മാര്‍പ്പാപ്പയുമായി ഫോണില്‍ സംസാരിച്ച് സെലന്‍സ്‌കി; പ്രാര്‍ത്ഥനയ്ക്ക് നന്ദി പറഞ്ഞു

മാര്‍പ്പാപ്പയുമായി ഫോണില്‍ സംസാരിച്ച് സെലന്‍സ്‌കി; പ്രാര്‍ത്ഥനയ്ക്ക് നന്ദി പറഞ്ഞു

കീവ്: ഉക്രെയ്ന്‍-റഷ്യ യുദ്ധ പശ്ചാത്തലത്തില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഫോണില്‍ സംസാരിച്ചു. യുദ്ധം തുടര്‍ന്നതിന് ശേഷം രണ്ടാം തവണയാണ് മാര്‍പ്പാപ്പ ഉക്രെയ്ന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിക്കുന്നത്. രാജ്യത്തിന് നല്കിയ പിന്തുണയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും സെലന്‍സ്‌കി മാര്‍പ്പാപ്പയോട് നന്ദി പറഞ്ഞു.

ഫോണ്‍ സംഭാഷണ വിവരങ്ങള്‍ സെലന്‍സ്‌കി തന്നെയാണ് പുറത്തുവിട്ടത്. യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന ഉക്രെയ്‌നിയന്‍ ജനങ്ങള്‍ക്ക് മാര്‍പ്പാപ്പ ഐക്യദാര്‍ഢ്യം നല്‍കിയതായും സെലന്‍സ്‌കി പറഞ്ഞു. ഫെബ്രുവരി 24 ന് യുദ്ധം ആരംഭിച്ച ശേഷം ഉക്രെയ്‌നിയന്‍ ജനത അനുഭവിക്കുന്ന ഭീകരതയെക്കുറിച്ച് സെലന്‍സ്‌കി മാര്‍പ്പാപ്പയെ ധരിപ്പിച്ചു. ഉക്രെയ്നിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആത്മീയ നേതാക്കളുടെ പിന്തുണ ആവശ്യമാണെന്നും സെലന്‍സ്‌കി പറഞ്ഞു.

മാര്‍പ്പാപ്പയുമായുള്ള സെലെന്‍സ്‌കിയുടെ ഫോണ്‍ സംഭാഷണം ഉക്രെയ്‌നിലെ വത്തിക്കാന്‍ പ്രതിനിധി ആന്‍ഡ്രി യുറാഷും സ്ഥിരീകരിച്ചു. ഉക്രെയ്ന്‍ ഭരണകൂടവും സമൂഹവും മാര്‍പ്പാപ്പയെ അഭിവാദ്യം ചെയ്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധം തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് മാര്‍പ്പാപ്പയുമായി സെലന്‍സ്‌കി ഫോണില്‍ സംസാരിക്കുന്നത്. യുദ്ധം ആരംഭിച്ച് രണ്ടാം ദിവസമായ ഫെബ്രുവരി 26 ന് ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. മാര്‍ച്ച് 22 ന് ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ സംസാരിച്ച സെലെന്‍സ്‌കി ഇക്കാര്യം സ്ഥിരീകരിച്ചു. 'വളരെ പ്രധാനപ്പെട്ട വാക്കുകള്‍' മാര്‍പ്പാപ്പ പറഞ്ഞതെന്ന് സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.