടുത്തി ഉക്രെയ്ന്‍ വ്യോമസേന. സംഭവത്തിന് മുമ്പും ശേഷവുമുള്ള എയര്‍ ബേസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് വെളിപ്പെടുത്തല്‍ സാധൂകരിച്ചത്.

എന്നാല്‍ റഷ്യ ഇത് നിഷേധിച്ചു. സാകി വ്യോമതാവളത്തിലെ യുദ്ധോപകരണങ്ങള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയായിരുന്നു അതെന്നും വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും റഷ്യ വ്യോമസേനയും പ്രതികരിച്ചു.

അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഉക്രെയ്ന്‍ ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം രാത്രിയില്‍ നടത്തിയ വീഡിയോ സന്ദേശത്തില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി ഉപദ്വീപ് തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപനം നടത്തി. '' നമുക്കെതിരെ റഷ്യ യുദ്ധം ആരംഭിച്ചത് ക്രിമിയില്‍ നിന്നാണ്. ക്രിമിയില്‍ നിന്ന് തന്നെ എല്ലാം അവസാനിക്കണം'' -സെലന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

തീ പിടുത്തം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പ്രദേശത്ത് വലിയ തോതില്‍ പുക ഉയര്‍ന്നു. റഷ്യന്‍ വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമായ ക്രിമിയില്‍ ഈ സമയം ധാരാളം വിനോദ സഞ്ചാരികള്‍ ഉണ്ടായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് ഇവിടെ പ്രദേശം വിട്ടുപോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.