താലിബാന്റെ ഭരണകൂട ഭീകരതയില്‍ നട്ടം തിരിഞ്ഞ് ജനങ്ങള്‍; അഫ്ഗാന്‍ ക്രൈസ്തവരുടെ അവസ്ഥ ഏറെ ദയനീയം

താലിബാന്റെ ഭരണകൂട ഭീകരതയില്‍ നട്ടം തിരിഞ്ഞ് ജനങ്ങള്‍; അഫ്ഗാന്‍ ക്രൈസ്തവരുടെ അവസ്ഥ ഏറെ ദയനീയം

കാബൂള്‍: നീതി രഹിതമായ കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കി ഒരു ജനതയെ മുഴുവന്‍ ക്രൂശിക്കുകയാണ് താലിബാന്‍. 2021 ആഗസ്റ്റ് 15 നാണ് അവര്‍ അഫ്ഗാനില്‍ ഭരണം പിടിയ്ക്കുന്നത്. താലിബാന്‍ ഭരണം ഒരു വര്‍ഷം തികയുമ്പോള്‍ കണ്ണീരിന്റെയും പട്ടിണിയുടെയും പലായനത്തിന്റെയും ഇരുള്‍ മൂടിയ ദിനങ്ങളാണ് കടന്നു പോകുന്നത്.

തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, റോഡുകള്‍, തെരുവിലും വീടുകളിലും ക്രൂരമായി കൊലചെയ്യപ്പെട്ട മനുഷ്യര്‍... എല്ലാം അഫ്ഗാന്‍ ജനതയുടെ നീറുന്ന ഓര്‍മകളാണ്. കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ജനങ്ങള്‍ ജീവിക്കാനായി നിലവിളിക്കുകയാണ്.

എന്നാല്‍ താലിബാന്‍ ഭരണത്തില്‍ ഏറ്റവുമധികം യാതന അനുഭവിക്കുന്നത് അവിടെ വെറും ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹമാണ്. കര്‍ശനമായ ഇസ്ലാമിക നിയമം താലിബാന്‍ സ്ഥാപനവല്‍ക്കരിച്ചതോടെ മതപരമായ വൈവിധ്യം ഇല്ലാതായി. എല്ലാ അഫ്ഗാന്‍ ക്രിസ്ത്യാനികളും ഇസ്ലാമിക പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. അവര്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കാണ് ഇരയാകുന്നത്.

കാരണം ഇസ്ലാമില്‍ നിന്ന് അകന്നു പോകുന്നത് ശരിഅത്ത് നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. പല ക്രിസ്ത്യാനികളും ഇസ്ലാമില്‍ നിന്നു മാറി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണ്. ഇവര്‍ പലപ്പോഴും താലിബാന്റെ പീഡനം ഭയന്ന് ഒളിച്ചു കഴിയേണ്ട അവസ്ഥയിലാണ്. അതിനാല്‍ തന്നെ മാനുഷികമായ സഹായങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നില്ല.

താലിബാന്റെ ഭരണകൂട ഭീകരതയില്‍ നിന്നും രക്ഷപെടാന്‍ പാക്കിസ്ഥാന്‍, ഇറാന്‍, തുര്‍ക്കി തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി പോകുന്ന അഫ്ഗാന്‍ ക്രൈസ്തവരുമുണ്ട്. എന്നാല്‍ മറ്റൊരു രാജ്യത്തേക്കുള്ള കുടിയേറ്റം പോലും അഫ്ഗാന്‍ ക്രൈസ്തവരെ മതപരമായ വിവേചനത്തില്‍ നിന്നും അക്രമത്തില്‍ നിന്നും സംരക്ഷിക്കുന്നില്ലെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ വെളിപ്പെടുത്തുന്നു. കാരണം ഈ രാജ്യങ്ങളെല്ലാം ക്രൈസ്തവ പീഡനങ്ങളില്‍ മുന്‍ നിരയിലാണ്.

ഇതിനിടെ അഫ്ഗാനിസ്ഥാന്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മോശം മാനുഷിക അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് ഐക്യരാഷ്ട്ര സഭ അഭിപ്രായപ്പെട്ടു. ആശുപത്രികളില്‍ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് പോളിയോ നല്‍കാന്‍ തയ്യാറാകാത്തത് മൂലം നിരവധി കുഞ്ഞുങ്ങള്‍ മരണപ്പെടുകയും വൈകല്യങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മാസം മൂസ ഖല ജില്ലയില്‍ കോളറ ബാധിച്ചവരെ ഒരു സ്ഥലത്തു അടച്ചു പൂട്ടിയിടുന്ന സാഹചര്യം ഉണ്ടായി. ഓരോ ദിവസം കഴിയുന്തോറും കോളറ രോഗികളുടെ എണ്ണം അഫ്ഗാനില്‍ പെരുകി വരികയാണ്

പ്രസവം കഴഞ്ഞ സ്ത്രീകളില്‍ കുത്തിവെക്കുന്നതിനായി തുരുമ്പിച്ച സിറിഞ്ചാണ് ഉപയോഗിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെ ജനങ്ങള്‍ ആശുപത്രി അധികൃതരെ ആക്രമിക്കുകയും തുടര്‍ന്ന് ചില ആശുപത്രികള്‍ അടച്ച് പൂട്ടിക്കുകയും ചെയ്തു. രാജ്യത്തെ ആശുപത്രികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള യാതൊരു സംവിധാനങ്ങളും താലിബാന്‍ നല്‍കുന്നില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

പോഷകാഹാരമുള്ള ഭക്ഷണം ലഭിക്കാത്തത് മൂലം നിരവധി പട്ടിണി മരണങ്ങളും കടുത്ത ദാരിദ്ര്യവുമാണ് മറ്റൊരു വലിയ പ്രതിസന്ധി. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ ഏകദേശം 35 ദശലക്ഷം ജനങ്ങളാണ് ദുരിതത്തിലായത്. ലോക രാജ്യങ്ങള്‍ അഫ്ഗാനിലെ വ്യാപാര സംരംഭങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുകയും നിക്ഷേപം നിര്‍ത്തലാക്കുകയും ചെയ്തു. ഇതെല്ലാം താലിബാന് ഭരണത്തിരിച്ചടിയായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.