ട്രംപിന്റെ ശൈത്യകാല വസതിയില്‍ നിന്ന് പിടിച്ചെടുത്തത് രാജ്യ സുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ രേഖകളെന്ന് റിപ്പോര്‍ട്ട്

ട്രംപിന്റെ ശൈത്യകാല വസതിയില്‍ നിന്ന് പിടിച്ചെടുത്തത് രാജ്യ സുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ രേഖകളെന്ന് റിപ്പോര്‍ട്ട്

ഫ്‌ളോറിഡ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫ്‌ളോറിഡയിലെ ശൈത്യകാല വസതിയില്‍ വ്യായാഴ്ച ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) നടത്തിയ റെയ്ഡിനിടെ 'അതീവ രഹസ്യ' സ്വഭാവമുള്ള രേഖകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. രാജ്യ സുരക്ഷയെ ബാധിക്കുന്ന രേഖകള്‍ വരെ കണ്ടെടുത്തവയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

ആണവായുധം സംബന്ധിച്ച രേഖകള്‍ ട്രംപിന്റെ കൈവശമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസിഡന്റ് ആയിരുന്ന കാലത്ത് സമാന്തര ഭരണസിരാകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന പാം ബീച്ചിലെ മാര്‍-എ-ലാഗോയില്‍ വസതിയില്‍ റെയ്ഡ് നടത്തിയത്. കണ്ടെടുത്ത രേഖകളുടെ വിവരങ്ങള്‍ വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് പരസ്യമാക്കിയെങ്കിലും ആണവായുധം സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടില്‍ ഇല്ല. 

പ്രതിരോധ, രാജ്യരക്ഷ മേഖലകളുമായി ബന്ധപ്പെട്ട 11 സെറ്റ് രഹസ്യരേഖകള്‍ക്ക് പുറമേ ഫ്രഞ്ച് പ്രസിഡന്റിനെ പരാമര്‍ശിക്കുന്ന അവ്യക്തമായ കുറിപ്പ്, ട്രംപിന്റെ സംഖ്യകക്ഷികളായ റോജര്‍ സ്‌റ്റോണിന് വേണ്ടി എഴുതിയ ഒരു ദയാഹര്‍ജി, ഫോട്ടോകളുടെ ഒരു കെട്ട്, ഒരു കൈയെഴുത്ത് കുറുപ്പ് എന്നിവയാണ് അതീവ രഹസ്യ സ്വഭാവമുള്ളത് എന്ന നിലയില്‍ എഫ്ബിഐ പ്രസിദ്ധപ്പെടുത്തിയത്. രേഖകള്‍ ഇനം തിരിച്ച 20 പെട്ടികളിലാക്കി സീല്‍ ചെയ്തു. 

ദേശീയ സുരക്ഷാ വിവരങ്ങള്‍ സൂക്ഷിക്കുന്നതും കൈമാറുന്നതും നിയമവിരുദ്ധമാക്കുന്ന ചാരവൃത്തി നിയമത്തിന്റെ ലംഘനങ്ങള്‍ ഉള്‍പ്പെട്ട കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുന്നതായാണ് എഫ്ബിഐ. കുറ്റം തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. 

അതേസമയം താന്‍ നിരപരാധിയാണെന്ന പ്രതികരണവുമായി ട്രംപ് രംഗത്തെത്തി. ആണവായുധങ്ങളുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ വ്യാജമാണെന്ന് ട്രംപ് ആരോപിച്ചു. റഷ്യയുമായുള്ള തന്റെ ബന്ധത്തെപ്പറ്റി റോബര്‍ട്ട് മുള്ളര്‍ പ്രചരിപ്പിച്ച വാര്‍ത്തപോലെ ഇതും ഒരു തട്ടിപ്പാണ് എന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

വീട്ടില്‍ പരിശോധന നടത്തിയ നിയമപാലകരെ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. തങ്ങളുടെ അഭിഭാഷകരുടെയും മറ്റുള്ളവരുടെയും സാന്നിധ്യത്തില്‍ പരിശോധന നടത്താന്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് മടിക്കുന്നുവെന്ന് ട്രംപ് ചോദിച്ചു. ഫ്ളോറിഡയിലെ തന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ എഫ്ബിഐ ഏജന്റുമാര്‍ ഉപയോഗിച്ച സെര്‍ച്ച് വാറണ്ട് പുറത്തുവിടാനും ട്രംപ് ആവശ്യപ്പെട്ടു.

കൂടുതൽ വായിക്കാൻ

https://cnewslive.com/news/33035/fbi-searches-donald-trumps-mar-a-lago-home-al


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.