സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം: രജൗരിയില്‍ സുബേദാര്‍ ഉള്‍പ്പെടെ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു; രണ്ട് ഭീകരരെ വധിച്ചു

സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം: രജൗരിയില്‍ സുബേദാര്‍ ഉള്‍പ്പെടെ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. സുബേദാര്‍ രാജേന്ദ്ര പ്രസാദ്, റൈഫിള്‍ മാന്‍ മനോജ് കുമാര്‍, റൈഫിള്‍ മാന്‍ ലക്ഷ്മണന്‍ ഡി എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ആക്രമണത്തില്‍ രണ്ട് ഭീകരരെ വധിച്ചു. രജൗരി ജില്ലയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു ആക്രമണം.

ഭീകരരുടെ വെടിവെപ്പില്‍ അഞ്ച് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് ഉടന്‍ തന്നെ വൈദ്യസഹായം ഉറപ്പു വരുത്തി. രജൗരിയില്‍ നിന്ന് 25 കിലോ മീറ്റര്‍ മാറി ദര്‍ഹാര്‍ താലൂക്കിലാണ് സംഭവം. ഇവിടുത്തെ പര്‍ഗാര്‍ മേഖലയിലെ സൈനിക ക്യാമ്പിന് സമീപം ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമം നടത്തുകയായിരുന്നു.

പ്രദേശത്ത് നുഴഞ്ഞു കയറ്റത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ രാവിലെ നടത്തിയ പരിശോധനയിലാണ് രണ്ട് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചതോടെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരരെയും സംഭവസ്ഥലത്ത് വെച്ച് തന്നെ സൈന്യം വധിച്ചു. ഇതിനിടെയാണ് മൂന്ന് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.

കഴിഞ്ഞ ദിവസം ബുദ്ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍-ഇ-തയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. കശ്മീരി പണ്ഡിറ്റായ രാഹുല്‍ ഭട്ടിനെയും ടെലിവിഷന്‍ അവതാരകയായിരുന്ന അമ്രീന്‍ ഭട്ടിനെയും കൊലപ്പെടുത്തിയ കൊടും ഭീകരന്‍ ലത്തീഫ് അഹമ്മദും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.