സെറ്റിഞ്ചെ: തെക്ക് കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോണ്ടിനെഗ്രോയില്‍ കുടുംബ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു. അക്രമിയെ ഒരു പ്രദേശവാസി വെടിവച്ച് കൊന്നു.
മോണ്ടിനെഗ്രോയുടെ തലസ്ഥാനമായ പോഡ്ഗോറികയ്ക്ക് 36 കിലോമീറ്റര്‍ അകലെ സെറ്റിഞ്ചെ മേഖലയിലാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നരയോടെയാണ് ആക്രമണം നടന്നത്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം 34 വയസുള്ള അക്രമി തെരുവിലേക്ക് ഇറങ്ങി മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നു. മൃഗവേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കുകൊണ്ടായിരുന്നു ആക്രമണം.
എട്ടും പതിനൊന്നും വയസുള്ള രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്.
സ്വന്തം കുടുംബത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേരെയായിരുന്നു ഇയാള്‍ കൊലപ്പെടുത്തിയത്. പ്രദേശവാസികളായ ഒന്‍പത് പേരും ഇയാളുടെ തോക്കിനിരയായി. പരിക്കേറ്റ ആറ് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ചികിത്സയില്‍ കഴിയുന്നവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമിയെ ഒരു പ്രദേശവാസി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി ഡ്രിതന്‍ അബാസോവിച്ച് അനുശോചനം അറിയിച്ചു. ആക്രമണം വലിയ ഞെട്ടല്‍ ഉളവാക്കിയതായി അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. ഈ നിമിഷത്തില്‍ എല്ലാവരും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെതുടര്‍ന്ന് മോണ്ടിനെഗ്രോ പ്രധാനമന്ത്രി മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.