ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തി; ആശങ്കയോടെ ഇന്ത്യ

ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തി; ആശങ്കയോടെ ഇന്ത്യ

കൊളംബോ: ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ യുവാന്‍ വാങ് 5 എന്ന കപ്പലാണ് ചൊവ്വാഴ്ച രാവിലെ ഹംബന്‍തോട്ട തുറമുഖത്തെത്തിയത്. കപ്പലിന്റെ വരവില്‍ ഇന്ത്യയ്ക്കു പുറമെ യുഎസും ആശങ്ക അറിയിച്ചിരുന്നു.

പ്രാദേശിക സമയം 8.30 ഓടെ തുറമുഖത്ത് എത്തിയ കപ്പല്‍ ഈ മാസം 22 വരെ ശ്രീലങ്കന്‍ തുറമുഖത്തുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഈ മാസം 11 ന് എത്തേണ്ടതായിരുന്നു കപ്പല്‍. ആദ്യഘട്ടത്തില്‍ ശ്രീലങ്ക അനുമതി നിഷേധിച്ചതോടെയാണ് വൈകിയത്.

എന്തുകൊണ്ട് അനുമതി നല്‍കരുതെന്ന ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നും അതുകൊണ്ടാണ് അനുമതി നല്‍കാനുള്ള നടപടികളുമായി മുന്നോട്ടു പോയതെന്നും ശ്രീലങ്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. അതേസമയം, ചൈനീസ് കപ്പലിന് അനുമതി നല്‍കിയതിനെതിരേ ലങ്കയിലും പ്രതിഷേധം ഉയരുന്നുണ്ട്.

കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകള്‍ പിടിച്ചെടുത്തു വിശകലനം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാന്‍ വാങ് 5. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഉപഗ്രഹ സിഗ്നലുകളുടെ നിരീക്ഷണത്തിനാണ് കപ്പലെത്തിയിരിക്കുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

750 കിലോമീറ്റര്‍ ആകാശ പരിധിയിലെ മുഴുവന്‍ സിഗ്നലുകളും പിടിച്ചെടുക്കാന്‍ ചാരക്കപ്പലിനു കഴിയുമെന്നതിനാല്‍ കൂടംകുളം, കല്‍പാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ചോരുമോയെന്ന ആശങ്കയിലാണു സുരക്ഷാ ഏജന്‍സികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.