പണമില്ലെന്ന് കെ.എസ്.ആര്‍.ടിസി; ആസ്തികള്‍ വിറ്റോ പണയപ്പെടുത്തിയോ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി

 പണമില്ലെന്ന് കെ.എസ്.ആര്‍.ടിസി;  ആസ്തികള്‍ വിറ്റോ പണയപ്പെടുത്തിയോ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ശമ്പളം നല്‍കാന്‍ പണമില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച കെ.എസ്.ആര്‍.ടി.സിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പണം കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്നും പ്രശ്‌ന പരിഹാരത്തിന് യൂണിയനുകളുമായി ചര്‍ച്ച നടക്കുകയാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിക്കൂവെന്ന് പറഞ്ഞ ഹൈക്കോടതി, കെ.എസ്.ആര്‍.ടി.സിയുടെ ആസ്തികള്‍ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണമെന്ന് നിര്‍ദേശിച്ചു.

അഞ്ചാം തിയതിക്കുള്ളില്‍  ശമ്പളം നല്‍കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ശമ്പളം നല്‍കാതിരുന്നത് ചോദ്യ ചെയ്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും.

കൈയില്‍ പണമില്ല, അതുകൊണ്ട് ശമ്പളം നല്‍കാന്‍ കഴിയുന്നില്ലെന്നതാണ് തങ്ങളുടെ അവസ്ഥ എന്നാണ് കെ.എസ്.ആര്‍.ടി.സി അറിയിച്ചത്. നിലവിലെ പ്രതിസന്ധി യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് വരികയാണെന്നും കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കടുത്ത അതൃപ്തിയാണ് കോടതി ഇക്കാര്യങ്ങളില്‍ രേഖപ്പെടുത്തിയത്. ആദ്യം നിങ്ങള്‍ ശമ്പളം നല്‍കൂവെന്നും അല്ലാതെ എങ്ങനെയാണ് അവരെ കൊണ്ട് ജോലി ചെയ്യിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. സര്‍ക്കാരിന്റെ സഹായത്തോടെ മാത്രമേ കെ.എസ്.ആര്‍.ടി.സിക്ക് ഇനി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.

കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. 90 ശതമാനം തൊഴിലാളികള്‍ക്കും ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പള കാര്യത്തില്‍ ഹൈക്കോടതിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ആവാത്ത മാനേജ്‌മെന്റിനേയും സര്‍ക്കാരിനെയും കടുത്ത ഭാഷയില്‍ കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

ജൂലൈ മാസത്തെ ശമ്പളം നല്‍കാനായി 10 ദിവസം കൂടി സാവകാശം വേണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കെ.എസ്.ആര്‍.ടി.സി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.   അതും പാലിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഇന്നത്തെ രൂക്ഷ വിമര്‍ശനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.