സിഡ്‌നി: പസഫിക് മഹാസമുദ്രത്തിലെ ദരിദ്ര ദ്വീപ് രാജ്യങ്ങളിലെ ജനങ്ങളുടെ പേരില്‍ ഓസ്‌ട്രേലിയന്‍ ബാങ്കുകളിലുള്ളത് വന്‍ തുക നിക്ഷേപം. കിരിബാത്തി, തുവാലു, ഇക്വറ്റോറിയല്‍ ഗിനിയ തുടങ്ങിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദീപ് രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങളുടെ പേരിലാണ് കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളത്. അതേസമയം, അന്റാര്‍ട്ടിക്ക പോലുള്ള ജനവാസമില്ലാത്ത രാജ്യങ്ങളില്‍നിന്നും മുന്‍പുണ്ടായിരുന്ന അക്കൗണ്ടുകള്‍ ഇക്കുറി അപ്രത്യക്ഷമായിട്ടുണ്ട്.
കിരിബാത്തിയില്‍ 33 ദ്വീപുകളില്‍ 20 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. 120,000-ല്‍ താഴെ ആളുകള്‍ മാത്രം താമസിക്കുന്ന ദ്വീപിലെ പലരുടെയും പേരില്‍ ആകെ 682 ദശലക്ഷം ഡോളറാണ് ഓസ്ട്രേലിയന്‍ ബാങ്കുകളിലുള്ളത്. ഓസ്ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ് (എടിഒ) പുറത്തുവിട്ട കണക്കുകളിലാണ് ഈ അമ്പരിപ്പിക്കുന്ന വിവരമുള്ളത്.
ഇത്തരത്തില്‍ ചെറുതും താരതമ്യേന ദരിദ്രവുമായ രാജ്യങ്ങളിലെ ജനങ്ങളുടെ പേരില്‍ കോടിക്കണക്കിന് ഡോളര്‍ കള്ളപ്പണമാണ് ഓസ്‌ട്രേലിയന്‍ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ളത്.
ഓസ്ട്രേലിയന്‍ ബാങ്ക് അക്കൗണ്ടുകളിലുള്ള 682 മില്യണ്‍ ഡോളര്‍ കിരിബാത്തിയിലെ ജനങ്ങളുടേതാണെന്ന് കണ്ടെത്തി. 2019-ല്‍ ഇത് വെറും 14 മില്യണ്‍ ഡോളറായിരുന്നു.
ഗാര്‍ഹിക വരുമാന-ചെലവ് സര്‍വേ പ്രകാരം, 2020-ല്‍ കിരിബാത്തിയിലെ ഒരു സാധാരണ കുടുംബത്തിന്റെ ശരാശരി വരുമാനം വെറും 12,000 ഓസ്‌ട്രേലിയന്‍ ഡോളറില്‍ താഴെ മാത്രമാണ്. എന്നാല്‍ കിരിബാത്തി നിവാസികളുടെ പേരില്‍ ഓസ്ട്രേലിയയിലുള്ളത് 876 ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ഒരു അക്കൗണ്ടിലെ ശരാശരി ബാലന്‍സാകട്ടെ ഏകദേശം 800,000 ഡോളറാണ്.
രാജ്യത്തെ താമസക്കാരില്‍ ഏറെയും ചെറുപ്പക്കാരാണ്. ജനസംഖ്യയുടെ ശരാശരി പ്രായം 23 വയസാണ്. ജനസംഖ്യയുടെ 35 ശതമാനം 15 വയസില്‍ താഴെയുള്ളവരാണ്.
11,792 ജനസംഖ്യയുള്ള തുവാലു എന്ന പസഫിക് ദ്വീപ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 212 അക്കൗണ്ടുകളിലായി ഓസ്ട്രേലിയയില്‍ 194 മില്യണ്‍ ഡോളര്‍ നിക്ഷേപമുണ്ട്. അതായത് ഒരു അക്കൗണ്ടില്‍ ശരാശരി 900,000 ഡോളറില്‍ കൂടുതല്‍ നിക്ഷേപം.
മധ്യ ആഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയയിലെ ജനങ്ങളുടെ പേരില്‍ 52 ബാങ്ക് അക്കൗണ്ടുകള്‍ ഓസ്‌ട്രേലിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആകെയുള്ള നിക്ഷേപം നാലു മില്യണ്‍ ഡോളറാണ്.
ബര്‍മുഡ, കേമാന്‍ ഐലന്‍ഡ്സ്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്സ് എന്നീ ദ്വീപ് സമൂഹങ്ങളില്‍ നിന്നുള്ള വ്യക്തികളുടെയും കമ്പനികളുടെയും പേരില്‍ ഓസ്ട്രേലിയയില്‍ 6.3 ബില്യണ്‍ ഡോളര്‍ അക്കൗണ്ടുകളാണുള്ളത്. ശരാശരി ഈ അക്കൗണ്ടുകളില്‍ ഓരോന്നിലും ഒരു ദശലക്ഷത്തിലധികം ഡോളര്‍ നിക്ഷേപമുണ്ട്.
കള്ളപ്പണം വെളുപ്പിക്കുന്നതും നികുതി വെട്ടിപ്പിനുമുള്ള സാധ്യതകള്‍ തടയാന്‍ ഈ റിപ്പോര്‍ട്ടുകള്‍ സഹായകമാണെന്ന് ടാക്‌സ് ജസ്റ്റിസ് നെറ്റ് വര്‍ക്കിന്റെ മാര്‍ക്ക് സിര്‍നാക് പറയുന്നു. ഓസ്ട്രേലിയയില്‍ വന്‍ തുകയുടെ ബാങ്ക് അക്കൗണ്ടുകള്‍ കൈവശം വച്ചിരിക്കുന്ന കമ്പനികള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ആളുകളെ തിരിച്ചറിയുന്ന ഒരു രജിസ്റ്റര്‍ അവതരിപ്പിക്കുമെന്ന് ലേബര്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് സ്വാഗതാര്‍ഹമാണ്. അനധികൃത സ്രോതസുകളില്‍നിന്ന് ഓസ്ട്രേലിയയിലേക്ക് മാറ്റിയ പണം പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തണമെന്നും മാര്‍ക്ക് സിര്‍നാക് പറഞ്ഞു.
അന്റാര്‍ട്ടിക്കയില്‍ നിന്നും അക്കൗണ്ട്
നോര്‍വേയുടെ കീഴിലുള്ള ജനവാസമില്ലാത്ത പ്രദേശമാണ് ബൗവെറ്റ് ദ്വീപ്. അന്റാര്‍ട്ടിക്കയില്‍നിന്ന് 1750 കിലോമീറ്റര്‍ അകലെയാണ് ഈ ദ്വീപുള്ളത്. പെന്‍ഗ്വിനുകള്‍, സീലുകള്‍ എന്നീ ജന്തുക്കള്‍ മാത്രമാണ് ഇവിടെ വസിക്കുന്നത്. ഭൂമിയിലെ ഏറ്റവും വിദൂരമായി കണക്കാക്കപ്പെടുന്ന ദ്വീപിലെ അദൃശ്യരായ താമസക്കാരുടെ പേരില്‍ പോലും ഒരു ഡസന്‍ ഓസ്ട്രേലിയന്‍ ബാങ്ക് അക്കൗണ്ടുകള്‍ മുന്‍പുണ്ടായിരുന്നു. എന്നാല്‍ പുതിയ കണക്കുകളില്‍ ഈ അക്കൗണ്ടുകള്‍ അപ്രത്യക്ഷമാണ്.
ഹേര്‍ഡ് ദ്വീപ്, മക്‌ഡൊണാള്‍ഡ് ദ്വീപ് എന്നീ ജനവാസമില്ലാത്ത ദ്വീപുകളില്‍ നിന്നുള്ള അക്കൗണ്ടുകളും അപ്രത്യക്ഷമായതായി ഡാറ്റ കാണിക്കുന്നു.
ബൗവെറ്റ് ദ്വീപ്
അതേസമയം, ഓസ്ട്രേലിയന്‍ ധനകാര്യ സ്ഥാപനങ്ങളിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നുമാണുള്ളത്. യു.എസ് കമ്പനികളും വ്യക്തികളും 588,000 അക്കൗണ്ടുകളിലായി 33 ബില്യണ്‍ ഡോളര്‍ നിക്ഷേം സൂക്ഷിച്ചിട്ടുണ്ട്.
ചൈനക്കാരുടെ ഒരു ദശലക്ഷത്തിലധികം അക്കൗണ്ടുകളിലായി 30 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ട്. 341,000-ലധികം അക്കൗണ്ടുകളിലായി 15 ബില്യണ്‍ ഡോളര്‍ നിക്ഷേപമുള്ള ഹോങ്കോങ്ങാണ് തൊട്ടുപിന്നിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.