ബിഹാറില്‍ സഖ്യസര്‍ക്കാരിലേക്ക് ഇടതു പാര്‍ട്ടികള്‍ക്ക് ക്ഷണം; പുറത്തു നിന്നുള്ള പിന്തുണ മാത്രമെന്ന് സിപിഎം

ബിഹാറില്‍ സഖ്യസര്‍ക്കാരിലേക്ക് ഇടതു പാര്‍ട്ടികള്‍ക്ക് ക്ഷണം; പുറത്തു നിന്നുള്ള പിന്തുണ മാത്രമെന്ന് സിപിഎം

പാട്‌ന: ജെഡിയു-ആര്‍ജെഡി സഖ്യ സര്‍ക്കാരില്‍ പങ്കാളികളാകാന്‍ ഇടതു പാര്‍ട്ടികളെ ക്ഷണിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഈ മാസം 16 നാണ് മഹാസഖ്യ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം നടക്കുക. എന്നാല്‍ മന്ത്രിസഭയില്‍ ചേരാനില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്.

മന്ത്രിസഭയെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് അവരുടെ തീരുമാനം. രണ്ട് എംഎല്‍എമാരാണ് സിപിഎമ്മിന് സംസ്ഥാനത്തുള്ളത്. സിപിഐയ്ക്കും സമാന നിലപാടാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബിജെപി കൈകാര്യം ചെയ്തിരുന്ന ചില വകുപ്പുകള്‍ ആര്‍ജെഡിക്ക് നല്‍കാന്‍ ധാരണായായിരുന്നു.

18 മന്ത്രിസ്ഥാനങ്ങളാണ് ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഈ മാസം ഒമ്പതിനാണ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. പിന്നീട് മഹാസഖ്യത്തിന്റെ ഭാഗമായി ബുധനാഴ്ച്ച വീണ്ടും അധികാരമേല്‍ക്കുകയായിരുന്നു. മഹാസഖ്യ സര്‍ക്കാരില്‍ ഇതുവരെ അധികാരമേറ്റത് മുഖ്യമന്ത്രിയായ നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും മാത്രമാണ്.

കോണ്‍ഗ്രസ് അംഗങ്ങളും മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് തേജസ്വി യാദവ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനു വേണ്ടിയാണ് മുന്‍കാല ദുരനുഭവങ്ങള്‍ മറന്ന് നിതീഷിനൊപ്പം കൂടിയതെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.