സമരക്കടലായി വിഴിഞ്ഞം തുറമുഖം: മുട്ടത്തറയിലെ പതിനേഴര ഏക്കര്‍ മത്സ്യത്തൊഴിലാളികളുടെ ഭവന പദ്ധതിക്കായി വിട്ടു നല്‍കാമെന്ന് സര്‍ക്കാര്‍

സമരക്കടലായി വിഴിഞ്ഞം തുറമുഖം:  മുട്ടത്തറയിലെ പതിനേഴര ഏക്കര്‍ മത്സ്യത്തൊഴിലാളികളുടെ  ഭവന പദ്ധതിക്കായി വിട്ടു നല്‍കാമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍. പ്രതിഷേധത്തിന്റെ ഭാഗമായി തുറമുഖത്തിന്റെ പ്രധാന കവാടം മത്സ്യത്തൊഴിലാളികള്‍ ഉപരോധിച്ചു.

നേരത്തെ മൂന്ന് തവണ സമരം നടത്തിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഇന്ന് നാലാംഘട്ട സമരത്തിലേക്ക് മത്സ്യത്തൊഴിലാളികള്‍ കടന്നത്.

പുനരധിവാസം ഉള്‍പ്പടെ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ നടപടി ഉണ്ടായെങ്കില്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കുട്ടികളും സ്ത്രീകളും അടക്കം നൂറ് കണക്കിനാളുകളാണ് സമരത്തില്‍ പങ്കെടുത്തത്.

സമരം കൂടുതല്‍ ശക്തമായതോടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഫിഷറീസ്, തുറമുഖം, മൃഗ സംരക്ഷണം എന്നീ വകുപ്പുകളുടെ മന്ത്രിമാരടക്കം ആറ് മന്ത്രിമാര്‍ അടങ്ങിയ മന്ത്രിസഭ ഉപസമിതി ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കും. മുട്ടത്തറയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പതിനേഴര ഏക്കര്‍ ഭൂമി മത്സ്യത്തൊഴിലാളികളുടെ ഭവന പദ്ധതിക്കായി വിട്ടു നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് തീര സംരക്ഷണ സമിതി വ്യക്തമാക്കി. ചര്‍ച്ച സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. സമര മാര്‍ഗങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരസംരക്ഷണ സമിതിയുടെ തീരുമാനം.

തുറമുഖത്തിന്റെ നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ച് കരയിലും കടലിലും ഉണ്ടാകുന്ന ആഘാതങ്ങള്‍ പഠിക്കണമെന്നാണ് സമര സമിതിയുടെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ ചര്‍ച്ച നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കറുത്ത കൊടി ഉയര്‍ത്തി. പിന്നീട് തുറമുഖത്തേക്ക് കരിങ്കൊടി കുത്തിയ ബൈക്ക് റാലി നടത്തി.

മത്സ്യത്തൊഴിലാളികളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാണെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ യൂജിന്‍ പെരേര പറഞ്ഞു. ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്നതിനെതിരെയാണ് തീരവാസികളുടെ അതിജീവന പോരാട്ടം. കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികള്‍ എന്നൊക്കെയാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഒന്നും ചെയ്തില്ല. വലിയ തുറയിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. തുറമുഖ കമ്പനിയുമായി സര്‍ക്കാരും പ്രതിപക്ഷവുമൊക്കെ പുറത്തു പറയാന്‍ പറ്റാത്ത രീതിയിലുള്ള ഇടപെടലുകളാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതേ ആവശ്യമുന്നയിച്ച് ഓഗസ്റ്റ് പത്തിന് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ നൂറ് കണക്കിന് മത്സ്യത്തൊഴിലാളികള്‍ പങ്കെടുത്തിരുന്നു. പ്രശ്ന പരിഹാരമുണ്ടാകാത്തതോടെയാണ് സമരം വിഴിഞ്ഞം തുറമുഖ പ്രദേശത്തേക്ക് വ്യാപിപ്പിച്ചത്. കരയിലും കടലിലും മത്സ്യത്തൊഴിലാളികളെ അണിനിരത്തി അനിശ്ചിതകാല ഉപരോധ സമരത്തിനാണ് അതിരൂപത അധികൃതരുടെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.