മാർ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്

മാർ ജോയ്  ആലപ്പാട്ടിന്റെ സ്ഥാനാരോഹണം   ഒക്ടോബർ ഒന്നിന്

ചിക്കാഗോ: ഒക്ടോബർ ഒന്നിന് ചിക്കാഗോ രൂപതയുടെ മെത്രാനായി മാർ ജോയ് ആലപ്പാട്ട് അഭിഷിക്തനാകും. ഇന്ത്യക്ക് പുറത്തുള്ള ആദ്യ സീറോ മലബാർ രൂപതയായ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രനായാണ് മാർ ജോയ് ആലപ്പാട്ടിന്റെ നിയമനം. ചിക്കാഗോയിലെ ബെൽവുഡിലുള്ള മാർതോമ്മാ ശ്ലീഹാ കത്തീഡ്രലിൽ വെച്ചായിരിക്കും സ്ഥാനാരോഹണ ചടങ്ങുകൾ നടത്തപ്പെടുക. ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾക്ക് രൂപം കൊടുത്തു കഴിഞ്ഞു.

സീറോ മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മെത്രാൻമാരും വൈദികരും അൽമായരും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ഇക്കാലമത്രയും ചിക്കാഗോ രൂപതയെ നയിച്ച മാർ ജേക്കബ് അങ്ങാടിയത്തിനെ തദവസരത്തിൽ പ്രത്യേകം ആദരിക്കുന്നതുമായിരിക്കും. 

കാനോൻ നിയമമനുസരിച്ച് മാർ ജേക്കബ്ബ് അങ്ങാടിയത്ത് തന്റെ 75-മത്തെ വയസിൽ മാർപ്പാപ്പയ്ക്ക് രാജി സമർപ്പിക്കുകയും മാർപ്പാപ്പ ബിഷപ്പിന്റെ രാജി സ്വീകരിക്കുകയും ചെയ്തതിനെ തുടർന്നാണ്  മാർ ജോയ് ആലപ്പാട്ട് ചിക്കാഗോ രുപതയുടെ അടുത്ത മെത്രാനായി നിയുക്തനായത്. ജൂലൈ മൂന്നിന് നിയമന ഉത്തരവ് ചിക്കാഗോ രൂപതയിലും സിറോ മലബാർ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും വത്തിക്കാനിലും വായിക്കുകയുണ്ടായി.

2001ൽ ജോൺ പോൾ രണ്ടമാൻ മാർപ്പാപ്പയാണ് ചിക്കാഗോ രുപതയ്ക്ക് അംഗീകാരം നൽകിയത്.
ടെക്സസിലെ ഡാളസിൽ ആരംഭിച്ച സെന്റ് തോമസ് സിറോ മലബാർ ഇടവകയാണ് ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ സിറോ മലബാർ ഇടവക. രൂപതയുടെ ആദ്യത്തെ ബിഷപ്പായ മാർ ജേക്കബ് അങ്ങാടിയത്താണ് ഇടവകയുടെ രൂപീകരണം സാധ്യമാക്കിയത്. ആത്മീയമായും ഭൗതീകമായും വളർച്ചയുടെ പടവുകൾ കയറിയ ചിക്കാഗോ രുപത, ആഗോള സിറോ മലബാർ സഭക്ക് അഭിമാനം തന്നെയാണ്.

2014 മുതൽ മാർ ജോയ് ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ സഹായ മെത്രാനായി ശുശ്രൂഷ ചെയ്യുന്നു. പിതാവിന്റെ നർമം കലർന്ന പ്രഭാഷണങ്ങളും, കഠിനാധ്വാനവും, ലളിത ജീവിതവും, പ്രാർത്ഥനാ ശൈലിയും എടുത്തു പറയേണ്ടതാണ്.

ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകയിൽ 1956 സെപ്റ്റംബർ 27-നാണ് മാർ ആലപ്പാട്ടിന്റെ ജനനം. വൈദിക പഠനം ഇരിങ്ങാലക്കുട മൈനർ സെമിനാരിയിലും, വടവാതുർ സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നിന്നുമായി പൂർത്തികരിച്ചു. 1981 ഡിസംബർ 31ാം തിയതി മാർ ജെയിംസ് പഴയാറ്റിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. 1993ൽ അമേരിക്കയിൽ ശുശ്രൂഷ ആരംഭിക്കുന്നതിന് മുൻപായി, ഇരിങ്ങാലക്കുട രുപതയിലും, ചൈന്നെ മിഷനിലും സേവനമനുഷ്ഠിച്ചു.

സ്ഥാനാരോഹണ ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്. വികാരി ജനറാൾമാരായ ഫാ തോമസ് കടുകപ്പിള്ളിയും ഫാ തോമസ് മുളവനാലും ജനറൽ കൺവീനർമാരും, ജോസ് ചാമക്കാല ജനറൽ കോർഡിനേറ്ററും, ബ്രയൻ കുഞ്ചറിയായും ഡീന പൂത്തൻപുരക്കലും യൂത്ത് കോർഡിനേറ്റർമാരുമാണ്. മാർ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.