അമേരിക്കയിലെ എഫ്.ബി.ഐ ഓഫീസ് ആക്രമിക്കാന്‍ ശ്രമം; തീവ്ര വലതു നിലപാടുള്ള ട്രംപ് അനുകൂലി വെടിയേറ്റു മരിച്ചു

അമേരിക്കയിലെ എഫ്.ബി.ഐ ഓഫീസ് ആക്രമിക്കാന്‍ ശ്രമം; തീവ്ര വലതു നിലപാടുള്ള ട്രംപ് അനുകൂലി വെടിയേറ്റു മരിച്ചു

സിന്‍സിനാറ്റി (യുഎസ്): അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ ഓഫീസില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ആയുധധാരിയെ ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ പൊലീസ് കൊലപ്പെടുത്തി. റിക്കി ഷിഫര്‍ (42) എന്നയാളാണ് പൊലീസിന്റെ വെടിയേറ്റു മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.15-നായിരുന്നു ആക്രമണ ശ്രമമുണ്ടായത്.

സിന്‍സിനാറ്റിയിലെ എഫ്.ബി.ഐ ഓഫിസിലെ സന്ദര്‍ശകരുടെ സ്‌ക്രീനിങ് ഏരിയയില്‍ റിക്കി ഷിഫര്‍ കടന്നുകയറാന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണ ശ്രമം എഫ്.ബി.ഐ ഏജന്റുമാര്‍ തടഞ്ഞതോടെ ഇയാള്‍ സംഭവസ്ഥലത്ത് നിന്നും കാറില്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥരും ഹൈവേ പെട്രോള്‍ സംഘവും ഇയാളെ പിന്തുടര്‍ന്നു. സിന്‍സിനാറ്റിയുടെ പ്രാന്തപ്രദേശത്ത് ഒരു ചോളപ്പാടത്ത് ഒളിച്ചിരുന്ന റിക്കിയെ മണിക്കൂറുകളോളം നടന്ന ഏറ്റുമുട്ടലിനൊടുവില്‍ വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ഒഹായോ സ്റ്റേറ്റ് ഹൈവേ പട്രോള്‍ അറിയിച്ചു. പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല.

'അനുനയശ്രമങ്ങള്‍ക്ക് വിധേയനാകാതിരുന്ന അക്രമി പൊലീസിനു നേരെ തോക്ക് ചൂണ്ടിയതിനെത്തുടര്‍ന്നാണ് വെടിവച്ച് വീഴ്ത്തിയതെന്ന് ഹൈവേ പട്രോള്‍ ലഫ്റ്റനന്റ് ഡെന്നിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജനുവരി ആറിന് യു.എസിനെ പിടിച്ചുകുലുക്കിയ കാപിറ്റോള്‍ ആക്രമണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ഇയാള്‍ വാഷിങ്ടണില്‍ ഉണ്ടായിരുന്നുവെന്നും ആക്രമണം നടന്ന ദിവസം കാപിറ്റോള്‍ ബില്‍ഡിങ്ങില്‍ ഉണ്ടായിരുന്നിരിക്കാമെന്നും പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല. പ്രൗഡ് ബോയ്സ് ഉള്‍പ്പെടെയുള്ള തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായി ഷിഫറിന് ബന്ധം ഉണ്ടോയെന്ന് ഫെഡറല്‍ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു വരികയാണ്.

കാപ്പിറ്റോള്‍ ആക്രമണത്തിനു തൊട്ടുമുന്‍പ് വാഷിങ്ടണിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസയിലെ ട്രംപ് അനുകൂല പ്രകടനത്തില്‍ പങ്കെടുക്കുന്ന വിഡിയോ ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫ്‌ളോറിഡയിലെ എസ്റ്റേറ്റില്‍ റെയ്ഡ് നടന്ന് ദിവസങ്ങള്‍ക്കകമാണ് എഫ്.ബി.ഐ ഏജന്റുമാര്‍ക്കെതിരെ ആക്രമണ ശ്രമമുണ്ടായിരിക്കുന്നത്. റെയ്ഡുമായി സംഭവത്തിനു ബന്ധമുണ്ടോ എന്നത് വ്യക്തമല്ല. 2021 ജനുവരിയില്‍ ട്രംപ് സ്ഥാനമൊഴിഞ്ഞപ്പോള്‍ വൈറ്റ് ഹൗസില്‍ നിന്ന് നീക്കം ചെയ്ത രേഖകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായായിട്ടാണ് റെയ്ഡ്.

റെയ്ഡിനെ തുടര്‍ന്ന് എഫ്.ബി.ഐ ഏജന്റുമാര്‍ക്കെതിരായ ഭീഷണികള്‍ വര്‍ധിച്ചു വരികയാണ്.

കൊല്ലപ്പെട്ടയാളിന്റെ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക് ടൈംസ് റിപോര്‍ട് ചെയ്തു. സംഭവം അമേരികയില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന പ്രശ്നമായി മാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.