മലപ്പുറം: സ്‌കൂള്‍ കുട്ടികളുടെ സ്വാതന്ത്ര്യ ദിനാഘോഷ റാലിയില്‍ വി.ഡി സവർക്കറെ ഉൾപ്പെടുത്തിയതിന് എതിരെ പ്രതിഷേധം. യൂത്ത് കോൺഗ്രസും, എസ് ഡി പി ഐ യും, യൂത്ത് ലീഗുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
അരീക്കോട് കീഴുപറമ്പ് ജി.വി.എച്ച്.എസിൻ്റെ സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷം ധരിപ്പിച്ച് കുട്ടികളെ ഒരുക്കിയ റാലിയിൽ വി ഡി സവർക്കറെ കൂടി ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് കാരണം. ചുമതലയുള്ള അധ്യാപകനോട് വിശദീകരണം തേടിയതായി സ്കൂൾ അധികൃതർ പറഞ്ഞു.
സവർക്കറുടെ പേരെഴുതിയ ബോർഡ് ശരീരത്തിൽ തൂക്കി ഡ്രസിംങ്ങ് റൂമിൽ നിന്നും പുറത്തിറങ്ങിയ വിദ്യാർത്ഥിയെ കണ്ട ഒരു അധ്യാപകൻ പേര് മാറ്റിയെങ്കിലും അതേ വേഷ വിധാനത്തിൽ തന്നെ കുട്ടി മുഴുവൻ റാലിയിലും പങ്കെടുക്കുകയായിരുന്നു. വൈകിട്ടോടെ ഒരു രക്ഷിതാവിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റാടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഇതോടെ സ്കൂളിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനവുമായി എത്തി. യൂത്ത് കോൺഗ്രസും എസ്.ഡി.പി.ഐയും വിഷയത്തിൽ പ്രതിഷേധിച്ചു. അധ്യാപകനെതിരെ നടപടി വേണമെന്നാണ് ആവശ്യം.
എഴുപത് സ്വതന്ത്ര്യ സമര സേനാനികളെ അണിനിരത്തിയായിരുന്നു റാലി. എന്നാല്‍ നേരത്തെ നിശ്ചയിച്ച സ്വാതന്ത്ര്യ സമര നേതാക്കളുടെ പട്ടികയിൽ സവർക്കറെ ഉൾപ്പെടുത്തിയിരുന്നില്ല എന്നും ഇതിൻ്റെ ചുമതലയുള്ള അധ്യാപകൻ്റെ വീഴ്ചയാണ് വിവാദങ്ങൾക്ക് കാരണം എന്നും പിടിഎ നേതൃത്വം വിശദമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.